ജീ­വി­ച്ചി­രു­ന്ന ഇതി­ഹാ­സം


ൺമറഞ്ഞ ധീര നായകന്മാരുടെ വീര ഗാഥകളാണ് പിന്നീട് ഇതിഹാസങ്ങളാകുന്നത്. ആറടിക്കാരായ പുരുഷന്മാർക്കുപോലും ഇതിഹാസങ്ങൾ ആകാശത്തോളമുയരം നൽകും. സാധാരണക്കാർക്ക് അപ്രാപ്യമായ കാര്യങ്ങൾ അത്തരം വീര നായകന്മാർ സാധ്യമാക്കിയിട്ടുള്ളതിനാലാണ് അനുവാചക മനസ്സു നിറഞ്ഞ് അവർ വളരുന്നത്. വാമൊഴി കൈമാറിക്കഥകളെത്തുന്നതോടെ അവയ്ക്ക് മിത്തുകളുടെ മായികത കൈവരുന്നു. നമ്മൾ പരാമർശിച്ചത് നമ്മളൊരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുടെ കാര്യമാണ്. എന്നാൽ തങ്ങൾ ജീവിച്ചിരിക്കെത്തന്നെ വിഗ്രഹവൽക്കരിക്കപ്പെടുന്ന ചില വ്യക്തിത്വങ്ങളുണ്ട്. ലോക ചരിത്രത്തിനു തന്നെ വഴിത്തിരിവുകളുണ്ടാക്കുന്ന കർമ്മങ്ങളും കർമ്മകുശലതയും ധൈര്യവും പ്രതിഭയുമടക്കമുള്ള വിശേഷങ്ങളാണ് ഇത്തരം വിഗ്രഹവൽക്കരണത്തിനു കാരണം. ഇത്തരം വ്യക്തിത്വങ്ങളുടെ പേരിലായിരിക്കും അതാതു കാലഘട്ടങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തുക.

നമുക്കിടയിൽ മനുഷ്യരായി ജീവിച്ചിരിക്കുന്പോൾ തന്നെ സ്വന്തം ശേഷികൊണ്ട് അവർ അമാനുഷികത്വം കൈവരിച്ചവരാകുന്നു. ബിംബവൽക്കരിക്കപ്പെടുന്നു. നമ്മുടെ കാലഘട്ടത്തിൽ അത്തരത്തിൽ വിഗ്രഹവൽക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്നു ഫിഡൽ കാസ്ട്രോയെന്ന ക്യൂബൻ നായകൻ. ആഗോള മുതലാളിത്തത്തിന്റെ കുത്തകാവകാശികളായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിനു കീഴെ ക്യൂബയെന്ന ഇത്തിരിക്കുഞ്ഞൻ രാജ്യത്തെ നട്ടെല്ലു വളയാതെ അരനൂറ്റാണ്ടിലേറെക്കാലം കാത്ത ശക്തിദുർഗ്ഗമായിരുന്നു ഫിഡൽ. അതുകൊണ്ടു തന്നെ അനീതികൾക്കെതിരെ ഭൂഗോളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളവരിൽ പോരാട്ട വീര്യം നിറയ്ക്കാൻ ശേഷിയുള്ള ഊർജ്ജശ്രോതസ്സുമായിരുന്നു അദ്ദേഹം. അതിജീവനത്തിന്റെ അത്യത്ഭുതം. അതാണ് ക്യൂബയെയും കാസ്ട്രോയ്ക്കൊപ്പം ഒരു പ്രതീകമാക്കിയത്.

ക്യൂബ ഒരു പ്രതീകമാണ്. എകാധിപത്യത്തിനെതിരായ വിപ്ലവ വിജയത്തിന്റെയും സാമ്രാജ്യത്വത്തിന് എതിരായ ചെറുത്തു നിൽപ്പിന്റെയും ആധുനിക ലോകത്തെ ഏറ്റവും വലിയ പ്രതീകം. കുടിപ്പകയുടെ കടുത്ത കലിപ്പിൽ അമേരിക്കൻ ദോഷൈക ദൃക്കുകളിൽ ചിലർ കമ്യൂണിസ്റ്റു രാഷ്ട്രാധിപത്യത്തിന്റെ തന്നെ അവസാനത്തെ പ്രതീകം എന്നും ഈ ദ്വീപ രാഷ്ട്രത്തെ വിശേഷിപ്പിക്കുന്നു. വിപ്ലവ പാതയിലൂടെ ഏകാധിപത്യത്തിന്റെ കാരിരുന്പു ചങ്ങലക്കെട്ടുകളിൽ നിന്നും മുക്തമായ ഭൂമിയാണ്‌ ക്യൂബ. അധിനിവേശങ്ങളുടെ നൂറ്റാണ്ടുകൾക്കിപ്പുറം ജനശക്തി പോരാട്ടത്തിന്റെ കനൽ വഴികളിലൂടെ അധികാരം സ്വന്തമാക്കിയ വിപ്ലവത്തിന്റെ പുണ്യഭൂമി. പതിറ്റാണ്ടുകളായി ലോകമൊട്ടാകെയുള്ള ബഹുജന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ഒരു പിടി പേരുകളുണ്ട് ആ മണ്ണുമായി ബന്ധപ്പെട്ട്. വിപ്ലവ സൂര്യനായ ഫിഡൽ കാസ്ട്രോയും കാസ്ട്രോയുടെയും ഊർജ്ജമായിരുന്ന വിപ്ലവ നക്ഷത്രമായ ഏണസ്റ്റൊ ചെ ഗുവേരയും ആണ് ആ പട്ടികയിലെ ഏറ്റവും തിളക്കമുള്ള നാമങ്ങൾ. കമ്യൂണിസം കൊണ്ട് ഭൂമി മലയാളവും ക്യൂബയോട്‌ രക്തബന്ധ സമാനമായ അടുപ്പം എന്നും കാത്തു സൂക്ഷിക്കുന്നു. നമ്മുടെ തലമുറകൾക്ക് വിപ്ലവ വീര്യം പകർന്നവരാണ് അവർ. അതുകൊണ്ടാണ് എപ്പോഴൊക്കെ താങ്ങും തണലും  ആവശ്യമുണ്ടോ അപ്പോഴൊക്കെ നമ്മുടെ നാട്ടിൽ  നിന്നും ക്യൂബയിലേയ്ക്ക് സഹാനുഭൂതിയുടെയും സഹായത്തിന്റെയും കിരണങ്ങൾ നീണ്ടു ചെന്നത്. ക്യൂബക്കാരെ സ്വന്തം കൂടപ്പിറപ്പുകളായാണ് നമ്മൾ എന്നും കണ്ടു പോരുന്നത്. അതിൽ കമ്യൂണിസ്റ്റ്, കമ്യൂണിേസ്റ്റതര  വ്യത്യാസമില്ല. കാരണം വിപ്ലവമെന്ന പ്രത്യാശ നമ്മുടെ മനസുകളിൽ ജ്വലിപ്പിച്ചു നിർത്തുന്ന പ്രതിരൂപമാണ് നമുക്കൊക്കെ ക്യൂബ. ചൂഷണത്തിന്റെ അമേരിക്കൻ കരുത്തിനെ പ്രതിരോധിച്ചു നിർത്തുന്ന ചങ്കുറപ്പിന്റെ പര്യായമാണ് ക്യൂബ. 

അര നൂറ്റാണ്ടിലേറെയായി വിപ്ലവം പുഷ്പിച്ച മണ്ണാണ് ലോകത്തിനു ക്യൂബ. വിപ്ലവനായകനായ ഫി‍ഡൽ കാസ്ട്രോയും തുടർന്ന് സഹോദരൻ റൗൾ കാസ്ട്രോയും വാഴുന്ന നാട്. അരനൂറ്റാണ്ടിലേറെ  മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ലോക നായകരായ അമേരിക്കയെപ്പോലൊരു ഗോലിയാത്തിന്റെ  അധീശത്വ തന്ത്രങ്ങൾക്കു മുന്പിൽ നെഞ്ചുറപ്പോടെ പിടിച്ചു നിന്ന ഡേവിഡ്. 

