ജിഷ, നിന്റെ ബലിദാനം ഇവരുടെ കണ്ണു തുറപ്പിക്കുമോ ?

നാടിന്‍റെ സംസ്കാരം ബോധ്യപ്പെടുവാനുള്ള ഉപാധി നിങ്ങൾ നിങ്ങളുടെ ജയിലുകൾ സന്ദർശിക്കുക എന്നു പറഞ്ഞ സാഹിത്യകാരൻ, ജയിലുകൾ നിങ്ങളുടെ സംസ്കാരത്തിന്‍റെ അളവുകോലാകും എന്ന് ഓർമ്മിപ്പിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിൽ സ്ത്രീകളുടെ സുരക്ഷിതത്വം (പോലും) മാനദണ്ധമാക്കിയാൽ ഏതോ മാനസിക വിഭ്രാന്തി ബാധിച്ചവരുടെ നാടായി ആളുകൾക്കു നമ്മുടെ രാജ്യത്തെ കരുതേണ്ടിവരും. അതിനു സഹായകരമായ വാർത്തകളാണ് ഇന്നു നമ്മൾ കേട്ടുവരുന്നത്.
ലോകത്തെ ഇന്ന് ജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള എല്ലാ പ്രത്യയ ശാസ്ത്രങ്ങളും ചെറിയ ഏറ്റകുറച്ചിലുകൾ ഒഴിച്ച് നിർത്തിയാൽ സ്ത്രീ വിരുദ്ധമാണെന്നു പറഞ്ഞാൽ അതായിരിക്കും ശരിയോടെ കൂടുതൽ അടുത്തു നിൽക്കുന്നത്. നിലവിലുള്ള ചൂഷണങ്ങളെ ഗൗരവതരമായി നോക്കികണ്ടു പഠിച്ച മാർക്സിയൻ ചിന്തകരിൽ മുൻനിരയിലുണ്ടായിരുന്ന ലെനിന്‍റെ വരികൾ മതിയാകും ലോകത്ത് നിലനിൽക്കുന്ന സ്ത്രീ വിരുദ്ധത സത്യസന്ധമായി ബോധ്യപ്പെടുവാൻ. എല്ലാ ദിവസവും കുടുംബത്തിന്‍റെ പേരിൽ സ്ത്രീകൾ അവരുടെ ജീവിതം ബലിനൽകേണ്ടി വരുന്നു എന്ന അദ്ദേഹത്തിന്‍റെ വരികൾ സത്യം എത്ര ക്രൂരമാണെന്ന് ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾ ഏതവസ്ഥയിലും മറ്റെല്ലാവരും അനുഭവിക്കുന്ന ചൂഷണത്തിനൊപ്പം കുടുംബത്തെ നിലനിർത്തുവാനായി മറ്റു ചില പീഡനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഇതിൽ ഏറ്റവും വലിയ ഇരകൾ ഇന്ത്യൻ സ്ത്രീസമൂഹമാണ്. കെട്ടുറപ്പുള്ള കുടുംബം എന്ന ഇന്ത്യൻ പരന്പരാഗത ധാരണ നിലനിർത്തുവാൻ കൂടുതൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ സ്ത്രീകളുടെ തലയിൽ കേട്ടിവെയ്ക്കുന്നതും ഇന്ത്യയിലാണ്. ഇന്ത്യൻ സ്ത്രീകളുടെ വേതനരഹിത തൊഴിലിന്‍റെ സമയദൈർഘ്യം യൂറോപ്പിനെക്കാൾ ആറിരട്ടി ഇവിടെ കൂടുതലായത് അവിചാരിതമല്ല. കൃഷി ആരംഭിച്ച കാലത്തിനു ശേഷമാണ് സ്ത്രീവിരുദ്ധ നിലപാടുകളിലേയ്ക്ക് ലോകം മാറിയത്. അതും ആയുധം ഉയോഗിച്ചുള്ള കൃഷി പ്രധാന വിഷയമായതിനു പിന്നാലെ മാത്രം.
