ഹിക്കാറി ഡിക്കാറി ഡോക്ക്......


രാവിലെ ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കും മുന്പ് എന്റെ കൈവിരലുകൾ പതിവ് പോലെ നീണ്ടത് തലയണക്കിടയിലുള്ള ആൻഡ്രോയിഡ് ഫോണിലേയ്ക്ക് തന്നെയായിരുന്നു. പാതി അടഞ്ഞ കണ്ണുകളോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വന്ന ഗുഡ്മോണിങ്ങ് സന്ദേശങ്ങൾക്ക് സ്മൈലികളയച്ചും, ഫേസ്ബുക്കിലെ പുതിയ അപ് ഡേറ്റുകൾ നോക്കിയും, വായിച്ചും ഇരിക്കുന്പോഴാണ് ചെവിയിലെയേക്ക് ചെറിയ മകളുടെ പാട്ട് അലയടിച്ചത് വന്നത്. 

എഴുന്നേറ്റ് ചെന്ന് നോക്കിയപ്പോൾ തന്റെ പുതിയ പാഠപുസ്തകത്തിൽ നിന്നുള്ള ഒരു നഴ്സറി റൈം നോക്കി ഈണത്തിൽ വായിക്കുകയാണ് കക്ഷി. അപ്പോഴാണ് അടുത്ത മകൾ വരുന്നത്. ബുദ്ധന്റെ കഥ പറയുന്ന അമർ ചിത്രകഥയായിരുന്നു അവളുടെ കൈയിൽ. ഹാപ്പി ഫാദേർസ് ഡേ അച്ഛാ എന്നും പറഞ്ഞ് കവിളത്ത് ഒരുമ്മയും, പോയി പല്ല് തേക്കച്ഛാ എന്ന താക്കീതുമായി പുസ്തകമെടുത്ത് അവളും വായന തുടർന്നു. ഞാൻ ഒരു ചായ കുടിച്ചുകൊണ്ട് വീണ്ടും എന്റെ മൊബൈൽ സ്ക്രീനിലേയ്ക്ക് കണ്ണും നട്ടിരിപ്പായി. 

അച്ഛൻമാരുടെ ദിനത്തോടൊപ്പം ഇന്ന് വായന ദിനം കൂടിയാണെന്ന് ഫേസ്ബുക്കിലെ പോസ്റ്റുകൾ എന്നെ ഓർമ്മിപ്പിച്ചു. ശ്രീ പി.എൻ. പണിക്കരുടെ അനുസ്മരണവും ഇതോടനുബന്ധിച്ച് പലയിടങ്ങളിലും നടക്കുന്നു. “വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ‍ വിളയും, വായിച്ചില്ലെങ്കിൽ വളയും”. വായനയുടെ പ്രസക്തി ഓർമ്മിപ്പിക്കുന്ന ഈ ദിനത്തിൽ കുഞ്ഞുണി മാഷിന്റെ ഈ വരികൾ തന്നെയാണ് ചിന്തയിൽ വന്നത്. സംസ്‌കാര സന്പന്നനായ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന സുപ്രധാന ഘടകം അയാളുടെ വായന തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.  നിശ്ചലമായ തടാകം പോലെയാണ് വായനയില്ലാത്ത മനസ്സുകൾ എന്നതും യാത്ഥാർത്ഥ്യം തന്നെ.  

ഇന്നത്തെ കുട്ടികളൊന്നും തീരെ വായിക്കുന്നില്ല. ചൂടുദോശ ചുട്ടെടുത്ത് തരുന്പോൾ ഞാൻ പ്രിയതമയോട് പറഞ്ഞു കൊണ്ടിരുന്നു. അതൊക്കെ നമ്മുടെ കാലം. വായിച്ചു തള്ളുകയായിരുന്നു പുസ്തകങ്ങളും, മാസികകളും, പത്രങ്ങളുമൊക്കെ. ഞാൻ നിർത്തിയില്ല. വീടിനടുത്തുള്ള വായനശാലയെന്ന് പറഞ്ഞാൽ അത് നമുക്കൊക്കെ മറ്റൊരു വീടായിരുന്നു. ഒരു ചെറിയ അവധി കിട്ടിയാൽ ഉടനെ അവിടെ ഓടിയെത്തും. വലിയ അലമാരകളിൽ ഒതുക്കി വെച്ചിരിക്കുന്ന പുസ്തകകെട്ടുകളിൽ നിന്ന് എം.ടിയും, ബഷീറും, ചുള്ളിക്കാടും, കുഞ്ഞിരാമൻ നായരും, പൊറ്റക്കാടും ഒക്കെ ഇങ്ങ് ഇറങ്ങി വരും. പിന്നെ അവർക്കൊപ്പമാണ് കൂട്ട്. ഭാവനയുടെ മറ്റൊരു ലോകത്തേയ്ക്ക് അവർ ഞങ്ങളെ കൈ പിടിച്ചുയുർത്തും. വീട്ടിൽ ചെന്നിട്ടാണ് പിന്നെ ബാക്കി. അവിടെയും ചെറിയൊരു ലൈബ്രറി. അതിന്റെ ഉദ്ഘാടനം ഞാനായിരുന്നു ചെയ്തത്. നാടയൊക്കെ മുറിച്ച് അച്ഛൻ അത് ഭയങ്കര സംഭവമാക്കി തന്നു. ബുദ്ധനും, ഗാന്ധിയും, കൃഷ്ണനും, യേശുവും, മുഹമ്മദുമൊക്കെ പ്രിയപ്പെട്ടവരായത് ഈ വായനയിലൂടെയായിരുന്നു. കുട്ടിക്കാലത്തെ ഇത്തരം ഓർമ്മകളൊക്കെ ഇന്നത്തെ കുട്ടികൾക്ക് എവിടെ കിട്ടാൻ അല്ലെ. ആത്മഗതം ‍ഞാൻ തുടർന്നു. 