കാലത്തിന്റെ കുത്തൊഴുക്കിൽ ഈ ഗോലിയാത്തിനും ദാവീദിനുമിയിടെ വിരോധത്തിന്റെ മഞ്ഞുമലയിടിയുന്നതിനുള്ള നടപടികളും കണ്ടുകൊണ്ടാണ് ഇപ്പോൾ ക്യൂബൻ നായകൻ ചരിത്രമാകുന്നത് എന്ന കൗതുകവും ബാക്കിയാവുന്നു. ക്യൂബയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള മഞ്ഞ് അതിവേഗം ഉരുകുന്പോൾ ലോക ക്രമവും വീണ്ടും പോളിച്ചെഴുതപ്പെടുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അര നൂറ്റാണ്ടു നീണ്ട ശത്രുതയ്ക്കു വിരാമമിട്ടു കൊണ്ടുള്ള സുപ്രധാന നടപടികൾക്ക് തുടക്കമായത്. 1961 മുതൽ നിലവിലുണ്ടായിരുന്ന ഉപരോധം അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതോടെയാണ് ഇത്. ഉപരോധം മൂലം ആ രാജ്യത്ത് പതിനായിരങ്ങൾ കഷ്ടപ്പെടുന്നതിനിടെ വന്ന പുതിയ വാർത്തകൾ ഏറെ ആശ്വാസ കരമാണ്. ഉപരോധം മൂലം പ്രധാന മരുന്നുകളടക്കമുള്ള അവശ്യ വസ്തുക്കളുടെ ദൗർലഭ്യം ക്യൂബക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്ത്  അവശ്യ മരുന്നുകൾ കിട്ടാതെ ആയുസ്സൊടുങ്ങിയവരുടെ എണ്ണം ഏറെയാണ്‌. ഉപരോധം നീളുന്നതോടെ ഈ സ്ഥിതിക്കു മാറ്റം വരും.  ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ തമ്മിലുള്ള ഉന്നതതല ചർച്ചകളുടെ ഫലമായാണ് ഉപരോധം നീക്കാനും സഹകരണം മെച്ചപ്പെടുത്താനുമുള്ള തീരുമാനം ഉണ്ടായത്. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുപക്ഷവും പല നടപടികളും കൈക്കൊണ്ടു തുടങ്ങിയിട്ടുണ്ട്. 2009 മുതൽ ക്യൂബയിൽ തടവിലായിരുന്ന അമേരിക്കൻ ബിസിനസുകാരനായ അലെൻ ഗ്രോസിനെ മോചിപ്പിച്ചതാണ് ഇതിൽ പ്രധാനം.

 പുതിയ നടപടികൾ പൂർണ്ണമാകുന്നതോടെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയെയും വിയറ്റ്നാമിനെയും പോലെ ക്യൂബയും തുറന്ന വിപണിയുടെ വക്താക്കളായി തന്നെ മാറും എന്നു കരുതപ്പെടുന്നു. നിലവിൽ കേന്ദ്രീകൃത നിയന്ത്രിത വിപണിയാണ് ക്യൂബയിലേത്. ഇത് തുറന്ന വിപണി വ്യവസ്ഥിതിക്കു വഴി മാറാൻ അധിക കാലം വേണ്ടി വരില്ല. ഇതോടെ രാജ്യത്ത് വിദേശ മൂലധന നിക്ഷേപത്തിനും സ്വകാര്യ മേഖലയുടെ ശാക്തീകരണത്തിനും വഴി തുറക്കും. ഇതുവരെ എതിർത്തിരുന്ന കുത്തകകൾ ഒരു പക്ഷെ നാളെ ഹവാനയടക്കമുള്ള നഗരങ്ങളിൽ പരസ്പരം മത്സരിച്ചേക്കാം. സ്വതന്ത്ര വിപണി വരുന്നതിന്റെ ഭാഗമായി രാജ്യത്തു നിലവിലുള്ള ഇരട്ട കറൻസി വ്യവസ്ഥ പിൻവലിക്കുകയാണ്. എന്നാൽ ഇരു രാജ്യങ്ങളും തങ്ങളുടെ ആശയഗതികളിലും കാഴ്ച്ചപ്പാടുകളിലും നിലപാടുകളിലും വെള്ളം ചേർക്കാതെയാവും സഹകരിക്കുക എന്ന് ക്യൂബൻ പ്രസിഡണ്ട് റൗൾ കാസ്ട്രോ വ്യക്തമാക്കിയിട്ടുണ്ട്. ഇത് എങ്ങനെ പ്രാവർത്തികമാകും എന്ന കാര്യത്തിൽ സംശയമുണ്ട്. ഇനി അറിയേണ്ടത് കമ്യൂണിസ്റ്റുകാർ അംഗീകരിച്ചാലും ഇല്ലെങ്കിലും കുടുംബ വാഴ്ചയുടെ കടിഞ്ഞാൺ കൈവിടാൻ കാസ്ട്രോ കുടുംബം തയ്യാറാകുമോ എന്നതാണ്. പ്രത്യേകിച്ച് അടികാരത്തിന്റെ ഇടനാഴികളിൽ റൗളിന്റെ പുത്രി മരിയേല  കാസ്ട്രോയുടെ പേരും ഉയർന്നു  കേട്ടു തുടങ്ങിയ സാഹചര്യത്തിൽ. ക്യൂബക്കാർക്ക് വെളിനാടുകളിലേക്കു പോകാനുള്ള നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റത്തിന് പുതിയ നടപടികൾ വഴിവയ്ക്കും എന്നുറപ്പാണ്. അടഞ്ഞ സാന്പത്തിക വ്യവസ്ഥിതി പോലെ തന്നെ ഒരു പരിധി വരെ അടഞ്ഞ ഒരു സാമൂഹ്യാന്തരീക്ഷമായിരുന്നു ഇന്നലെ വരെ കമ്മ്യൂണിസ്റ്റ് ക്യൂബയിലേത്. പുറം നാടുകളിലേക്ക് പോകുന്നതിന് അതികർശനമായ നടപടി ക്രമങ്ങളാണ് നിലവിലുണ്ടായിരുന്നത്. ഇതിനു പ്രത്യേക ലൈസൻസ് തന്നെ വേണ്ടിയിരുന്നു. പല കടന്പകൾ താണ്ടി ഈ സമ്മതി പത്രം ലഭ്യമാക്കുക അതീവ ദുഷ്കരവുമായിരുന്നു. ഇനി മുതൽ വിദേശത്തുപോകാൻ ക്യൂബക്കാർക്ക് സ്വന്തം പാസ്പോർട്ടും തിരിച്ചറിയൽ കാർഡും മാത്രം മതി. സ്വാതന്ത്ര്യവും സമത്വവും ഇഷ്ടപ്പെടുന്ന സമൂഹം നെഞ്ചിലേറ്റിയ വിപ്ലവത്തിലൂടെ ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയ പ്രതീക്ഷകളുടെ രാഷ്ട്രമാണ് ക്യൂബ. പക്ഷെ ഈ പ്രതീക്ഷകളിൽ ഏറെയൊന്നും  പൂവിട്ടില്ല എന്നതാണ് സത്യം. അധിനിവേശങ്ങളുടെ നൂറ്റാണ്ടുകൾക്കിപ്പുറം ഫുൾജെൻഷ്യൊ ബാറ്റിസ്റ്റ എന്ന ഏകാധിപതിയുടെ കാൽ നൂറ്റാണ്ടത്തെ ഭരണം അരങ്ങു വാഴുന്നതിനിടെയായിരുന്നു ഫിഡലിന്റെ നേതൃത്വത്തിലുള്ള യുവരക്തം ദ്വീപരാഷ്ട്രത്തിന്റെ അധികാരം സ്വന്തമാക്കിയത്. തങ്ങളുടെ വിളിപ്പാടകലെയുള്ള ചെറു രാഷ്ട്രത്തിൽ നിന്നും കമ്യൂണിസത്തെ വേരോടെ പിഴുതെറിയാൻ മാറി മാറി വന്ന അമേരിക്കൻ ഭരണകൂടങ്ങൾ  അന്നുതൊട്ടിങ്ങോട്ട് ശ്രമം തുടരുകയാണ്. ഫിഡൽ കാസ്ട്രോയും മറ്റു സഖാക്കന്മാരും എണ്ണമില്ലാത്തത്ര തവണ വധശ്രമങ്ങളെ അഭിമുഖീകരിച്ചു. കാസ്ട്രോയും കൂട്ടരും  അവയൊക്കെ അതിജീവിച്ചു. എങ്കിലും കാലം വരുത്തിയ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളുടെ കുത്തൊഴുക്കിനെ അതിജീവിക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യം ക്യൂബയുടെ ഗതി മാറ്റം ശരിെവയ്ക്കുന്നു. ഏകകക്ഷി സർവ്വാധിപത്യം നിലവിലുള്ള ക്യൂബയിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന് ഇപ്പോഴും പ്രതിഫലം തടവു തന്നെയാണ്. പ്രതിഷേധം സമാധാന പരവും പ്രതീകാത്മകവും ഒക്കെയായായും ഇതിനു മാറ്റമില്ല.

ക്യൂബയും ലോകവും കണ്ണീർ വാർക്കുന്പോൾ ചിലരെങ്കിലും ചരിത്ര നായകന്റെ വിയോഗത്തിൽ ആനന്ദം കണ്ടെത്തുന്നുമുണ്ട്. ക്യൂബയിൽ നിന്നു പലായനം ചെയ്യപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ലിറ്റിൽ ഹവാനയിലുള്ളവരാണ് ഈ ആഘോഷക്കാർ. അമേരിക്കയിലെ മിയായിയിലാണ് ലിറ്റിൽ ഹവാന. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ട്രംപിനും കാസ്ട്രോയെക്കുറിച്ച് പറയാൻ നല്ല വാക്കുകളില്ല.അതെന്തൊക്കയായാലും വിമർശനങ്ങൾ എത്രയുയർന്നാലും സ്വന്തം ജീവിതകാലത്തുതന്നെ ഇതിഹാസമാനമാർന്ന വ്യക്തിത്വമായിരുന്നു ഫിഡൽ കാസ്ട്രോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇനിയും ഒരുപാടു തലമുറകൾക്കും വിപ്ലവവീര്യം പകരാനുള്ള ഊർജ്ജം ആ പേരിൽ ഇനിയും അവശേഷിക്കുന്നു എന്നുമുറപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed