മാറാത്ത ശീലങ്ങളുടെ തടവുകാർ

നമ്മുടെ ആരോഗ്യം ഗുരുതരമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് ഇന്ന് നാമെല്ലാം ജീവിക്കുന്നത്. വെല്ലുവിളികൾ വിവിധ തലങ്ങളിലുള്ളവ, എല്ലാം നാം തന്നെ ഉണ്ടാക്കിയവ. നാം തന്നെ മുറിച്ചുകൊണ്ടിരുക്കുന്ന നാമിരിക്കുന്ന കൊന്പ് ഇനിയെങ്ങനെ താഴെ വീഴാതെ നോക്കാം എന്ന വേവലാതിയാണ് ഇന്ന് പരക്കെ പങ്കു വെക്കപ്പെടുന്നത്. ഫലഭൂയിഷ്ടവും ജലസന്പന്നവുമായിരുന്ന നമ്മുടെ നാട് നമ്മെ പൊള്ളിക്കുന്ന ഒരു മരുഭൂമിയാകുന്നത് നിറഞ്ഞ വേദനയോടെ മാത്രമേ ഏതു കേരളീയനും കാണുവാനാവു. നമ്മുടെ മനോഭാവത്തിനു സമൂലമായ മാറ്റം ഉണ്ടാകാതെ വെറുതെ വിലപിക്കുന്നത് വ്യർഥമാണ്. രാഷ്ട്രീയം എന്തുതന്നെ ആയാലും യോജിപ്പിന്റെ മേഘലകൾ കണ്ടെത്താനും അതിന്റെ വ്യാപ്തി വിപുലമാക്കാനും ഇപ്പോൾ ശ്രമിച്ചില്ലെങ്കിൽ ഇരിക്കുന്ന കൊന്പ് പൂർണമായും മുറിയാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല. വിവാദത്തിലും വിയോജിപ്പിലും വ്യർഥമാക്കാൻ ഇനി സമയമില്ലെന്ന സത്യം ഉൾക്കൊണ്ട് വിവേകത്തിനും വിചാരത്തിനും വേണ്ടി സമയം വിനിയോഗിക്കാനുള്ള ഔചിത്യം പുലർത്താനുള്ള ഭാവം ഇനിയുമില്ലെങ്കിൽ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല.
ആരോഗ്യം നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനുഷ്യനിൽ നിന്നുണ്ടാകുന്നതും മനുഷ്യന്റെ പ്രവൃത്തിക്ക് പ്രകൃതി തിരിച്ചടി നല്കുന്നത് വഴി ഉണ്ടാകുന്നതുമാണ്. ഓരോ മരത്തിനു മഴു വീഴുന്പോഴും ചെയ്യുന്ന ദ്രോഹത്തെപ്പറ്റി ഉയരുന്ന ഉൾശബ്ദത്തോട് ബധിരത പുലർത്തുന്നവരും അജ്ഞത കൊണ്ട് അത്തരം ശബ്ദങ്ങൾ കേൾക്കാത്തവരും ഉണ്ട്. ഇതിൽ ആദ്യം പറഞ്ഞവർ തികഞ്ഞ കുറ്റവാളികളാണ്. അവർ നമ്മുടെ നാടിനെ ഇത്തരത്തിലാക്കിയവരാണ്. മറ്റുള്ളവർക്കായി തണലും പ്രാണവായുവും തരുന്ന വൃക്ഷങ്ങൾക്ക് മേൽ വീഴുന്ന ഓരോ വെട്ടും ഇന്നനുഭവിക്കുന്ന നിസ്സഹായാവസ്ഥയിലേക്ക് എത്താനുള്ള വഴിവെട്ടൽ ആയിരുന്നു എന്ന സത്യം മറക്കാവതല്ല. ഒരുകാര്യം പകൽവെളിച്ചം പോലെ സ്പഷ്ടമാണ്. നാം ചെയ്യുന്ന കാര്യങ്ങൾ അതെ അളവിൽ നമ്മിലേക്ക് തിരിച്ചു വരും. ആ സത്യത്തെ പ്രായോഗികമായോ, വിശ്വാസപരമായോ സൌകര്യമായ രീതിയിൽ ഉൾക്കൊള്ളാം. ആ സത്യം തെറ്റാണെന്ന് സ്ഥാപിക്കാൻ ആരെങ്കിലും വന്നാൽ അവരോടു സഹതപിക്കാൻ പോലും ആവില്ല.