പ്രാചീന കുടുംബബന്ധങ്ങൾ സ്ത്രീകേന്ദ്രീകൃതമായിരുന്നു. എന്നാൽ സ്വകാര്യസ്വത്ത് ആളുകളെ ഒറ്റപ്പെട്ട കുടുംബങ്ങളിൽ എത്തിച്ചു. ഒരു കൂട്ടത്തിന്‍റെ പൊതു ജീവിത പങ്കാളികളിൽ നിന്നും നിയന്ത്രിത പങ്കാളിയിലേയ്ക്ക് എന്ന മാറ്റം സ്ത്രീക്ക് സാമൂഹത്തിൽ പുതിയ ചുമതലകൾ നൽകി.
ബുദ്ധ മതം പുരുഷ കേന്ദ്രീകൃതമായിരുന്നില്ല. അതിനുള്ള പ്രധാന കാരണം ആ മതത്തിൽ ശക്തമായി സ്വാധീനം ചെലുത്തിയത് കച്ചവടക്കാരായിരുന്നു. അന്ന് സ്ത്രീകൾ സമൂഹത്തിലെ എല്ലാ രംഗങ്ങളിലും മുന്തിയ സ്ഥാനങ്ങൾ നേടിയെടുത്തു. ദേവദാസികൾക്കു പോലും രാജാവിന്‍റെ ഉപദേശകയാകുവാൻ അവസരം ഉണ്ടായിരുന്നു. (കുലശേഖരന്‍റെ ഉപദേഷ്ടാക്കളിൽ കണ്ടിയൂർ ക്ഷേത്രത്തിലെ ദേവദാസിയും ഉണ്ടായിരുന്നു) കവികളും നർത്തകരും ഉന്നത സ്ഥാനങ്ങൾ നേടിയിരുന്നു. എന്നാൽ പിന്നീടുണ്ടായ ചാതുർവർണ്യ സംവിധാനം സ്ത്രീകളെ രണ്ടാംതരമാക്കി കണ്ടു.
മതങ്ങൾ ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന ലോക സാഹചര്യത്തിൽ അവ സ്ത്രീ വിരുദ്ധ നിലപാടുകളുടെ തുരുത്തുകളാണ്. ജന്മിത്തം സ്ത്രീ വിരുദ്ധമായിരുന്നു. അതിനെ തിരുത്തുവാൻ വളർന്നു കഴിഞ്ഞ മുതലാളിത്തവും മറ്റൊരു രൂപത്തിൽ സ്ത്രീവിരുദ്ധ നിലപാടുകളിലേയ്ക്ക് എത്തുന്നതിൽ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. പ്രാചീന സംസ്കാരിക ഇടങ്ങളായിരുന്ന ഹാരപ്പയും സുമേരിയയും മറ്റും പ്രണയത്തിനും സഹോദര്യത്തിനും നൽകിയ പ്രാധാന്യം പിന്നീടുണ്ടായ സെമറ്റിക് മതങ്ങൾ ഉപേക്ഷിച്ചു. അവർക്ക് പ്രണയവും മറ്റും പാപത്തിന്‍റെ പര്യായങ്ങളായി മാറി. അങ്ങനെ സ്ത്രീ പുരുഷന്‍റെ സുഖദാതാവ് എന്ന രൂപത്തിലേയ്ക്ക് ചുരുങ്ങി. മാത്രവുമല്ല സ്ത്രീകൾക്ക് സ്വത്തുക്കളിലുള്ള അവകാശങ്ങൾ നിക്ഷേധിക്കപ്പെട്ടു. പൊതു ഇടങ്ങൾ സ്ത്രീകൾക്കുള്ളതല്ല എന്ന് തുറന്നു പറയുവാൻ മതങ്ങൾ മടിച്ചില്ല. സ്ത്രീയുടെ ജന്മം മുതൽ മരണം വരെ അവർ ദുശകുനങ്ങളാണെന്ന് പറയാതെ പറയുന്നു. (പഴയനിയമം: ലെവിറ്റസ്.