ദളിതത്വവും ജനാധിപത്യവും

ഇപ്പോൾ നമ്മുടെ സർവകലാശാലകളിലൊക്കെ സംഭവിക്കുന്നത് ആകസ്മികമായ ചില അസ്കിതകൾ മാത്രമാണ്; അത്ര വലിയ കാര്യമായി കാണേണ്ടതില്ല എന്ന നിലയിൽ ചിന്തിക്കുന്ന ചില ‘ശുദ്ധഗതിക്കാരായ ബുദ്ധിജീവികൾ’ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. അത്തരം വല്ല പോരായ്മകളും കേന്ദ്രസർക്കാരിന് സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്താവുന്നതല്ലേയുള്ളൂവെന്നും എന്തൊക്കെയായാലും രാജ്യദ്രോഹ പ്രവർത്തനങ്ങൾ അനുവദിക്കാമോ എന്നും അവർ ചോദിക്കുന്നു. മോഹൻലാലിനെപ്പോലുള്ള ചില ബ്ലോഗെഴുത്തുകാർ ദേശാഭിമാന പ്രചോദിതരായി ‘വിഘടനശക്തി’കളെ ഭത്സിക്കുന്നു. ഇടതുപക്ഷത്തിന് സംഘപരിവാറിനോടുള്ള സ്ഥായിയായ വിരോധം കൊണ്ടാണ് സ്ഥാനത്തും അസ്ഥാനത്തുമുള്ള ഈ കുറ്റപ്പെടുത്തലുകൾ എന്നിവരൊക്കെ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ സാംസ്കാരിക രംഗത്ത് സൃഷ്ടിച്ച ചലനത്തെക്കുറിച്ച് സംഘപരിവാറിന് അറിയാത്തതല്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ളതും സംസ്കാരത്തേയും കലയേയും ആധുനിക സാങ്കേതിക രംഗവുമായി സമന്വയിപ്പിച്ച്, കമ്മ്യൂണിക്കേഷൻ രംഗത്ത് അനന്തമായ സാധ്യകൾ പ്രകടിപ്പിച്ച കലാരൂപമാണ് സിനിമ. സിനിമാ സങ്കേതത്തിൽ ഇന്ത്യയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു സ്ഥാപനവും പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഉണ്ടാവില്ല. എത്രയേറെ പ്രതിഭാധനന്മാരായ ചലച്ചിത്രകാരന്മാരും കലാകാരന്മാരും ബുദ്ധിജീവികളുമാണ് അവിടെ നിന്ന് പുറത്തുവന്നത്? ലോകോത്തരങ്ങളായ ആവിഷ്കാരങ്ങളും പരീക്ഷണങ്ങളുമൊക്കെ നടത്താൻ കഴിയുന്ന എണ്ണം പറഞ്ഞ ധാരാളം ഡിപ്പാർട്ടുമെന്റുകളും അദ്ധ്യാപകരുമൊക്കെ ഈ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അവരെ ഉൾക്കൊള്ളാനും നയിക്കാനും കഴിയുന്ന പ്രതിഭാധനന്മാരാണ് ഈ സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. ധൈഷണിതകയുടെ മിന്നലാട്ടം പോലുമില്ലാത്ത ഒരു സംഘപരിവാർ നടനെ ഇതിന്റെ തലപ്പത്ത് സ്ഥാപിക്കുന്നത് ഒരു സ്വാഭാവിക നടപടിയാണോ? ഇനി സംഘപരിവാർ സങ്കുചിത്വം കൊണ്ട് മാത്രം അങ്ങിനെ ചെയ്തുപോയതാണെങ്കിൽ അവിടെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം ഉയരുകയും ഇന്ത്യയിലും ലോകത്തിലുമുള്ള കമ്യൂണിക്കേഷൻ രംഗത്തെ പ്രതിഭകളാകെ ആ ്രപക്ഷോഭത്തെ പിൻതുണക്കുകയും ചെയ്യുന്പോൾ സ്വാഭാവികമായ തിരുത്തലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണ്ടേതല്ലേ? അതിനുപകരം ഉരുക്കു മുഷ്ടി ഉപയോഗിച്ച് അത്തരം നിലപാടുകളെ അരക്കിട്ടുറപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. അതായത് സിനിമാ മാധ്യമത്തിലൂടെ വികസിക്കുന്ന ജനാധിപത്യപരമായ ആവിഷ്കാരങ്ങളെ നിയന്ത്രിക്കുകയും സവർണ്ണ ഫാസിസ്റ്റുകൾക്ക് താല്പര്യമുള്ള പുരാവൃത്തങ്ങൾ ജനങ്ങളുടെ തലയിൽ കെട്ടിയേൽപ്പിക്കുകയും ചെയ്യുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആസൂത്രിതമായ നടപ്പിലാക്കലാണ് അവിടെ നടന്നത് എന്ന് സാരം.