ഇടയ്കിടെ ചിരിച്ചു കൊണ്ട് ഭാര്യ ദോശ പ്ലേറ്റിലേയ്ക്ക് ഇട്ടുക്കൊണ്ടിരുന്നു. ആ ചിരിയിൽ എന്തോ ഒരു പുച്ഛമുണ്ടോ എന്ന് സംശയം എനിക്കും തോന്നാതിരുന്നില്ല. അതു കൊണ്ടായിരിക്കണം കൂടുതൽ ഡയലോഗടിക്കാതെ മൊബൈൽ സ്ക്രീനിലേയ്ക്ക് തന്നെ ഞാൻ കണ്ണുകൾ കൂർപ്പിച്ചത്. അത്യാവശ്യം കുറച്ച് ഗുഡ്മോണിങ്ങ് സന്ദേശങ്ങൾ കൂടി അപ്പോഴേക്കും എത്തിയിരുന്നു. ഗാലറിയിൽ കിടക്കുന്ന ഫിലോസഫി സന്ദേശങ്ങൾ ഒരു ഗുഡ്മോണിങ്ങിനൊപ്പം പല ഗ്രൂപ്പുകളിലേയ്ക്ക് വഴി തിരിച്ചു വിട്ടു ഞാനും എന്റെ പ്രഭാത കർമ്മങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നു. 

അച്ഛാ, ഈ കപിലവസ്തു  ഇന്ത്യയിലാണോ അതോ ചൈനയിലാണോ. മോളുടെ ചോദ്യം പെട്ടന്ന് എന്നെ ഒന്നു ഞെട്ടിച്ചു. ബുദ്ധന്റെ കഥ വായിച്ചിട്ടുള്ള സംശയമാ. ഒന്ന് പറഞ്ഞു കൊടുത്തേക്ക്.. കുറേ വായിച്ചിട്ടുള്ള ആളല്ലേ. ഭാര്യയുടെ കമന്റ് എന്റെ നെഞ്ചത്ത് തന്നെ കൊണ്ടു. അത് ചൈനയിലാണെന്ന് തോന്നുന്നു... ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു അവൾ കാണാതെ മൊബൈലിലെ ഗൂഗിളിലേയ്ക്ക് എന്റെ കൈവിരൽ നീണ്ടു. ഒപ്പം ചോദ്യവും. ഈ കപില വസ്തു എവിടെയാ എന്റെ ഗൂഗിളേ... ഒന്ന് വേഗം പറഞ്ഞു തരൂ...

ഉത്തരം വേഗം തന്നെ വിക്കിപീഡിയ പറഞ്ഞു തന്നു. “പുരാതന ഇന്ത്യയിലെ ഒരു നഗരമായിരുന്നു കപിലവസ്തു. ഇപ്പോൾ നേപ്പാളിലാണിത് സ്ഥിതി ചെയ്യുന്നത്. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ബുദ്ധമതതീർത്ഥാടനകേന്ദ്രമാണ്‌.” മോളേ ഇതൊക്കെ സിംപിളല്ലേ. കപില വസ്തു നേപ്പാളിലാ കേട്ടോ.. വായിച്ചു പഠിച്ചേക്കണം... അച്ഛനൊക്കെ അങ്ങിനെയാ ഇതൊക്കെ മനസിലാക്കിയത്. മോളും മോശമാകരുത്.. 

അപ്പോഴേക്കും ഇളയ മകളുടെ വായന മറ്റൊരു പേജിലേയ്ക്ക് കടന്നിരുന്നു. ഹിക്കാറി ഡിക്കാറി ഡോക്ക്.. അവൾ പാട്ട് പാടിക്കൊണ്ടേയിരുന്നു...

You might also like

  • Straight Forward

Most Viewed