(12−5) പെൺകുട്ടിയെ പ്രസവിച്ചാൽ അശുദ്ധിദിനങ്ങൾ 14, മറ്റൊരു 60 ദിവസങ്ങൾകൂടി. എന്നാൽ ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ 7+30 ദിനങ്ങൾ. Corinthians14−34. സ്ത്രീകൾപള്ളിയിൽ സംസാരിക്കരുത്. ഭഗവത്ഗീതയും സ്മൃതികളും വേദവും ആവർത്തിച്ച് സ്ത്രീ പാപിയും രണ്ടാം തരക്കാരും ആണെന്ന് ഉറപ്പിക്കുന്നു. ഗീത:16.7−പാപയോനി, ഋഗ്വേദ ശതപത ബ്രാഹ്മണ്ണം, മനുസ്മൃതിയാകട്ടെ ഓരോ ഖണ്ണികയും സ്ത്രീ വിരുദ്ധതയുടെ പ്രഖ്യാപനമാണ്. ഖുറാനിൽ സ്ത്രീയുടെ ബുദ്ധി കുറവ്, നേതൃത്വത്തിൽ വരരുത് എന്നെല്ലാം മറയില്ലാതെ പറയുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പാലിച്ചു വന്ന ചില നിലപാടുകൾ ഇന്നത്തെ സാഹചര്യത്തിൽ ആവർത്തിക്കുന്പോൾ അത് സ്ത്രീ വിരുദ്ധമാണെങ്കിൽ അതുമല്ല സമൂഹത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് വേദന ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് തിരുത്തുവാൻ മതങ്ങൾക്ക് കഴിവില്ലാത്തത് മതാതിഷ്ടിത സമൂഹത്തിൽ സ്ത്രീ രണ്ടാം പൗരയാകുവാൻ ഇടനൽകുന്നു.
പണ്ട് കണ്ടെത്തിയ ചില വസ്തുതകളെ പിടിച്ചു തൂങ്ങിയ മതങ്ങൾ സ്ത്രീവിരുദ്ധമായ എന്തിനും ദർശനങ്ങൾ കണ്ടെത്തുന്പോൾ സ്ത്രീകൾ പുരുഷന്‍റെ ഭോഗവസ്തുവും കേവലം സമൂഹത്തിന്‍റെ കിളച്ചുമറിക്കേണ്ട മൺതറയുമായി പരിജയപ്പെടുത്തുന്ന ഇവർ സ്ത്രീകൾക്ക് കുരുതിക്കളം ഒരുക്കുകയാണ്.
ആധുനിക മുതലാളിത്തം സ്ത്രീകൾക്ക് സ്വതന്ത്രമായ ഇടങ്ങൾ നൽകുന്നു എന്ന തോന്നൽ ഉണ്ടാക്കി അവരെ ഉപഭോഗ ആരാധകരും അവരുടെ ശരീരത്തെ അവർ അറിയാതെ ഒരു ചരക്കായി അവതരിപ്പിക്കുന്നു. സ്ത്രീ വിമോചനം അവർക്ക് സൗന്ദര്യ മത്സരവും ലൈംഗിക ടൂറിസവുമാണ്. എന്നാൽ മുതലാളിത്തം സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതു ഇടങ്ങളിലെ സാന്നിദ്ധ്യം ഒക്കെ പ്രോത്സാഹിപ്പിക്കുവാൻ മടികാണിച്ചിട്ടില്ല. വോട്ടവകാശം, കല, കായികരംഗം, തുടങ്ങിയ വിഷയങ്ങളിൽ വലിയ മുന്നേറ്റം സ്ത്രീകൾക്കിടയിൽ ഉണ്ടാക്കി എടുക്കുവാൻ മുതലാളിത്ത സംവിധാനം നല്ല നിലയിൽ പ്രവർത്തിച്ചു എന്നത് കാണാതിരുന്നുകൂടാ.
യൂറോപ്പിലെയും അമേരിക്കൻ ഐക്യനാട്ടിലെയും സ്ത്രീകൾ ഉയർന്ന ജീവിത സുരക്ഷിതത്തിൽ കഴിയുന്നത് അവിടെ നിലനിൽക്കുന്ന രാഷ്ട്രീയത്തിലെയും മറ്റു പൊതു സ്ഥലങ്ങളിലെയും ഉയർന്ന സ്ത്രീ സാന്നിദ്ധ്യം കൊണ്ടാണ്. അന്തർദേശീയ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്ന സ്ഥിതി സമത്വം; അവിടങ്ങളിൽ നടപ്പിലാക്കുവാൻ കാട്ടുന്ന സർക്കാരുകളുടെ താൽപര്യം, ഉയർന്ന സാക്ഷരത, മത തിട്ടൂരങ്ങളെ വെല്ലുവിളിക്കുവാൻ മത വിശ്വാസികളും അല്ലാത്തവരും കാട്ടുന്ന ശുഷ്കാന്തി തുടങ്ങിയ നിലപാടുകൾ സ്ത്രീകളുടെ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. പക്ഷെ സ്വത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അസന്തുലിതാവസ്ഥ സ്ത്രീകളെ അവിടെയും തുല്യ പദവിയിൽ എത്തുവാൻ തടസ്സം സൃഷ്ടിക്കുന്നു.
സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവർ തന്നെ നേതൃത്വം കൊടുത്തു നടന്ന ഐസ്്ലാന്റിലെ (1975) പ്രക്ഷോഭം വലിയ ചലനങ്ങൾ അവിടെ സൃഷ്ടിച്ചു. ഒക്ടോബർ 24നു നടന്ന സമരത്തിൽ 90% സ്ത്രീകളും പങ്കെടുത്തു. സ്ത്രീകൾക്ക് വേതനത്തിലുണ്ടായിരുന്ന വലിയ വിവേചനം സമരത്തിലെ പ്രധാന അജണ്ടയായിരുന്നു. സമരത്തിന്‍റെ ഭാഗമായി പൊതുജീവിതം സ്തംഭിച്ചു. അത് ഐസ്്ലാന്റ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി. അവർക്ക് തുല്യ വേദനം അനുവദിച്ചു. രാജ്യത്തിന്‍റെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ലോകത്തിലാദ്യമായി ഒരു വനിത തെരഞ്ഞെടുക്കപ്പെടുകയും അവർ 80 മുതൽ 95 വരെ തുടരുകയും ചെയ്തു. ലോകത്തെ ഏറ്റവും സുരക്ഷിതത്വം നിലനിൽക്കുന്ന നാടായി ഐസ്‌ലന്റ് ഇന്നു മാറിയത് സ്ത്രീകൾ ഒറ്റകെട്ടായി നടത്തിയ ഒക്ടോബർ സമരത്തിലൂടെയാണ്. ഈ സമരചരിത്രം ലോകത്ത് ഇന്നുനിലനിൽക്കുന്ന സ്ത്രീ വിരുദ്ധത മായിച്ചു കളയുവാൻ സഹായകരമാണ്.