പുറമേക്ക് എല്ലാം ശരിയെന്നു തോന്നാമെങ്കിലും യഥാർത്ഥത്തിൽ ആരോഗ്യമുള്ള മനസ്സുകളുടെ അഭാവമല്ലേ ശരീരത്തെയും അനാരോഗ്യത്തിലേക്ക് നയിക്കുന്നത്? അല്ലെങ്കിൽ മണൽവാരി കൊലപ്പെടുത്തുന്ന പുഴകളുടെയും തലവെട്ടി കൊല്ലപ്പെടുന്ന കുന്നുകളുടെയും ഹരിതചർമം ഉരിച്ചുമാറ്റി വിക്രുതമാക്കപ്പെടുന്ന കൃഷിഭൂമികളുടെയും വെട്ടിമാറ്റി കുഴിച്ചുമൂടപ്പെടുന്ന തണ്ണീർത്തടങ്ങളുടെയും രോദനം കേൾക്കുന്ന കാത് ആ മനസ്സുകൾക്കുണ്ടായേനെ. പുഴകൾ ഒഴുകാതായപ്പോൾ മനസ്സുകളിൽ ഒഴുകുമായിരുന്ന ആർദ്രതയുടെ പുഴകളും വറ്റിപ്പോയി. കുന്നുകൾ വെട്ടിമാറ്റപ്പെട്ടപ്പോൾ മനസ്സുകൾ മലിനമാകാതെ കാത്തിരുന്ന നീതിബോധത്തിന്റെ ഗിരിശ്രുംഗങ്ങളും ഇല്ലാതായി. കൃഷിഭൂമികളുടെ ചർമം ഉരിച്ചതിനാൽ ഭൂമി നഗ്നതയുടെ ഭീകരാവസ്ഥ പ്രാപിച്ചപ്പോൾ മനുഷ്യൻ സംസ്ക്കാരത്തിന്റെ പുറംചട്ടകളെല്ലാം ഉരിഞ്ഞ് അധമത്വങ്ങളെല്ലാം പുറത്തു കാണിക്കുന്ന അവസ്ഥയുമായി. ഇത്രയുമൊക്കെ പ്രവർത്തിച്ച് ഭൂമിയെയും പ്രകൃതിയെയും അവനവനെ തന്നെയും ദ്രോഹിച്ചിട്ട് ചെയ്ത തിന്മകൾ അവനവനിലേക്ക് തിരികെ വരുന്പോൾ ഭയചകിതനായിട്ടു വലിയ പ്രയോജനം ഒന്നുമില്ല.
ഓരോ വ്യക്തിയും സമൂഹത്തിലെ മറ്റുള്ളവർ ഓരോരുത്തരോടുമുള്ള ഉത്തരവാദിത്തം തിരിച്ചറിയുന്ന ഒരു സമൂഹത്തിനു മാത്രമേ ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കൂ, അത്തരക്കാർക്കു അത് സാധിക്കുകയും ചെയ്യും. ഇതിനു ഉത്തമ ഉദാഹരണമാണ് മഹാരാജ്യങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ ഞെരുങ്ങിക്കിടക്കുന്ന ചെറുനാട് ഭൂട്ടാൻ. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തെക്കാൾ തങ്ങൾക്കാവശ്യം മൊത്തം ദേശീയ സന്തോഷമാണ് ഇന്ന് ഉറക്കെ പ്രഖ്യാപിച്ച രാജ്യം. അവർ പരസ്പ്പരം ഉത്തരവാദിത്തത്തൊടെ പ്രവർത്തിച്ച് അത് നേടിയെടുത്തു കഴിഞ്ഞു. പ്രകൃതി നമ്മുടെ രക്ഷക്കായി തന്ന ഓസോൺ കവചം എല്ലാ ജീവജാതികളുടെയും സ്വന്തമാണ്. ഓരോ രാജ്യങ്ങളും കാർബൺ മലിനീകരണത്തിന് തങ്ങളുടേതായ സംഭാവന ചെയ്യുന്പോൾ അത് ദ്രവിക്കുന്നു. ഭൂട്ടാൻ ഇത്തരത്തിലുള്ള ഒരു സംഭാവനയും നടത്താതെ കാർബൺ നിഷ്പക്ഷമായ അന്തരീഷം സൃഷ്ടിച്ചാണ് ജീവിക്കുന്നത്.ഇത് ജനതയുടെ കൂട്ടായ ഉത്തരവാദിത്തത്തിലൂടെ മാത്രം സാധിച്ചതാണ്. ചിന്തിച്ച്, ചർച്ചചെയ്ത്, ശ്രദ്ധാപൂർവം പ്രായോഗികമാക്കിയ കർമപദ്ധതിയിൽക്കൂടിയാണ് അവരതു സാധിച്ചത്. രാജ്യത്തെ ജനത മുഴുവൻ സന്തോഷപൂർവം അതിന്റെ ഭാഗമായി. അതാണ് ദിശാബോധമുള്ള ജനത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനജാതികൾ ഇത്തരത്തിലുള്ള ദിശാബോധം ഓരോ ഘട്ടങ്ങളിലും വേണ്ടപോലെ പ്രകടിപ്പിക്കുന്നവരാണ്. അവർ നാട് വളർത്തുന്നത് അവിടെയുള്ള പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഒരു തരത്തിലും കളങ്കപ്പെടുത്താതെയാണ്. ഇന്ന് നമ്മുടെ നാട് വിലപിക്കുന്നതുപോലെയുള്ള അവസ്ഥ അവരുടെ നാടിനില്ല. പക്ഷെ ഇതിനു വല്ലതും സമയമുണ്ടോ നമുക്ക്? നമ്മൾ അങ്ങിനെയൊന്നും വഴങ്ങുന്നവരല്ല. നിസ്സാര കാര്യങ്ങൾക്കായി നമുക്ക് സമയമില്ല. നമുക്ക് സമയം വിവാദിക്കാനുല്ലതല്ലേ!! ഭക്ഷണം പോലെതന്നെ നമുക്ക് വിവാദവും, ഇല്ലാതെ ജീവിക്കാനാവില്ല!!