ചീഞ്ഞു നാറുന്ന കേരള രാഷ്ട്രീയം...

രാഷ്ട്രീയം ഏറ്റവും മലിനമായ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിൽ നാം കണ്ടു കൊണ്ടിരിക്കുന്നത്. ദിനവും ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും പൊതുജനതിന്നു ഗുണപരമായ ഒരു വാർത്തയോ ചർച്ചയോ കടന്നു വരുന്നില്ല എന്നത് ഖേദകരം തന്നെ, മറിച്ചു ധാർമികതയുടെ എല്ലാ അതിർവരന്പുകളും ലംഘിച്ചു രാഷ്ട്രീയ നേതാക്കളുടെയും അഴിമതി−തട്ടിപ്പ് വീരന്മാരുടെയും മദ്യ മുതലാളിമാരുടെയും കെട്ടുകാഴ്ചകളാണ് സുപ്രഭാതവും −സന്ധ്യാ സമയവും നമ്മെ മയക്കുന്നത്. കഴിഞ്ഞ നാലര വർഷക്കാലത്തെ യു.ഡി.എഫ് ഭരണതിന്നു ഏകദേശം അവസാനമായി പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് നാം കടക്കുകയാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും വളർച്ചക്കും പ്രശ്നപരിഹാരങ്ങൾക്കും ഉതകുന്ന തരത്തിലുള്ള സംവാദങ്ങളും ചിന്തകളും ഉയർത്തേണ്ട രാഷ്ട്രീയ പാർട്ടികൾ വ്യക്തികേന്ദ്രീകൃത ആക്ഷേപങ്ങളും ആരോപണങ്ങളും മാത്രം നടത്തി സംസ്ഥാനത്തിന്റെ പൊതു വിഷയങ്ങളെ മുഖ്യ ധാരയിൽ നിന്നകറ്റി നിർത്താൻ ബോധപ്പൂർവ്വമായ ശ്രമം നടത്തുന്നു. അറുപതു ശതമാനത്തോളം ജോലിയില്ലാത്ത അഭ്യസ്തവിദ്യരുള്ള നാട്ടിൽ, തൊഴിലില്ലായ്മയെക്കുറിച്ച് സംവാദങ്ങളില്ല. പ്രധാനമായും കാർഷികവൃത്തിയിൽ അടിസ്ഥാനമായ സംസ്ഥാനത്ത് കർഷകരുടെ പ്രശ്നങ്ങളോ അവക്കുള്ള പരിഹാരമോ ചർച്ച ചെയ്യുന്നില്ല. ഇനിയും പട്ടിണിയും ദാരിദ്രത്തിലും കഴിയുന്ന ആദിവാസി ജനതയ്ക്ക് ഒരു തുണ്ട് ഭൂമി ലഭിക്കാൻ നിൽപ്പ് സമരങ്ങളും ഇരുപ്പു സമരങ്ങളും തുടർക്കഥയാകുന്ന നാട്ടിൽ പ്രായോഗികമായ പദ്ധതികൾ മുന്നോട്ടു വെയ്ക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും മിനക്കെടുന്നില്ല. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന യാത്ര ക്ലേശം പരിഹരിക്കാനുതകുന്ന വിപ്ലവകരമായ ഒരു മാറ്റവും നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും മറിച്ചല്ല സ്ഥിതി.
ഇങ്ങനെ സമസ്ത മേഖലകളിലും ചിന്തോദ്ദീപകങ്ങളായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്തിന്റെ ഭൂരിഭാഗവും സരിതയും, ബിജുമാരും, ഫോൺ സംഭാഷണവും, സി.ബി.ഐയും ഒക്കെയായി ജനത്തെ മസ്തിഷ്ക പ്രഷ്ടാളനം നടത്തുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. ഉത്തരേന്ത്യയിൽ നാം കണ്ടു കേട്ട ദാരുണമായ അക്രമ സംഭവങ്ങൾ ഇങ്ങു കൊച്ചു കേരളത്തിലെ നിത്യേന സംഭവങ്ങളായി മാറിക്കഴിഞ്ഞു. പട്ടാപ്പകൽ മനുഷ്യനെ നടു റോഡിൽ അടിച്ചു കൊല്ലുക, പെൺകുട്ടിയെ വെട്ടിക്കൊല്ലുക തുടങ്ങി മാനുഷിക മൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും ഭരണവർഗ്ഗവും പ്രതിപക്ഷവും യാതൊരുവിധ പ്രാധാന്യവും നൽകിക്കണ്ടില്ല. ഒരു പൗരന്റെ വീക്ഷണത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുകഴിഞ്ഞു.
കേരളം മറ്റൊരു തിരഞ്ഞെടുപ്പിന്റെ വാതിലിലാണ്. എന്തായിരിക്കണം നമ്മുടെ ചിന്തയും ബാധ്യതയും? കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മെ ഭരിക്കാനും നമ്മുടെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കാനും നാം തിരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനം എത്ര മാത്രം മികച്ചതായിരുന്നു. അവർ നടപ്പിലാക്കിയ സാന്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, ഭക്ഷണ നയങ്ങൾ കുറ്റമറ്റതായിരുന്നോ? രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന അഴിമതി എത്രത്തോളം വളർന്നിട്ടുണ്ട്? മതേതര കേരളത്തിൽ മുന്പ് പരിചിതമല്ലാത്ത വർഗ്ഗീയത അതിന്റെ ആശങ്കയുളവാക്കുന്ന തരത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. അതിൽ രാഷ്ട്രീയ പാർട്ടികളെടുക്കുന്ന സമീപനങ്ങളെന്ത്? ഇത്തരം കാര്യങ്ങൾ ചർച്ചയാക്കേണ്ട രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് ഭരണപക്ഷം ബോധപ്പൂർവ്വം വിഷയങ്ങളെ വക്രീകരിച്ചു ഭരണത്തിൽ കയറി അഞ്ചു വർഷവും നടപടികൾ എടുക്കാത്ത പല കേസുകളും പൊടിതട്ടിയെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ടി.പി വധം ചർച്ചയാക്കിയവർ പിന്നീട് യാതൊരു നടപടിയും സ്വീകരിക്കാതെ ഇപ്പോൾ വീണ്ടും സി.ബി.ഐ വരാൻ മൂന്നും നാലും തവണ കത്തുകളെഴുതി ജനത്തെ വീണ്ടും കഴുതകളാക്കുന്നു.
അരിയിൽ ഷുക്കൂർ വധം, വി.എസിന്റെ മകന്റെ ജോലി, പിണറായിയുടെ മക്കളുടെ പഠിത്തം, കോടിയേരിയുടെ മകന്റെ കച്ചവടം, മാറാട് കലാപം, തുടങ്ങി സരിതയും, സോളാരും, ബിജുവും, ഫോൺ സംഭാഷങ്ങളും വരെ എടുത്തു പൊന്തിച്ചു കഴിഞ്ഞ കാല ശവക്കല്ലറകൾ മാന്തി ദുർഗന്ധം പരത്തി കഴിഞ്ഞ അഞ്ചു വർഷത്തെ നാറ്റം ഇല്ലാതാക്കാൻ ഭരണവർഗ്ഗം ശ്രമിക്കുന്നു. മടിയിൽ കനമുള്ളത്കൊണ്ട് ഇക്കാര്യങ്ങളിൽ പ്രതിപക്ഷതിന്നു ആശങ്കപ്പെടെണ്ടിയുമിരിക്കുന്നു. ഇത്തരം വിഷയങ്ങളൊന്നും ശരാശരി സാധാരണക്കാരനെ സംബന്ധിച്ചോളം പ്രശനമല്ല. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന, ഉന്നത വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാകുന്ന തരത്തിലുള്ള വിദേശ സർവ്വകലാശാലകളുടെ കടന്നു വരവ്, സർക്കാർ ആശുപത്രികളുടെ നിലവാരമില്ലായ്മ, ക്രൂഡ് ഓയിൽ വില മുപ്പതു ഡോളറിൽ താഴെ വന്നിട്ടും പെട്രോൾ വില കുറയാത്തത്, തന്മൂലം ബസ്, ഓട്ടോ, ടാക്സി, ചരക്കു കൂലികൾ കുറയാത്തത് തുടങ്ങി വിഷയങ്ങളും അതിന്റെ പരിഹാരവുമാണ് ഇന്നിന്റെ രാഷ്ട്രീയം ചർച്ച ചെയ്യേണ്ടുന്നത്, നിഭാഗ്യവശാൽ അതുണ്ടാകുന്നുമില്ല. വരും ദിവസങ്ങളിലെങ്കിലും അത്തരം വിശകലനങ്ങളും ചിന്തയും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. മറിച്ചാണെങ്കിൽ നാം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത അരാഷ്ട്രീയമായ ഒരു സമൂഹം നാളയുടെ രാഷ്ട്രീയം കയ്യാളും, അത് ഒരുപക്ഷെ രാജ്യത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകും.