പേ­യ്ക്കാ­ലം...


ചെന്നൈയിലെ ഇൻഡസ്ട്രിയൽ ഇക്കണോമിസ്റ്റ് ദ്വൈവാരികയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലം. ഒറ്റത്തടിയായുള്ള താമസം പാവങ്ങൾ തിങ്ങിപ്പാർക്കുന്ന മാന്പലത്താണ്. കല്യാൺ രാമനാഥൻ, മലൈച്ചെൽവൻ പിന്നെ ഞാൻ. മാഗസിൻ പ്രൻ്റിനയക്കാനുള്ള ഉത്തരവാദിത്തം  ഈ മൂവർ സംഘത്തിനാണ്. ഫൈനൽ എഡിറ്റിംഗും പേജ്നേഷനും കറക്ഷനുമെല്ലാം ചേരുന്ന പ്രവൃത്തി ചിലപ്പോഴെങ്കിലും 24 മണിക്കൂറോ അതിനപ്പുറമോ നീളും. അങ്ങനെ ഒരു തവണ മാഗസിൻ വർക്ക് പൂർത്തിയാക്കി ഫയലുകൾ കോപ്പി ചെയ്ത് വടപഴനിയിലുള്ള പ്രസിലെത്തിച്ച് കല്യാണിന്റെ ടി.വി.എസ്സ് മോപ്പഡിന്റെ പിൻ സീറ്റിലിരുന്ന ഞാൻ മാന്പലത്തെത്തി. മണി രണ്ട്. കുറ്റാക്കുറ്റിരുട്ട്. ഇടയ്ക്കിടെ ചില സ്ട്രീറ്റ് ലൈറ്റുകളുടെ പ്രകാശം. ഇടവഴിയിലൂടെ ഒരു ഇരുനൂറു മീറ്റർ ഇനിയും നടക്കണം. ഉറക്കക്ഷീണവും വിശപ്പുമുണ്ട്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിന്റെ പരിധിയിൽ റോഡിൽ ഒരു മുരൾച്ച, ഇരുളിലും തിളങ്ങുന്ന കറുത്ത ദേഹം. സ്വിച്ചോഫാക്കപ്പെട്ട യന്ത്രം പോലെ ഞാൻ നിന്നു. ഭയം എന്റെ സിരകളിലൂടെ ഇരച്ചുകയറി. സ്വപ്നങ്ങളിൽ ചിലപ്പോൾ അനുഭവപ്പെടാറുള്ളതു പോലെ ശരീരം മരവിച്ചു. 

പത്തടി അകലത്തിലുള്ളത് ഒരു കറുത്ത നായാണ്. ആൾ (കു)പ്രശസ്തനാണ്. മാന്പലം പ്രദേശത്ത് 16 പേരെ കടിച്ച് ‘ദ ഹിൻഡു’
വിലും ‘ഇന്ത്യൻ എക്സ്പ്രസ്സി’ലും പ്രാദേശിക പത്രങ്ങളിലുമെല്ലാം പ്രതിഷേധക്കത്തായും വാർത്തയായുമൊക്കെ ഇടംപിടിച്ച കക്ഷി. എന്റെ മരവിപ്പ് അൽപ്പാൽപ്പമായി മാറി. രണ്ടാളും അനങ്ങുന്നില്ല. നായ ഇടയ്ക്കിടെ മുരളുന്നുണ്ട്. എന്റെ തൊണ്ടയിലെ മരവിപ്പു മാറിയിട്ടില്ല. ഇടുങ്ങിയ തെരുവിലൂടെ മുന്നോട്ടോ പിന്നോട്ടോ ഓടിയാൽ കടി ഉറപ്പ്. ഓടിക്കയറാൻ മരങ്ങളില്ല. അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കയറാനുള്ള ശ്രമം വിജയിക്കണമെന്നില്ല. എങ്ങനെ പോയാലും പുക്കിളിനു ചുറ്റും 14 കുത്ത് ഉറപ്പ്. വേദന. എന്റെ പേടി മാറിത്തുടങ്ങി. പ്രത്യാശ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പേടി. നാട്ടിലെ ഭേദപ്പെട്ട കുടുംബാന്തരീക്ഷത്തിൽ നിന്നും ഇത്തരമൊരു ഗതികേടിലേയ്ക്കു പറിച്ചു നടപ്പെടേണ്ടി വന്നതിനെക്കുറിച്ചോർത്തപ്പോൾ മനസ്സിൽ ദേഷ്യം ഇരച്ചുകയറി. 

ഞാൻ ഈ പരിതോവസ്ഥയിൽ നിൽക്കുന്പോൾ എനിക്കു ചുറ്റുമുള്ള ലോകത്തോടു മൊത്തം ദേഷ്യം തോന്നി. 

