സമൂ­ഹത്തിന് മറവി­ രോ­ഗം ബാ­ധി­ക്കു­ന്പോൾ...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ നടത്തിയ പ്രസംഗത്തിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ചിന്തയായിരുന്നു സമൂഹത്തിന് അൽഷിമേർസ് ബാധിച്ചാൽ ഉണ്ടാകുന്ന ദുരന്തം. മറവി രോഗം അഥവാ അൽഷിമേർസ് ബാധിച്ചു കഴിഞ്ഞാൽ രോഗബാധിതന് അത് തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും ചുറ്റുമുള്ളവർക്ക് ആ ഒരു സാഹചര്യം നൽകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. സ്വന്തം മുഖം പോലും കണ്ണാടിയിൽ തിരിച്ചറിയാൻ സാധിക്കാത്ത അത്തരം അവസ്ഥ ഒരാൾക്ക് വരുന്പോൾ തീർത്തും സങ്കടകരവുമാണ്. ഒരു സമൂഹത്തിന് ഇത്തരമൊരു അവസ്ഥ വന്നു പോയാൽ അവിടെ വിപത്ത് ഏറുമെന്നാണ് ബഹുമാനപ്പെട്ട സ്പീക്കർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. വളരെയേറെ ശരിയായിട്ടുള്ള നിരീക്ഷണമായി തന്നെ അതിനെ കാണാം. 

ഇന്ന് നമ്മുടെ സമൂഹത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഈ മറവി രോഗം പടർന്നിരിക്കുന്നു. ‍തങ്ങളെന്തായിരുന്നുവെന്നോ, തങ്ങളുടെ പൂർവികർ എന്തൊക്കെയായിരുന്നുവെന്നോ ഒക്കെ ഇന്ന് പലരും മറന്നുപോയിരിക്കുന്നു. മുന്പ് നിലനിന്നിരുന്ന പരസ്പര സ്നേഹബഹുമാനങ്ങളാണ് ഈ മറവി രോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായികൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും ഹിംസയുടെ കൊലവിളി കേൾക്കുന്പോൾ അതിനെ നഖശിഖാന്തം എതിർക്കുകയും അപലപിക്കുകയും ചെയ്തിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. മനുഷ്യരുടെ അവകാശങ്ങളെ ആര് തന്നെ ഹനിച്ചാലും മുഖം നോക്കാതെ നമ്മൾ ഒന്നിച്ച് നിന്ന് വിമർശിച്ചിരുന്നു. അതു കൊണ്ടായിരുന്നു നമ്മുടെ ചായക്കട ചർച്ചകൾ എന്നും ചൂട് പിടിച്ചത്. എന്നാൽ കാലം മാറിയപ്പോൾ പതിയെ നമ്മിൽ പലർക്കും ആദ്യം സൂചിപ്പിച്ച മറവി രോഗം ബാധിച്ചപ്പോൾ ഹിംസയുടെ ഭാഗത്ത് നിന്ന് അതിനെ ന്യായീകരിക്കാനും പലർക്കും സാധിക്കുന്നു. ഇന്ന് പക്ഷെ ഈ ന്യായീകരണ ചർച്ചകൾ തുറന്നിട്ട ചായക്കടകളിൽ നിന്ന് ഒളിച്ചിരിക്കാവുന്ന ഓൺലൈൻ ഇടങ്ങളിലേയ്ക്ക് മാറിയെന്നതും യാഥാർത്ഥ്യം. ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകമായാലും ശരി, റോഹിങ്ക്യൻ അഭയാർത്ഥികൾ നേരിടുന്ന സമാനതകളില്ലാത്ത ക്രൂരതകളായാലും ശരി ഇന്ന് ആലോചിച്ച്, പക്ഷം പിടിച്ചാണ് വിമർശനവും, അപലപിക്കലുമൊക്കെ നടക്കുന്നത്. ഹിംസിക്കപ്പെടുന്നവന്റെ ജാതിയും, മതവും, പേരും, ദേശവും ഒക്കെ അറിഞ്ഞിട്ട് മാത്രമേ സാംസ്കാരിക ബുദ്ധിജീവികൾ എന്നവകാശപ്പെടുന്നവർ പോലും വായ തുറക്കൂ. മറവി രോഗത്തിനോടൊപ്പം തന്നെ അടിമത്തവും ഇവർക്ക് അലങ്കാരമായി മാറിയിരിക്കുന്നു. നിർദോഷികളായ സ്ത്രീകളുടെ, കുട്ടികളുടെ നേർക്ക് നടക്കുന്ന അക്രമങ്ങളെ പോലും ന്യായീകരിക്കാനും നിരവധി കാരണങ്ങളാണ് ഇന്ന് നിരത്തപ്പെടുന്നത്. പരസ്പര സാഹോദര്യത്തിന്റെ ഒരു ഓണക്കാലം കൂടി നമ്മുടെ ഇടയിൽ നിന്ന് വിടവാങ്ങുന്പോൾ ഇത്തരത്തിലുള്ള ചില ചിന്തകൾ കൂടി നമ്മൾ പങ്കിടണമെന്ന് ഓർമ്മിപ്പിച്ചു കൊള്ളട്ടെ... 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed