ഉത്തിഷ്ഠത ജാഗ്രത...
അരുവിക്കരയിൽ ശബരിനാഥൻ കര കയറി എം.എൽ.എയായിസത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ. കേവലം എട്ടുമാസത്തേയ്ക്ക് മാത്രമുളള ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിൽ മാത്രമല്ല തുടക്കം മുതൽ തന്നെ രാഷ്ട്രീയ പാർട്ടികൾ അരുവിക്കരയിലെ മത്സരത്തെ കണ്ടിരുന്നത്. ജി. കാർത്തികേയൻ എന്ന മാന്യനായ നേതാവ് കാൽനൂറ്റാണ്ടിലധികം പരാജയമറിയാതെ വിജയിച്ചു പോകുന്ന കോൺഗ്രസ്സ് സംസ്കാരമുള്ള ഈ മണ്ണിൽ എന്തുകൊണ്ടോ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം അത് ഇല്ലെന്ന് എത്ര തവണ പറഞ്ഞാലും!!
കാരണം അത്രമാത്രം മോശമായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി ഗവൺമെന്റിനെ പറ്റിയുള്ള ആരോപണങ്ങൾ. ഇനി അടുത്ത തെരഞ്ഞെടുപ്പ് മാമാങ്കം വരെ ശതമാന കണക്ക് പറഞ്ഞ് ഇടതുപക്ഷത്തിന് പിടിച്ചുനിൽക്കാൻ ശ്രമിക്കാമെങ്കിലും അത് പൊതുസമൂഹം എത്രത്തോളം വിശ്വസിക്കുമെന്ന് പറയാറായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് പ്രധാനമായും ബാക്കി വെയ്ക്കുന്ന ഒരു ചോദ്യം ഏറെ കാലത്തെ ശ്രമത്തിന് ശേഷം കേരളത്തിൽ ഭാരതീയ ജനതാ പാർട്ടി രണ്ടുമുന്നണികളുടെയും നടുവിൽ ഒരു പ്രധാന കക്ഷിയായി ഉയർന്നുവരുന്നുണ്ടോ എന്നതാണ്. അങ്ങിനെയെങ്കിൽ അതിന്റെ ഉത്തരവാദി ആരാണ് എന്നത് ചിന്താവിഷയമാണ്.
ഇന്ന് ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വമാണ്. രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും ആ പാർട്ടിയ്ക്ക് ഇപ്പോൾ ശക്തമായ വേരോട്ടവുമുണ്ട്. കേരളത്തിൽ കാലങ്ങളായി കെട്ടിവെച്ച കാശ് പോകുമെന്നറിഞ്ഞിട്ടും നിരന്തരമായ ഇടപെടലുകളിലൂടെ അവർ സജീവമായിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ തണലിൽ തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച് തന്നെയാണ് ഭാരതീയ ജനതാ പാർട്ടി ഇന്ന് കേരളത്തിൽ നിലയുറിപ്പിക്കുന്നത്. അത് അങ്ങിനെ അല്ലെന്ന് ആരു തന്നെപറഞ്ഞാലും സത്യസന്ധമായ ഒരു വസ്തുതയല്ല. അതുകൊണ്ട് തന്നെ ഒ. രാജഗോപാൽ എന്ന സംസ്കാര സന്പന്നനായ ഒരു നേതാവിന്റെ തണലിൽ മാത്രം ലഭിച്ച വോട്ടുകളല്ല ബി.ജെ.പിക്ക് അരുവിക്കരയിലേത് എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടത് ഇടതുപക്ഷമാണ്. ആരും തന്നെ അരുവിക്കരയിൽ വോട്ട് മാറി കുത്തിയിട്ടില്ല. എല്ലാവരും നല്ലവണം കരുതി തന്നെയാണ് കുത്തിയിരിക്കുന്നത്. എന്തായിരിക്കണം ഇതിന്റെ കാരണമെന്ന് പ്രബുദ്ധ കേരളവും, പ്രത്യേകിച്ച് ഇടതുപക്ഷവും ചിന്തിക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിൽ ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ ഇരു മുന്നണികളും ഒരു പോലെ അദ്ധ്വാനിച്ചപ്പോഴാണ് നമ്മുടെ നാട്ടിൽ ഭൂരിപക്ഷ വർഗ്ഗീയത വർദ്ധിച്ചത്. കേരളത്തിൽ ഇന്ന് അന്പത്തിയഞ്ച് ശതമാനത്തോളമാണ് ഹിന്ദുമതക്കാർ ഉള്ളത്. 25 ശതമാനം മുസ്ലീം വിശ്വാസികളും, 20 ശതമാനം ക്രിസ്ത്യാനികളുമാണ്. മുന്പ് ഇതിൽ ഹിന്ദുമത വിശ്വാസികളിൽ ഭൂരിഭാഗവും ഇടതുപക്ഷത്തിന്റെ കൂടെയായിരുന്നു. എന്നാൽ ഇന്ന് അത് മാറിയിരിക്കുന്നു. കേരളത്തിലായാലും, പ്രവാസലോകത്തായാലും ഒരു മലയാളി മറ്റൊരു മലയാളിയെ പരിചയപ്പെടുന്നത് പോലും ജാതിയും, മതവും നോക്കി മാത്രമായിരിക്കുന്നു എന്നു പറയുന്നത് ഇപ്പോൾ അതിശയോക്തിയല്ല, യാഥാർത്ഥ്യമാണ്.
അരുവിക്കര ഇടതുപക്ഷത്തിന്റെ മണ്ധലമല്ലായിരിക്കാം. എങ്കിലും അവർക്ക് സാധാരണ ലഭിക്കുന്ന വോട്ടുകൾ പോലും വഴി മാറി പോയത് മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടാണോ എന്ന് ആത്മപരിശോധന നടത്തണം. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കും, നിലനിൽപ്പിനും വേണ്ടി നിലകൊണ്ടിരുന്ന, അതിന് വേണ്ടി പട പൊരുതിയിരുന്ന ഇടതുപക്ഷം ഇന്ന് എവിടെയാണ് എത്തിയിരിക്കുന്നതെന്നും ചിന്തിക്കണം. ഒപ്പം കേരളത്തിന്റെ മനസ് മാറി തുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്‍ഞുകൊണ്ട് വർഗീയതയെ വർഗീയത കൊണ്ടല്ല നേരിടേണ്ടതെന്ന് നമ്മുടെ ഇടതുപക്ഷം പഠിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഉയർന്നുവരേണ്ടത് മനുഷ്യത്വമാണ്. മനുഷ്യത്വമില്ലാത്ത നേതാക്കൾ മുന്നിലേയ്ക്ക് കടന്നുവരുന്പോൾ ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അത് ഏറ്റവും മികച്ച അവസരം കൂടിയാകുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും ഇനി അധികം കാലമില്ല. ഇടതും വലതുമുള്ള മുന്നണികളോട് പറയാനുള്ളത് കാവി തലയിൽ ചൂടിയ മഹാത്മാവ് പറഞ്ഞത് തന്നെ “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത..”!!