ഹൈദരബാദ് സർവകലാശാലയിൽ സവർണ്ണ ഫാസിസ്റ്റുകളുടെ കരങ്ങൾ നീണ്ടുവന്നത് അംബേദ്കറിസ്റ്റുകൾക്ക് നേരെയാണ്. ഇതിൽ ഇടതുപക്ഷവും ജനാധിപത്യവാദികളും ഗൗരവമായി കാണേണ്ട ചില ഉപപാഠങ്ങൾ കൂടിയുണ്ട്. ഇടതുപക്ഷത്തിനകത്ത് ദളിതരും ഇതരരും തമ്മിൽ സംഭവിക്കുന്ന ഒരു പിളർപ്പാണത്. ഇന്ത്യയിലാകെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനയുടെ ശക്തമായ അടിത്തറയായി ഒരു കാലത്ത് നിലകൊണ്ടത് ദളിത് വിദ്യാർത്ഥികളായിരുന്നു. ദളിത് വിദ്യാർത്ഥികളുടെ പ്രവേശനം, സംവരണാനുകൂല്യങ്ങൾ, ഫീസിളവുകൾ, സ്കോളർഷിപ്പുകൾ, ക്യാന്പസിനകത്തെ ജാതിവിവേചനം എന്നിവയെ ചെറുക്കുന്നതിനുള്ള ഉപകരണമായി ഇടതുവിദ്യാർത്ഥി സംഘടനകൾ വർത്തിക്കുകയും ചെയ്തു. ഇപ്പോഴും അതിനൊന്നും മാറ്റം വന്നിട്ടില്ലെങ്കിലും ഒരുതരം ‘ഞങ്ങൾ അവർ’ വിഭജനം ഇടതുസംഘടനകൾക്കകത്ത് സാവധാനത്തിൽ രൂപപ്പെട്ടു വരുന്നുണ്ട്. ഇന്ത്യൻ വർഗ്ഗസമരം (Class struggle) എന്നത് ജാതിവിരുദ്ധ സമരത്തിന്റെ അടിത്തറയിൽ മാത്രം വികസിക്കുന്ന ഒന്നാണ് എന്ന ശരിയായ കാഴ്ചപ്പാടിന്റെ അഭാവമാണ് ഇത്തരം വിഭജനങ്ങൾക്ക് കാരണമാകുന്നത്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ‘പഠിപ്പിസ്റ്റുകൾ’ മാത്രമായ, നേതാക്കളുടെ മക്കൾ, ഉന്നതജാതിക്കാർ, മധ്യവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് വരുന്നവർ എന്നിങ്ങനെയുള്ള പെറ്റി ബൂർഷ്വാ വിഭാഗങ്ങൾക്കാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ നേതൃത്വം എന്നുവരുന്നത് ഇതിനുള്ള പല കാരണങ്ങളിൽ ഒന്നാണ്. ജാതി പുതിയ അതിജീവന തന്ത്രങ്ങൾ വിജയകരമായി പയറ്റുന്ന നവഉദാരവൽക്കരണത്തിന്റെ വർത്തമാനകാലത്ത് ഇത് വളരെ പ്രധാനം തന്നെയാണ്. തൊലി വെളുപ്പ്, ബ്രാഹ്മണിക് സൗന്ദര്യസങ്കല്പങ്ങൾ, പേര്, വസ്ത്രങ്ങളുടെ ഉപയോഗം, ആഹാരരീതികൾ, കൂട്ടുകൂടലുകൾ, പ്രണയം, ഹോസ്റ്റലിലെ താമസം തുടങ്ങി നാനാമേഖലകളിലൂടെ ഈ ‘അവർ നമ്മൾ’ ദ്വന്ദം ശക്തിപ്പെടുന്നുണ്ട്. ഇതിൽ പ്രവർത്തിക്കുന്നത് സംഘപരിവാർ അജണ്ടയാണ് എന്നത് സ്വാഭാവികമാണല്ലോ. ഇടതു വിദ്യാർത്ഥി സംഘടനകളുടെ കമ്മിറ്റികളിലും മറ്റും ഉയരുന്ന ചർച്ചകളിൽ ‘ഞങ്ങൾ അവർക്കു വേണ്ടി സമരം