കൂട്ടപ്പിരിച്ചുവിടലിനും കൂട്ടരാജിക്കും പിന്നാലെ ട്വിറ്ററിന്റെ ശവക്കല്ലറ മീം പങ്കുവെച്ച് ഇലോൺ മസ്ക്ക്


ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ആപ്പിലെ മാറ്റങ്ങളും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ RIP ട്വിറ്റര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. പിന്നാലെ ഇലോണ്‍ മസ്‌ക് പങ്കുവച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടേറിയ ചര്‍ച്ചാ വിഷയം.

ട്വിറ്ററിന്റെ ശവക്കല്ലറ എന്ന് സൂചിപ്പിക്കുന്ന ഒരു മീമും കറുത്ത പൈറേറ്റ് കൊടിയുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ മസ്‌ക് ഇനി അടുത്തതായി എന്തിനുള്ള പുറപ്പാടാണെന്ന് ശങ്കിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍. മരണമെന്നോ അപകടമെന്നോ ആണ് കറുത്ത പൈറേറ്റ് കൊടിയുടെ അര്‍ത്ഥം. ട്വിറ്റര്‍ മരിക്കുന്നുവെന്നോ, ട്വിറ്റര്‍ മരിച്ചെന്നോ, ട്വിറ്ററിനെ കൊല്ലുമെന്നോ സൂചിപ്പിക്കുന്ന ഈ ട്വീറ്റുകള്‍ മസ്‌കിന് തമാശയായിരിക്കാമെങ്കിലും മറ്റ് നിക്ഷേപകര്‍ക്ക് അങ്ങനെയായിരിക്കില്ലെന്നും പല ഉപയോക്താക്കളും സൂചിപ്പിക്കുന്നുണ്ട്.

എന്താണ് നിങ്ങള്‍ കളിക്കാനുദ്ദേശിക്കുന്ന കളിയെന്നാണ് മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായി പലരും ചോദിക്കുന്നത്. രാജിവച്ച് പോകാതെയും പിരിച്ചിവിടാതെയും ട്വിറ്ററില്‍ അവശേഷിക്കുന്ന ജീവനക്കാര്‍ വളരെ മികച്ചവരായതിനാല്‍ ട്വിറ്റര്‍ കുറേക്കാലം കൂടി നിലനില്‍ക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും ട്വിറ്ററിന്റെ അന്ത്യത്തെ ഭാവന ചെയ്യുന്ന മീമുകള്‍ മസ്‌ക് പങ്കുവയ്ക്കുന്നത് വളരെ വിചിത്രമാണെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

article-image

aa

You might also like

Most Viewed