കറുപ്പ് വെളുക്കുന്പോൾ... പ്രദീപ് പുറവങ്കര


പുര കത്തുന്പോൾ‍ വാഴ വെട്ടുന്നവർ‍ എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. അത്തരമൊരു തീരുമാനമാണ് കേരള നാട്ടിലെ വ്യാപാര വ്യവസായ സമിതി എടുത്തിരിക്കുന്നത് എന്ന് പറയാതിരിക്കാൻ‍ വയ്യ. കേന്ദ്ര ഗവൺമെന്റ് നോട്ട് പിൻ‍വലിക്കലുമായി മുന്പോട്ട് പോകുന്നതിന്റെ സ്വാഭാവികമായ പ്രശ്നങ്ങൾ‍ സാധാരണക്കാരനെ വലയ്ക്കുന്ന സാഹചര്യത്തിൽ‍ തന്നെ അനിശ്ചിതകാല സമരത്തിനാഹ്വാനം ചെയ്തത് അത്ര ശരിയായൊരു നടപടിയല്ല. രാജ്യത്തെ കള്ളപ്പണത്തിന്റെ തോത് കുറയ്ക്കാൻ‍ എടുത്ത നടപടി എടുപിടി എന്നായിപ്പോയെന്നു പറയുന്നവർ‍ ധാരാളമുണ്ട്. അവരുടെ വാദഗതികളോട് യോജിക്കുന്പോൾ‍ തന്നെ ഇതല്ലാതെ മറ്റൊരു മാർ‍ഗ്ഗവും ഇല്ലെന്ന് പറയേണ്ടി വരും. 

വ്യാപാരി വ്യവസായികൾ‍ കടയടപ്പ് സമരവുമായി മുന്പോട്ട് പോവുകയാണെങ്കിൽ‍ അത് നാട്ടിൽ‍ തീർ‍ച്ചയായും അരാജകത്വം സൃഷ്ടിക്കുമെന്നുറപ്പാണ്. കേവല ഹർ‍ത്താലുകൾ‍ പോലെ ഒന്നോ രണ്ടോ ദിവസം കടയടക്കുന്നത് ജനങ്ങൾ‍ സഹിച്ചെന്നു വരും. അതുകൂടി കഴിഞ്ഞാൽ‍ സാധാരണ ജനം കടകൾ‍ തകർ‍ത്ത് സാധനങ്ങൾ‍ എടുത്തുകൊണ്ടു പോകുന്ന കാഴ്ച്ച നമ്മുടെ നാട് കാണും. എടിഎമ്മുകൾ‍ക്ക് മുന്പിലും, ബാങ്കുകളുടെ മുന്പിലും ക്യൂ നിൽ‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർ‍ദ്ധിക്കുന്ന സാഹചര്യത്തിൽ‍ ഇത്തരമൊരു അപകടം കൂടി ഉണ്ടായാൽ‍ അതിനെ നിയന്ത്രിക്കാൻ‍ സാധിക്കില്ല. അതുകൊണ്ട് ആ തീരുമാനത്തിൽ‍ നിന്ന് പിന്‍മാറുമെന്ന പ്രതീക്ഷയാണ് സാധാരണക്കാർ‍ക്കുള്ളത്. 

ഇന്ത്യ പോലെയൊരു രാജ്യത്ത് ഇത്രയും വലിയ ഒരു മാറ്റം ഉണ്ടാക്കിയ തീരുമാനം എടുക്കുന്നതിന് മുന്പ് അൽ‍പ്പം മുൻ‍കരുതൽ‍ സർ‍ക്കാർ‍ എടുക്കേണ്ടത് തന്നെയായിരുന്നു. ഈ മാറ്റത്തിനെ തുടർ‍ന്ന് രണ്ടായിരം രൂപ ഇറക്കുന്നതിനോടൊപ്പം തന്നെ അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകൾ‍ കൂടി വിപണിയിൽ‍ ഇറക്കിയിരുന്നെങ്കിൽ‍ നിലവിൽ‍ നേരിടുന്ന പ്രശ്നങ്ങളെ കുറേയൊക്കെ നേരിടാമായിരുന്നു എന്നാണ് നിക്ഷ്പക്ഷരായ സാന്പത്തിക വിദഗ്ദ്ധർ‍ പോലും ചൂണ്ടികാണിക്കുന്നത്. രണ്ടായിരം രൂപ ഒരു സാധാരണക്കാരന് ലഭിക്കുന്പോൾ‍ അതിന് ചില്ലറ കിട്ടാൻ നിലവിലെ സാഹചര്യത്തിൽ‍ വലിയ പ്രയാസം തന്നെയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപ്പെടൽ‍ അടിയന്തരമായി ഈക്കാര്യത്തിലുണ്ടാവേണ്ടതാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം നോട്ടുകൾ‍ മാറ്റിവാങ്ങാനായി ബാങ്കുകൾ‍ക്ക് മുന്പിൽ‍ ക്യൂവിൽ‍ നിൽ‍ക്കുന്നവരിൽ‍ വാർ‍ദ്ധക്യം ബാധിച്ചവർ‍ മുതൽ‍ പൂർ‍ണ്ണ ഗർ‍ഭിണികൾ‍ വരെയുണ്ടെന്നതാണ്. ഇവർ‍ക്ക് പ്രത്യേക ലൈനോ അല്ലെങ്കിൽ‍ പെട്ടന്ന് പണം മാറ്റി പോകാൻ‍ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളോ അത്യാവശ്യമാണ്. നമ്മുടെ നാട്ടിലെ സന്നദ്ധ സംഘടനകൾ‍ക്കും ഇതിൽ‍ ഏറെ ചെയ്യാനുണ്ട്. ക്യൂവിൽ‍ നിൽ‍ക്കുന്നവർ‍ ദാഹജലം മുതൽ‍ക്കുള്ള സൗകര്യം എത്തിക്കാവുന്നതാണ്.

പരസ്പരം കുറ്റപ്പെടുത്താതെ നമ്മുടെ നാട്ടിലെ കള്ളപ്പണസ്രോതസ്സുകൾ‍ക്കെതിരെ കേന്ദ്രസർ‍ക്കാർ‍ തുടങ്ങി വെച്ച പ്രകിയ പൂർ‍ത്തീകരിക്കാൻ‍ ഒരു പൗരൻ‍ എന്ന നിലയിൽ‍ നമുക്ക് ബാധ്യതയുണ്ട് എന്ന് തിരിച്ചറിയേണ്ട സമയമാണിത്. ചിലപ്പോൾ‍ ഈ നേരത്ത് അംബാനിയെയും അദാനിയെയും പിടികൂടാൻ‍ നമുക്ക് സാധിച്ചേക്കില്ല. പക്ഷെ വീടിന്റെ തൊട്ടപ്പുറത്ത് കൊള്ളപലിശയ്ക്ക് കടം കൊടുത്തും, കള്ളപ്പണം അലമാരയിലും, കട്ടിലിനടിയിലും സൂക്ഷിച്ചു വെച്ചിരിക്കുന്നവരെ ശിക്ഷിക്കാൻ‍ സാധിച്ചേക്കും, തീർ‍ച്ച..

You might also like

  • Straight Forward

Most Viewed