ഇന്ത്യയുടെ പൊതുസമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർദ്ധിച്ച ജാതി−മത ജന്മിത്ത സ്വാധീനം, ദളിത്−പിന്നോക്ക സമുദായ അവഗണ ഇവയെല്ലാം ഫലത്തിൽ സ്ത്രീവിരുദ്ധമായി പ്രവർത്തിക്കുന്നു. ഈ വിഷയത്തിൽ രാഷ്ടീയക്കാരുടെ ഇരട്ടത്താപ്പ് പൊതു ഇടങ്ങളിലും അവരുടെ പാർട്ടി ഘടകങ്ങളിലും വ്യക്തമാണ്.ഇതിനു കാലത്തിനനുസരിച്ച് വേണ്ടത്ര മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സ്ത്രീ വിഷയങ്ങളിൽ ഇന്ത്യൻ സമൂഹത്തിൽ എന്നെങ്കിലും ഉണ്ടായ ആശാവഹമായ നീക്കങ്ങളെ തുടക്കത്തിലേ ഒറ്റപ്പെടുത്തിയതിന്‍റെ രാഷ്ട്രീയ ഇരയായിരുന്നു മഹാനായ അംബേദ്‌കർ. അദ്ദേഹം കൊണ്ടുവന്ന ഹിന്ദു നിയമം 51 സഭയിൽ അവതരിപ്പിച്ചപ്പോലെ അതിനെതിരെ പ്രതികരിക്കുവാൻ അന്നത്തെ രാഷ്ട്രപതി പോലും മുന്നോട്ടു വന്നു. ഇത്രമാത്രം ഹിന്ദുമതത്തിനായി പ്രതികരിച്ചവർ ബില്ലിൽ കണ്ടെത്തിയ വലിയ തെറ്റ്, അതിൽ സ്ത്രീകൾക്ക് സ്വത്തിൽ നൽകുവാൻ നിർദ്ദേശിച്ച തുല്യ വേതനമായിരുന്നു. ബില്ലിന്‍റെ ഉള്ളടക്കം തന്നെ പിന്നീട് അട്ടിമറിക്കപ്പെട്ടു. അതിന്‍റെ പ്രതിഫലനം എന്ന നിലയിൽ അംബേദ്‌കറെ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുവാന്‍ കോൺഗ്രസ്സും ആർ.എസ്.എസ്സും പ്രത്യേകം താൽപര്യം കാട്ടി. അങ്ങനെ വിശ്വാസത്തിനതീതമായി uniform civil code എന്ന നെഹ്റുവിന്‍റെയും അംബേദ്‌കറിന്‍റെയും സ്വപ്നം വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
ഇന്ത്യൻ ഭരണ സംവിധാനം 1860 മുതൽ 50 ലധികം നിയമങ്ങൾ സ്ത്രീകളുടെ സുരക്ഷിതത്വത്തിനെന്ന പേരിൽ നടപ്പാക്കിയിട്ടുണ്ട്.അതിൽ 2013 ലുണ്ടാക്കിയ The Criminal Law (Amendment Act 2013) ആ പട്ടികയിലെ അവസാനത്തെതാണ്. അവകാശങ്ങളും സുരക്ഷിതത്വവും നിയമപരമായി ഉറപ്പു നൽകുന്പോഴും ഇവയൊക്കെ കടലാസ്സു തോണികളായി ചുരുങ്ങുന്നു. മാത്രവുമല്ല ചില നിയമങ്ങൾ സ്ത്രീകളുടെ തൽപര്യങ്ങൾക്ക് എതിരുനിൽക്കുന്നു. ഷബാനു കേസിൽ ജീവനാംശം കൊടുക്കുവാൻ പുരുഷന് അവകാശമുണ്ടെന്ന പരമോന്നത കോടതി വിധിയെ മറികടക്കുവാൻ രാജീവ് കൊണ്ടുവന്ന നിയമ ഭേതഗതി അതിനുള്ള നല്ല ഉദാഹരണമാണ്. ഇന്ത്യയിൽ ഓരോ അന്പതുമിനിട്ടിൽ ഒരു സ്ത്രീ ബലാത്സംഗത്തിനു വിധേയമാകുന്നുണ്ട്. പീഡനം ഓരോ ആറു മിനിട്ടിലും നടക്കുന്നു. ഒരു പുരുഷൻ കൊലചെയ്യപ്പെടുന്പോൾ രണ്ടു സ്ത്രീകൾ കൊലയ്ക്കു വിധേയമാകുന്നു. രാജ്യത്ത് സ്ത്രീ നിരക്ഷരതയും മതനിഷ്ടയും ജാട്ട് ഗ്രാമങ്ങളും ശക്തമാണ്. പ്രാധമികകർമ്മം പോലും നടത്തുവാൻ അവസരമില്ലാത്തവരാണ് ഭൂരിപക്ഷ വനിതകളും. സ്ത്രീധന പീഡനവും ലൈംഗിക ആക്രമണവും നിയമപാരമായി നേരിടുവാൻ ആവശ്യമായ സാമൂഹിക പശ്ചാത്തലം ഇവിടങ്ങളിൽ ഇല്ല. ഇവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുവാൻ കാരണമാക്കുമെന്നത് വസ്തുതയാണ്. എന്നാൽ സാക്ഷരതയിൽ മുന്നിൽ നിൽകുന്ന കേരളം ഇന്ത്യൻ സ്ത്രീത്വത്തിനു മാതൃകയാണോ ?