ചെയ്തു’. ‘ഞങ്ങൾ അവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി’ തുടങ്ങി ഞങ്ങൾ അവർ ദ്വന്ദങ്ങൾ അറിയാതെ ഉയർന്നുവരുന്നത് കാണാം. ദളിത് വിദ്യാർത്ഥികളെ അവരുടെ എത്തിനിക് സ്വത്വാനുഭവങ്ങളിലേക്ക് തിരിച്ചു വിളിക്കാനും അവിടെ തന്നെ തളച്ചിടാനും സ്വത്വവാദികൾ കിണഞ്ഞ് പരിശ്രമിക്കുന്പോൾ, ദളിത് വിദ്യാർത്ഥികൾക്കകത്ത് ഇത്തരം സ്വാധീനങ്ങൾ സ്വാഭാവികമായും പ്രവർത്തിക്കും. അപ്പോൾ ‘ഞങ്ങൾ അവർ’ ദ്വന്ദ്വവൽക്കരണത്തിനുള്ള സാധ്യത വളരെ കൂടുന്നു എന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യം, പരിഗണിക്കേണ്ടവർ പലപ്പോഴും തിരിച്ചറിയുന്നു പോലുമില്ല. ഫലത്തിൽ നേരത്തെയില്ലാതിരുന്ന ഒരു പിളർപ്പ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്കകത്ത് ശക്തിപ്പെടുന്നുണ്ട്. ഇത് കണ്ടില്ല എന്ന് നടിക്കാനെളുപ്പമാണെങ്കിലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരം തന്നെയായിരിക്കും. കേരളത്തിലെ സർവകലാശാലകളിൽ പോലും ഈ വിഭജനം ഇപ്പോൾ ശക്തമാണ്. എസ്.എഫ്.ഐക്കാരും ഇടതുസഹയാത്രികരുമൊക്കെയായിരിക്കുന്പോഴും ദളിത് സ്വത്വബോധത്താൽ പ്രചോദിതമായ കൂട്ടായ്മകൾ, അദ്ധ്യാപകരും വിദ്യാർത്ഥികളുമൊക്കെ ഉൾപ്പെട്ടത് ഇപ്പോൾ ശക്തമാണ്. ഈ ലേഖകനും മറ്റും എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന കാലത്ത് ‘എസ്.എഫ്.ഐ’ എന്നത് മനസ്സിൽ ഉരുകി തിളക്കുന്ന ഒരു വികാരമായിരുന്നു. ഒരുമിച്ച് പൊരുതാനും തല്ലുകൊള്ളാനും തല്ലാനും ജയിലിൽ കിടക്കാനും കവിത ചൊല്ലാനും ലിറ്റിൽ മാഗസിനുകൾ പ്രസിദ്ധീകരിക്കാനും പ്രണയിക്കാനും പ്രസംഗിക്കാനും രക്തസാക്ഷികളുടെ കുടുംബങ്ങൾ സന്ദർശിക്കാനും സമ്മേളനങ്ങളിൽ സംബന്ധിക്കാനുമൊക്കെ കഴിയുന്പോഴുണ്ടാകുന്ന ഉരുകിയുറഞ്ഞ ‘നമ്മൾ’ എന്ന വികാരം (we feeling)സംഘടനയിലാകെ നിറഞ്ഞു നിന്നു. പക്ഷെ ഇന്ന് നമ്മളൊരുമിച്ച് നിന്ന് തല്ലുകൊള്ളേണ്ട ഒരു സംഘടനാ വികാരം എവിടെയൊക്കയോ ചോർന്നു പോകുന്നുണ്ട്. പകരം ഇടതുവിദ്യാർത്ഥി കൂട്ടായ്മകൾക്കകത്ത് ദളിത് വിദ്യാർത്ഥികളിൽ പ്രത്യേക കൂട്ടായ്മകൾ രൂപമെടുക്കുകയും ഇത്തരം ‘നമ്മൾവികാരം’ അവർക്കിടയിൽ ശക്തിപ്പെടുന്നുമുണ്ട്.
ക്യാന്പസിനകത്ത് വിദ്യാർത്ഥികൾ ഇത്തരം ജാതിചിഹ്നങ്ങളാൽ അടയാളപ്പെടുത്തപ്പെടുന്ന പ്രവണത ഇപ്പോൾ ശക്തമാണ്. ദളിത് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന സർക്കാർ സഹായമാണ് രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ്. (RGNF) ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാകട്ടെ മൗലാനാ അബ്ദുൾ കലാം അസാദ് ഫോലോഷിപ്പും ലഭിക്കും. ഈ ഫെലോഷിപ്പുകളുടെ ചുരുക്കപ്പേരുപയോഗിച്ച് ജാതീയവും മതപരവുമായ തരംതിരിവുകൾ ഇന്ന് ക്യാന്പസുകൾക്കകത്ത് ശക്തമാണ്. ദളിത് വിദ്യാർത്ഥികളെ പൊതുവെ ആർ.ജി.എൻ.എഫ് എന്ന് വിളിക്കും. ഒരു ദളിത് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായ ഇടതു വിദ്യാർത്ഥി പ്രവർത്തകന് സഹപ്രവർത്തക സഖാക്കൾ നൽകിയ ഉപദേശം ‘അത് ആർ.ജി.എൻ.എഫാണ്; പ്രണയമൊക്കെ ശ്രദ്ധിച്ചു മതി’ എന്നായിരുന്നു. കോളേജിനകത്ത് ഒരു പുതിയ ബൈക്കുമായി ഒരു ദളിത് വിദ്യാർത്ഥിയെത്തിയാൽ ആർ.ജി.എൻ.എഫ് കുടിശ്ശികയൊക്കെ വന്നോ എന്നായിരിക്കും പരിഹാസം. ഈയളവിലില്ലെങ്കിലും മുസ്ലിം സ്കോളർഷിപ്പിനെ പരിഹസിക്കുന്നതിന് ‘മൗലാന’കൾ എന്ന് സംബോധന ചെയ്യുന്നത് എ.ബി.വി.പിക്കാരുടെ ഒരു പൊതുരീതിയാണ്.
ഇത്തരം പ്രശ്നങ്ങളുടെയൊക്കെ ആകെത്തുകയായി വേണം ഹൈദരബാദ് സർവകലാശാലയിലുണ്ടായ രോഹിത് വെമുലയുടെ മരണത്തിലെത്തിയ സംഭവങ്ങളെ വിലയിരുത്താൻ. ഹൈദരബാദ് സർവകലാശാല ദളിത് വിദ്യാർത്ഥികളുടെ എണ്ണം കൊണ്ട് സന്പന്നമായ ഒന്നാണ്. സംവരണത്തിന്റെ സവിശേഷതകളൊക്കെ അതിന് കാരണമാകുന്നുമുണ്ട്. അംബേദ്കറിസ്റ്റ് വിദ്യാർത്ഥി സംഘടനകൾ ഇവിടെ പണ്ടുമുതലേ ശക്തവുമാണ്. ഇവരാകട്ടെ സവർണ്ണ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്. അസലുദ്ദീൻ ഉവൈസിയെപ്പോലുള്ളവരുടെ മുസ്ലിം സംഘടനകൾക്കും സർവകലാശാലയിൽ സ്വാധീനമുണ്ട്. ഇടതുസംഘടനകളും അവടെ പ്രവർത്തിക്കുന്നുണ്ട്. ഇവരൊക്കെ ഒരുമിച്ച് സംഘപരിവാർ വിരുദ്ധവും ഇടതുപക്ഷ സ്വഭാവമുള്ളതുമായ ആവിഷ്കാരങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നത് സംഘപരിവാറിന് വലിയ തോതിൽ അലോസരം ഉണ്ടാക്കുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് എ.ബി.വി.പി ചില പ്രത്യേക അജണ്ടകളുമായി അവിടെ കേന്ദ്രീകരിക്കുന്നത്. മിടുക്കനായ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലക്കും സഹവിദ്യാർത്ഥികൾക്കുമെതിരായ നീക്കം ശക്തിപ്പെടുത്തുന്നത്. സമരരംഗത്തു വന്ന രോഹിതും കൂട്ടരും ജാതിവാദികളും തീവ്രവാദികളുമാണെന്ന് സംഘപരിവാറും എ.ബി.വി.പിയും പ്രചാരണം ശക്തമാക്കി. പിന്നീടവർ രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി പോലും ബന്ധമുള്ളവരാണെന്ന പ്രചരണമുണ്ടായി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടും, കോളേജിൽ നിന്ന് പുറത്താക്കനാവശ്യപ്പെട്ടും, കേന്ദ്ര തൊഴിൽ മന്ത്രി കൂടിയായ ബന്ദാരു ദത്താത്രേയ, മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് തുടർച്ചയായി കത്തയയ്ക്കുന്നു. ഒരു സർവകലാശാലയിലെ ലളിതമായ വിദ്യാർത്ഥി പ്രശ്നത്തിൽ കേന്ദ്ര മന്ത്രിമാർ നേരിട്ടിടപെടുന്നു. ഇവരെ പുറത്താക്കാൻ വൈസ് ചാൻസലറോടും കോളേജ് അധികൃതരോടും തുടർച്ചയായി ആവശ്യപ്പെടുന്നു. സ്കോളർഷിപ്പ് തടഞ്ഞ് പട്ടിണിക്കിടുന്നു. ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ട് തെരുവാധാരമാക്കുന്നു. ഇതേത്തുടർന്നാണ് കവിത തുളുന്പുന്ന വാക്കുകളിൽ ആത്മഹത്യ കുറിപ്പെഴുതി ഒരു ബാനറിന്റെ തുന്പിൽ വെമുലക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. ഇത് കൊലപാതകമല്ലെങ്കിൽ മറ്റെന്താണ്? യഥാർത്ഥത്തിൽ മരണം അനിവാര്യക്കി തീർക്കും വിധം ഒരു ദളിത് വിദ്യാർത്ഥിയെ വളഞ്ഞുവെച്ച് പീഡിപ്പിച്ചത് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളാകുന്പോൾ സംഭവത്തിന്റെ ഗൗരവം വർദ്ധിക്കുകയല്ലേ ചെയ്യുന്നത്? അതിനു ശേഷം രോഹിതിനെതിരെ നടപടിയെടുത്തത് ദളിത് അധികാരികൾ തന്നെയാണെന്നും, രോഹിത് ദളിതനല്ലെന്നും ആത്മഹത്യക്ക് ശ്രമിച്ച രോഹിതിന് ചികിത്സ നിഷേധിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി കൊല്ലുകയായിരുന്നു എന്നുമൊക്കെ, ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാർലമെന്റിന്റെ ഫ്ളോറിൽ നുണ പറഞ്ഞുകൊണ്ടിരിക്കുന്ന സ്മൃതി ഇറാനി എന്ന മാനവശേഷി വകുപ്പ് മന്ത്രി, നമ്മുടെ സംസ്കാരത്തെ തന്നെ മലീമസമാക്കുകയാണ് ചെയ്യുന്നത്; എന്ന് എല്ലാവരും തിരിച്ചറിയുന്പോഴും അവർക്ക് കുലുക്കമൊന്നുമില്ല. നുണകളെ നൂറ്റൊന്നാവർത്തിച്ച് സത്യമാക്കുക എന്ന ഫാസിസത്തിന്റെ പ്രചാരകനായ ഗീബൽസിന്റെ തന്ത്രമാണിതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ജെ.എൻ.യുവിലും ആകസ്മികമായുണ്ടായ ഒരു സംഭവത്തിൽ ഇടപെടാൻ സംഘപരിവാർ നിർബന്ധിതമാകുകയായിരുന്നില്ല എന്ന് വ്യക്തമാക്കുന്ന വിവരങ്ങളെല്ലാം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഒരവസരത്തിന് വേണ്ടി അവർ കാത്തിരിക്കുക തന്നെയായിരുന്നു. തുടർച്ചയായ പ്രചാരവേലകൾ അവർ ഈ സർവകലാശാലക്കെതിരെ നടത്തിക്കൊണ്ടിരുന്നിട്ടുണ്ട്. ആർ.എസ്സ്.എസ്സ് മുഖപത്രമായ പാഞ്ചജന്യമാണ് അതിന് നേതൃത്വം നൽകിയിരുന്നത്. ‘ദേശദ്രോഹികളുടെ കൂടാര’മായാണ് അവർ ജെ.എൻ.യുവിനെ വിശേഷിപ്പിച്ചത്. ഈ തലക്കെട്ടോടുകൂടി ഒരു പ്രത്യേക പതിപ്പു തന്നെ പാഞ്ചജന്യം പ്രസിദ്ധീകരിച്ചിരുന്നു. എന്താണിതിൽ നിന്നൊക്കെ മനസ്സിലാക്കാൻ കഴിയുക? ഇതൊക്കെ ആസൂത്രിതമായ സംഘപരിവാർ അജണ്ടയുടെ ഭാഗമായി അരങ്ങേറുന്നതാണ്. ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിൽ ഉൾപ്പെടെ അർദ്ധ കായികമായി ഇടപെടാനും ദേശദ്രോഹത്തിന്റെ ലേബലൊട്ടിച്ച് ജനാധിപത്യ വാദികളെ വേട്ടയാടാനും അവർ സംഘടിതമായി നീങ്ങുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സിലബസും കരിക്കുലവുമൊക്കെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾ സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. കാരണം, പിടികൂടേണ്ടത് വിദ്യാർത്ഥികളെയും യുവാക്കളെയുമാണ് എന്ന് ലോകമാകെയുള്ള അനുഭവങ്ങളിൽ നിന്ന് ഫാസിസ്റ്റുകൾ മനസ്സിലാക്കിയിട്ടുണ്ട്.