തിളച്ചുകൊണ്ടിരിക്കണം ചോര...


എലിപത്തായം എന്ന സിനിമയിലെ മുകളിലെ രംഗം ഓർത്ത് പോകുന്നു. സ്വന്തം പറന്പിലെ വിളവ് തിന്നുന്ന പശുവിനെ പോലും ചാരുകസേരയിൽ നിന്ന് ഒന്ന് എഴുന്നേറ്റ് ഒടിക്കാൻ മടി കാണിക്കുന്ന നായകൻ... ശോ പശു.. പോ പശു... എന്നൊക്കെ പറഞ്ഞ് ഉശിരു കാണിക്കുന്നവൻ.. ഇതല്ലെ സത്യത്തിൽ ഇന്നത്തെ ഞാനും നിങ്ങളും അടങ്ങിയ മലയാളിയെന്ന് തോന്നിപോകുന്നു ഓരോ ദിവസത്തെയും നാണം കെടുത്തുന്ന വാർത്തകൾ വന്നു നമ്മുടെ ഓരോരുത്തരുടെയും തല മൂടുന്പോൾ. 

ഭ്രാന്ത് പാരന്പര്യ രോഗമാണെന്ന് പറയാറുണ്ട് ചിലർ. അങ്ങിനെയെങ്കിൽ സ്വാമി വിവേകാനന്ദൻ വർഷങ്ങൾക്ക് മുന്പ് പറഞ്‍ഞത് അക്ഷരം പ്രതി ശരിയാണ്്. നമ്മുടെ നാട് ഭ്രാന്താലയമാണ്, നാം ഓരോരുത്തരും മുഴുത്ത ഭ്രാന്തമാരും. പെണ്ണുടലിനെ ചരക്കായും, പീസായും, സാധനമായും പിന്നെ എഴുതാൻ നാണം തോന്നുന്ന വാക്കുകളായും മാത്രം കാണുന്ന ഏറ്റവും അധമമായ സംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ് ഇന്നത്തെ ഓരോ മലയാളിയും എന്ന് പറയാതിരിക്കാൻ വയ്യ. ഓരോ പെൺശരീരവും അവളുടെ നഗ്നത മറയ്ക്കാൻ ഉടുക്കുന്ന വസ്ത്രത്തിനുള്ളിലൂടെ ഒളിഞ്ഞുകാണുന്ന അരവയർ പോലും മലയാളിക്ക് ഇന്ന് തന്റെ വികാരശമനത്തിനുള്ള കേളീരംഗമാണ്. അതിന് വയസോ, ജാതിയോ, മതമോ, വർഗമോ, നിറമോ, രാഷ്ട്രീയമോ ഒന്നും തന്നെ ബാധകമല്ല. 

ഓരോ ദുരന്തങ്ങൾ അരങ്ങേറുന്പോഴും ഫേസ് ബുക്കിലൂടെ പ്രതിക്ഷേധജ്വാലകൾ ഉതിർക്കുന്നവരുടെ മൊബൈൽ ഫോണിന്റെ പാസ് വേ‍ഡ് സ്വന്തം ഭാര്യയോട് പോലും പറയാൻ സാധിക്കാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും. കാരണം അവിടെ നിറയുന്നത് ഭോഗാസക്തികളുടെ എട്ടും പത്തും ജിബി ഡാറ്റയാണ്്. ഉടുതുണി പൊക്കി എപ്പോഴും എവിടെയും ആരുടെയും മുന്പിൽ മൂത്രമൊഴിക്കുന്ന ആണുങ്ങളാണ് ഈ നാട്ടിൽ നിറയെ. എന്നാൽ ഒരു പെണ്ണ് അവളുടെ ആൺ സുഹൃത്തിനൊപ്പം കൈ പിടിച്ചു നടന്നാൽ അപ്പോൾ തിളക്കും ചോര ഓരോ മലയാളിയുടെയും ഞരന്പിൽ. കാപട്യമേ നിന്റെ പേരല്ലെ മലയാളി എന്ന് എന്നോട് തന്നെ കണ്ണാടിയിൽ നോക്കി ചോദിക്കാനേ ഈ ജനുസിൽ പെട്ട എനിക്കും പറ്റുന്നുള്ളൂ.

ആണുങ്ങൾക്ക് മാത്രമല്ല ഈ നാട്ടിൽ ഭ്രാന്ത്. കാമം തലയ്ക്ക് പിടിച്ച പെണ്ണുങ്ങളും നാട്ടിൽ ഉടനീളം അഴിഞ്‍ഞാടുന്നു. അതിന് സ്വന്തം വയറ്റിൽ നിന്ന് പുറത്ത് വന്ന പിഞ്ചുകുഞ്ഞിനെ പോലും കഴുത്ത് ഞെരിച്ച് കൊല്ലുന്നു. പണം വാങ്ങി ശരീരം നൽകാൻ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പോകുന്പോൾ സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും തന്നെ കാവൽ നിർത്തുന്നു. ആർത്തിയാണ്, എല്ലാത്തിനോടും ഒടുക്കത്തെ ഭ്രാന്ത് പിടിച്ച ആർത്തി.

അന്തിചർച്ചകളിൽ നമ്മളെ ചൂടുപിടിപ്പിക്കാൻ ആരെങ്കിലും വേണം. അത് സരിതയാകാം, സൗമ്യയാകാം, ജിഷയാകാം, അതുമല്ലെങ്കിൽ രാഹുൽ പശുപാലനാകാം. എങ്ങിനെ ആയാലും മലയാളിയുടെ ഞരന്പിൽ ചോരയും മറ്റു പലതും തിളയ്ക്കണം. രാപ്പടങ്ങൾ നൽകുന്ന സുഖം തരണം ഓരോ വാർത്തകളും. എന്നിട്ട് ആ വാർത്തകളെയും കെട്ടിപിടിച്ച് വേണം ഉറക്കം നടിക്കാൻ. കൂർക്കം വലിക്കുന്നത് പോലെ അഭിനയിക്കാൻ. 

ചിന്തകൾക്കിടയിൽ അച്ഛാ പെണ്ണായാൽ ഒരു ഗുണമുണ്ട്. ഏത് ഡ്രസും ഇടാം. സാരിയും ഇടാം, ജീൻസും ഇടാം.. ആണുങ്ങൾക്ക് പക്ഷെ അത് പറ്റില്ലല്ലോ. മൂന്നാം ക്ലാസുകാരി മകൾ പറഞ്ഞു. തിരികെ ചോദിച്ചത്, മോളെ നിന്റെ കരാട്ടെ പഠിത്തം എവിടെയെത്തി എന്ന് മാത്രം. ഒപ്പം എപ്പോഴെങ്കിലും എന്റെ പെൺമക്കൾക്ക് ഇങ്ങിനെയൊരു അവസ്ഥ വന്നിട്ടുണ്ടെങ്കിൽ മലയാളിയുടെ അന്തി ചർച്ചാപ്രേമത്തിനും, സോഷ്യൽ മീഡിയകളിലെ വികാര പതപ്പിക്കലിനൊന്നും കാത്തിരിക്കാൻ ഞാൻ എന്ന അച്ഛൻ നിൽക്കില്ലെന്ന ഉറച്ച തീരുമാനവും എന്റെ മനസ് എടുത്തു കഴിഞ്ഞിരുന്നു. അപ്പോഴേക്കും നല്ലൊരു കത്തി തീർച്ചയായും ഞാൻ മൂർച്ച കൂട്ടി വെച്ചിരിക്കും, ഉറപ്പ്!!

You might also like

Most Viewed