വെളിച്ചം വീശിയ കാഴ്ചകൾ...

ഒളിഞ്ഞിരിക്കുന്ന ചിന്തകളെ പ്രാവർത്തികമാക്കാൻ കുട്ടികൾക്ക് കിട്ടുന്ന നല്ല അവസരങ്ങളാണ് ശാസ്ത്രമേളകൾ. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂളിൽ നടന്നതും അടുത്ത ദിവസങ്ങളിൽ മറ്റ് സ്കൂളുകളിൽ നടക്കാനിരിക്കുന്നതുമായ ഈ ശാസ്ത്ര കൗതുക മേളകൾ കുട്ടികളുടെ ചിന്താശക്തിയെ കുറച്ചൊന്നുമല്ല തൊട്ടുണർത്തുന്നത്. പുസ്തകങ്ങളിലൂടെ നേടുന്ന അറിവുകൾ പരീക്ഷയെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്പോൾ അതിൽ നിന്നും തീർത്തൂം വ്യത്യസ്തമായി വിശാലമായി ചിന്തിക്കാനും പ്രവർത്തിപഥത്തിൽ പഠിച്ചതൊക്കെ ഒന്നു പരീക്ഷിച്ചു നോക്കാനും കൂടിയുള്ള ഒരവസരമാണ് ഇവ നൽകുന്നത്. ഇതിൽ മനസോടെ പങ്കാളികളാകുന്ന കുട്ടികളുടെ മനസ് ഒരു പരീക്ഷണ ശാലയായി മാറുന്നു. പ്രത്യേകിച്ചും ഇവിടെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം ഒതുക്കിയിരുന്ന കുട്ടികൾ സ്വയം ഓരോ കൊച്ചു ശാസ്ത്രജ്ഞരായി മാറുകയാണ് ഈ ശാസ്ത്രമേളകളിലൂടെ. വിദ്യാഭ്യാസം ഇന്ന് ഒരു ബിസിനസാകുകയും പഠനം ഒരു നല്ല ജോലി സന്പാദനം മാത്രം ലക്ഷ്യമാക്കുകയും ചെയ്യുന്ന ഈ നാളുകളിൽ വളരുന്ന തലമുറയിൽ ജീവിതത്തെക്കുറിച്ച് ഒരവബോധം വളർത്തിയെടുക്കാൻ ക്ലാസു മുറികളിലെ പഠനം മാത്രം പോരാ. ശാസ്ത്രം വളരുകയും ജീവിതം പല കാരണങ്ങളാൽ ദുസ്സഹമാകുകയും, ഈ പ്രകൃതിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്പോൾ, പ്രകൃതിയെ നശിപ്പിക്കാതെ, അവയിലുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ട് ശാസ്ത്ര നേട്ടങ്ങളെ ജീവിതവുമായി ബന്ധിപ്പിക്കാൻ എങ്ങനെ കഴിയും എന്ന് സ്വയം മനസിലാക്കാൻ കൂടിയുള്ള ഇത്തരം അവസരങ്ങളെ കൂട്ടികൾ പ്രയോജനപ്പെടുത്തണം.
ഓരോ ദിവസവും ഓരോ പുതിയ അറിവുകളുമായി ശാസ്ത്ര ലോകം നമ്മെ വരവേൽക്കുകയാണ്. നമ്മുടെ ജീവിതത്തിന്‍റെ നന്‍മകൾക്കായി, നടത്തിപ്പിനായി ഓരോന്നും വഴികാട്ടുന്പോൾ, അവയിലേയ്ക്ക് ആഴ്ന്നിറങ്ങി അറിവുകളെ എങ്ങനെ കുട്ടി യോജിപ്പിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കണം. പലരും സ്വയം കഴിവുകളെ മനസിലാക്കാതെ, പഠനത്തിനായി അൽപം മാത്രം തങ്ങളുടെ ബുദ്ധിയെ ഉപയോഗിക്കുന്നു. തലയും തലച്ചോറും കുറേയേറെ ചിന്തിക്കാനും പ്രവർത്തിക്കാനും അറിവുകളെ ഒന്നു പരീക്ഷിച്ചു നോക്കാനും പങ്കുവയ്ക്കാനും ഒക്കെയായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. അതിനായി കിട്ടുന്ന അവസരങ്ങളെ എപ്പോഴും സ്വീകരിച്ച് പുതിയ പുതിയ ആശയങ്ങൾ നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി നമുക്കും സമൂഹത്തിനും പ്രയോജനമുള്ളതാക്കി തീർക്കണം. അദ്ധ്യാപകരുടെ നിർദേശവും മാതാപിതാക്കളുടെ സഹകരണവും പ്രയോജനപ്പെടുത്തി അറിവിന്‍റെ വാതായനങ്ങളെ തുറക്കാൻ ജീവിതത്തിൽ കിട്ടുന്ന ഓരോ അവസരവും നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തണം. അതിനായി ഉണർന്നു പ്രവർത്തിക്കുക.
ആശംസകളോടെ,
ടീച്ചറമ്മ.