ലോകം മൊത്തം എതിർ ചേരിയിൽ നിൽക്കുന്പോൾ കേവലം ഒരു തെരുവുപട്ടി വെറും പുല്ലാകുന്നു. തൃണം. വായിൽ വരാവുന്ന ഏറ്റവും മുഴുത്ത അശ്ലീല പദവും ചേർത്ത് ഒരൊറ്റ അലർച്ചയായിരുന്നു. പോ −−(ഡാഷേ...). എട്ടു നാടും പൊട്ടുംമാറുള്ള എന്റെ അലർച്ച കേട്ടോ എന്തോ, പട്ടി വിട്ടു പോയി. എനിക്കു വിശ്വസിക്കാനായില്ല. തളർന്നവശനായ ഞാൻ ഒരു വിധത്തിൽ നടന്നു വീട്ടിലെത്തി. ഭൂമിമലയാളത്തെത്തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന തെരുവുനായ ശല്യമാണ് ഈ പഴയ സംഭവം വീണ്ടും ഓർമ്മയിലെത്തിച്ചത്. 

യഥാർത്ഥത്തിൽ കടി ഉറപ്പാണെന്ന തിരിച്ചറിവിൽ മരവിച്ചു നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ പൊതു സമൂഹം. അതു മാറിയാൽ പ്രശ്നത്തിനു പരിഹാരമായി. അതിർത്തിയിൽ നിന്നും അമേരിക്കൻ പട്ടാളം ബോംബുകൾ വർഷിച്ചുകൊണ്ടു നമുക്കു നേരേ പാഞ്ഞടുക്കുന്നതു പോലെയോ ഏതോ അന്യഗ്രഹജീവികൾ ഭൂമി കീഴടക്കാൻ വരും പോലെയോ ഒക്കെയാണ് നമ്മിൽ പലരും തെരുവു നായക്കളുടെ തേർവാഴ്ചയെ ചിത്രീകരിക്കുന്നത്. ഭീകരതയുടെ ആ തേർവാഴ്ചയ്ക്ക് കേന്ദ്രമന്ത്രിണി  മേനകാ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. സഹസൈന്യാധിപയായി രഞ്ജിനി ഹരിദാസ്. ഈ ചിത്രീകരണം ഒരൽപ്പം കടന്ന കൈയാണ് എന്നു പറയാതെവയ്യ. 

തെരുവു നായ നമ്മുടെ നാട്ടിൽ ഇന്നൊരു ഭീകര ജീവി തന്നെയാണ്. എന്നാലത് സിംഹവും കടുവയും മദയാനയുമൊന്നുമല്ല. നാട്ടിലിറങ്ങി ജീവനുഭീഷണിയാകുന്ന വന്യമൃഗങ്ങളെയും മദമിളകിയ ആനകളെയും വെടിവെച്ചു വീഴ്ത്താൻ നമുക്കു നിയമ തടസ്സവും മടിയുമില്ല. മനുഷ്യന്റെ സ്വൈര്യ വിഹാരത്തിനു ഭീഷണിയാകുന്ന പട്ടിക്കൂട്ടങ്ങൾക്ക് എന്തിനാണ് പ്രത്യേകിച്ചൊരു പദവിയും സംരക്ഷണവും നൽകുന്നതെന്ന് അറിയില്ല. ചിലരുടെ രോഷപ്രകടനം കണ്ടാൽ തോന്നും ഓരോ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നിടത്തും മേനകയും രഞ്ജിനിയും ഓടിയെത്തി തടയുന്നുണ്ടെന്ന്. ഇതു ശുദ്ധ അസംബന്ധമാണ്. പൊതുജനത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ബാദ്ധ്യത ഗ്രാമ പഞ്ചായത്ത് അധികാരികളിൽ തുടങ്ങുന്നു. നായ്ക്കളെ തല്ലിക്കൊല്ലേണ്ടി വന്നാൽ അതു ചെയ്യണം. അതിനെതിരേ കോടതിയിൽ പോകുന്നവനെതിരേ നിയമത്തിന്റെ വഴിയിലൂടെ തന്നെ പരിഹാരം തേടണം. അതൊന്നും ചെയ്യാതെ ഉത്തരവാദപ്പെട്ടവർ മുട്ടാത്താപ്പുകൾ പറഞ്ഞ് നിഷ്ക്രിയരാകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മരുന്നു മാഫിയയുടെ സ്വാധിനമുണ്ടെന്ന് ചിലരെങ്കിലും ആരോപിച്ചേക്കാം. ആൻ്റീ റാബ് വാക്സിനുകളുടെ (പേയ് വിഷബാധക്കുള്ള മറുമരുന്ന്) വിപണി കോടികളുടേതാണ്. തെരുവുനായ്ക്കളും പട്ടികടിയും നിലനിൽക്കേണ്ടത് ആ കന്പനികളുടെ ആവശ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed