ഡിങ്കോയിസത്തിന്റെ പ്രസക്തി


ബന്ധുവും സുഹൃത്തുമായ ജ്യോതിഷിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കണ്ട ഡിങ്കോയിസ്റ്റ് സുപ്രഭാതത്തോട് കടുത്ത ഭാഷയിൽ തന്നെയായിരുന്നു എന്റെ പ്രതികരണം. സുപ്രഭാത വന്ദനമെന്ന ഹൈന്ദവാചാരത്തെ ഏകപക്ഷീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു ആ പോസ്റ്റ്. അത്തരത്തിലുള്ള പോസ്റ്റുകൾ ആരെയെങ്കിലുമൊക്കെ പ്രകോപിപ്പിക്കുകയും അതു പ്രശ്നങ്ങൾക്കു വഴിെവയ്ക്കുകയും ചെയ്യുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്ത ബോധമുള്ളവർ അത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതുപോലും ശരിയല്ല എന്ന നിലപാടിലൂന്നിയായിരുന്നു എന്റെ പ്രതികരണം. എങ്കിലും സ്വാഭാവികമായ കൗതുകം ഡിങ്കോയിസമെന്ന പുത്തൻ പ്രതിഭാസത്തെക്കുറിച്ച് കൂടുതലറിയാനുള്ള അന്വേഷണത്തിനു വഴി െവച്ചു. ഡിങ്കോയിസ്റ്റുകളുടെ ദൈവമായ ഡിങ്കൻ പ്രത്യക്ഷപ്പെട്ട അവരുടെ വിശുദ്ധ ഗ്രന്ഥം, ബാലമംഗളത്തിന്റെ തുടക്ക ലക്കത്തിലായിരുന്നു എന്റെ പേര് ആദ്യമായി അച്ചടി മഷി പുരണ്ടത് എന്നതും അന്വേഷണത്തിന് ആക്കം കൂട്ടി.

സരിതാനായരുടെയും ബിജുരമേശിന്റെയും സി.ഡി റിലീസുകൾ പോലെയുള്ളതായിരുന്നു ഡിങ്ക സുപ്രഭാതം മാത്രമുള്ള ഫെയ്സ്ബുക് പോസ്റ്റ് എന്ന തിരിച്ചറിവു പകരുന്നതായിരുന്നു ഡിങ്കോയിസത്തെക്കുറിച്ചുള്ള എന്റെ അന്വേഷണം. മാസ്റ്റർ സിഡിയുടെ ഏതാനും ഭാഗങ്ങൾ മാത്രം മുറിച്ചു മുറിച്ചു പുറത്തു വിടുന്നതാണല്ലേ അവരുടെ ഇപ്പോഴത്തെ ശൈലി. മൊത്തം കാര്യങ്ങൾ വെളിപ്പെടുന്പോൾ ചിത്രം മാറുന്നതാണ് ഇരുവരുടെയും സിഡിക്കഥകളുടെ ചരിത്രം. ഇതിനു സമാനമാണ് ഡിങ്കോയിസത്തിന്റെയും കാര്യം. കൂടുതൽ പരിശോധിക്കുന്പോൾ ഡിങ്കോയിസവും ക്ഷിപ്രകോപത്തിനും പ്രകോപനത്തിനും പാത്രമാകേണ്ട ഒന്നല്ല എന്നു നമുക്കു സമ്മതിക്കേണ്ടി വരും. 

പ്രമുഖ ബാല പ്രസിദ്ധീകരണമായിരുന്ന ബാലമംഗളത്തിലൂടെ കുട്ടികളുടെ പ്രീതിയാർജ്ജിച്ച ഡിങ്കനെന്ന എലിയാണ് ഡിങ്കൻ. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ. സാങ്കൽപ്പിക വനമായ പങ്കിലക്കാട്ടിൽ അധർമ്മത്തിനെതിരേ നിരന്തര പോരാട്ടത്തിലാണ് ഡിങ്കൻ. ആദിയിൽ ഡിങ്കൻ മാത്രമാണ് ഉണ്ടായിരുന്നത്. ശൂന്യത അഥവാ ഒരു ബ്ലാക് ഹോളിൽ ഒറ്റയ്ക്കായിരുന്നു ഡിങ്കൻ. സമയം പോകാതെ ബോറടിച്ചപ്പോൾ ഡിങ്കൻ സമയത്തെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചു എന്നുമൊക്കെയുള്ള മനോഹരമായ സങ്കൽപ്പങ്ങളിലൂന്നിയാണ് ഡിങ്കോയിസത്തിനു കേരളത്തിലെ ഒരു പറ്റം യുവാക്കൾ രൂപം നൽകിയിരിക്കുന്നത്. ബാലമംഗളമാണ് ഡിങ്കോയിസ്റ്റുകളുടെ വിശുദ്ധ ഗ്രന്ഥം. ഡിങ്കോയിസം മാത്രമാണ് സത്യം. എല്ലാ മതങ്ങൾക്കും മുന്പാണ് ഡിങ്കോയിസമുണ്ടായത്. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടുള്ളതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥമായ ബാലമംഗളത്തിലുണ്ട്. എന്നിങ്ങനെ പോകുന്നു ഡിങ്കമത പ്രമാണങ്ങൾ. യുക്തി രഹിതമായ ഇക്കാര്യങ്ങളെയെല്ലാം ശാസ്ത്ര സത്യങ്ങളുമായി മനോഹരമായി ചേർത്തു വെയ്ക്കാനും ഡിങ്കോയിസ്റ്റുകൾക്കാകുന്നുണ്ട്.

‍ഡിങ്ക സുപ്രഭാതം മാത്രമല്ല നമുക്കറിവും പരിചയവുമുള്ള എല്ലാ മതങ്ങളുടേയും മതസമാന രാഷ്ട്രീയ കക്ഷികളുടെയുമൊക്കെ പ്രതിരൂപങ്ങളുണ്ട് ഡിങ്കമതത്തിലും ആരാധനാക്രമങ്ങളിലും. സമഗ്രമായി പരിശോധിച്ചാൽ നമ്മുടെ വ്യവസ്ഥാപിത മതങ്ങളിലെ അസംബന്ധാചാരങ്ങൾ കോർത്തിണക്കിയുള്ളൊരു മിമിക്രയോ പാരഡിയോ ഒക്കയാണ് സോഷ്യൽ മീഡിയവഴി പ്രചുര പ്രചാരം നേടുന്ന ഈ മതം എന്നു മനസ്സിലാക്കാം. 

മതങ്ങളെയോ ആചാരങ്ങളെയോ വിമർശിക്കുക എളുപ്പമല്ല. ആൾദൈവങ്ങളെപ്പോലും വിമർശിക്കുക അസാദ്ധ്യമാണ്. ഈ സാഹചര്യത്തിൽ ആത്മവിമർശനത്തിലൂടെയും അത്തരം പൊള്ളത്തരങ്ങളെ പൊളിച്ചടുക്കാനാണ് സ്വയം വിമർശനത്തിന്റെ തന്പുരാനായിരുന്ന കുഞ്ചന്റെ പിന്മുറക്കാർ ഇപ്പോൾ ചെയ്യുന്നത്. ഭൂമി മലയാളത്തിന്റെ സാമൂഹിക ശുദ്ധീകരണ പ്രക്രിയയിൽ വലിയ പങ്കുണ്ട് മിമിക്രി എന്ന കലാരൂപത്തിന്. ഒരു മതങ്ങൾക്കും അവയിലെ ആനാചാരങ്ങൾക്കുമെതിരേ നേരിട്ടു വിമർശനങ്ങളുന്നയിക്കാതെ അതിനെല്ലാം പാരഡികൾ സ‍ൃഷ്ടിച്ച് മനോഹരമായ ആത്മ വിമർശനത്തിന്റെ പ്രതിരോധമുയർത്തുകയാണ് ഇവർ. എല്ലാ കാര്യങ്ങൾക്കും ശാസ്ത്രീയമായ അടിത്തറ വേണമെന്ന നിർബന്ധം പിടിക്കുന്പോൾ അമിനോ അമ്ലങ്ങൾ ഡിഎൻഎ ആയി മാറിയത് എങ്ങനെയെന്നതിനും അണു വിഘടിച്ചുണ്ടാകുന്ന ഏറ്റവും ചെറിയ ഘടകത്തിനപ്പുറം എന്തെന്നതിനും ‘യാദൃശ്ചികത’ എന്നുമാത്രം ഉത്തരം നൽകാനാകുന്ന ശാസ്ത്രത്തിന്റെ ആത്യന്തിക നിസാരതയ്ക്കുമെതിരെയും ഡിങ്കോയിസ്റ്റുകളുടെ നർമ്മത്തിൽ പൊതിഞ്ഞ വിമർശനമുണ്ട്.   കോഴിക്കോടു കളക്ടറടക്കം പുതു തലമുറയിലെ പ്രമുഖർ പലരും സാമൂഹ്യ വിമർശനത്തിന്റെ പുതിയ ഈ പോർമുനക്ക് പിന്തുണയേകുന്നുണ്ട്. അതു തികച്ചും പുരോഗമനപരം തന്നെ. ആചാരങ്ങളും അനാചാരങ്ങളും തിരിച്ചറിയാനുള്ള വിവേകവും അറിവും ഉണ്ടാക്കിയെടുക്കാനും അതു മറ്റുള്ളവരിലേയ്ക്കു പകരാനും ഡിങ്കായിസം വ്യവസ്ഥാപിത മതങ്ങളെ നിർബന്ധിതരാക്കും. ഇതു കാലഘട്ടത്തിന്റെ സൃ‍ഷ്ടിയാണ്. അതേസമയം എല്ലാറ്റിനെയും നിസാര വൽക്കരിക്കുകയും പരിഹസിക്കുകയും ചെയ്ത് സമൂഹത്തിൽ അരാജകത്വത്തിന്റെ വിത്തുകൾ പാകാതിരിക്കാൻ ഇതിനു പിന്നിലുള്ളവരും ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ സാമൂഹ്യ ശുദ്ധീകരണത്തിൽ സോഷ്യൽ മീഡിയയെ എങ്ങനെ ഗുണപരമായി ഉപയോഗിക്കമെന്നതിന്റെ ഉദാഹരണം കൂടിയാകും ഡിങ്കമതം.

 

You might also like

Most Viewed