വലിയ രാഷ്ട്രീയ സമരങ്ങളിൽ പങ്കാളികളായ കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം പരിതാപകരമായ അവസ്ഥയിൽ ഇന്നും തുടരുകയാണ്. പാർട്ടികളുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം അത്ഭുതകരമായി കുറവായിരിക്കുന്പോഴും ഉള്ളവർ പാർട്ടികളുടെ പൊതുതാത്പര്യത്തിനു മുന്തിയ പരിഗണന നൽകുന്നതിൽ മാത്രം ശ്രദ്ധാലുക്കൾ ആകുന്പോൾ സമൂഹത്തിലെ സ്ത്രീവിഷയങ്ങൾ ഗൗരവതരമായി പരിഗണനക്ക് വിധേയമാകുന്നില്ല. ഇതു കേരളത്തിലും പൊതു ഇടങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീ വിരുദ്ധമായി തീരുവാൻ കാരണമാക്കി. കച്ചവടം മുതൽ ദേവാലയ ഉത്സവങ്ങൾ കൊഴിപ്പിക്കുവാൻ വരെ സ്ത്രീത്വത്തെ മോശമായി പരസ്യങ്ങളിലും മറ്റും അവതരിപ്പിക്കുന്നതിനെ തെറ്റായി കാണുവാൻ നിയമപാലകർ പോലും തയ്യാറല്ല.പോലിസ് കേവലം ഗുണ്ടകളായി മാത്രം മാറികഴിഞ്ഞു. പൊതു മണ്ധലങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ പൊതുവെ മോശക്കാരായി ചിത്രീകരിക്കുവാൻ പലരും കാട്ടുന്ന വ്യഗ്രത വലിയ തെറ്റാണെന്ന് മനസ്സിലാക്കുവാൻ നമ്മൾ വൈകുന്നു. ഇതുകൊണ്ട് കേരളത്തിലെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു. മറ്റ് നഗരങ്ങളെക്കാൾ നമ്മുടെ നഗരങ്ങൾ കൂടുതൽ സ്ത്രീവിരുദ്ധമാണ്. ഉദാഹരണമായി തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരക പീഡനം 30% ആണെങ്കിൽ ഭോപ്പാൽ അതിലും പകുതി മാത്രം. ചെന്നൈ നഗരത്തിലും അപകടകരമാണ് കേരള നഗരങ്ങൾ. ഇത്തരത്തിൽ കേരളത്തിലെ ഗൃഹാന്തരീക്ഷത്തിലും ലൈംഗിക ആക്രമണങ്ങൾ കൂടുതലായി നടക്കുന്പോൾ അഭ്യസ്തരെന്നു കരുതുന്ന നമ്മുടെ സമൂഹം ഇരകളായ ആളുകളിൽ കുറ്റം കണ്ടെത്താനും അവരെ സ്വഭാവഹത്യ ചെയ്യുന്നതിലും ഒരു തെറ്റും കാണുന്നില്ല.
ഇന്ത്യൻ നിയമം തുല്യത ഉറപ്പു തരുന്പോൾ കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീകൾ രണ്ടാം തരക്കാർ മാത്രം. അവരുടെ ജോലി സമയം പുരുഷ തൊഴിലാളിയിലും കൂടുതലാണ്. തോട്ടം, കശുവണ്ടി തൊഴിലാളികളുടെ ദുരിതപൂർണ്ണമായ ജീവിതത്തിന്‍റെ ഇല്ലായ്മകൾ മൂന്നാറിൽ ഒരു പൊട്ടിത്തെറിയായിരുന്നു.കച്ചവട സ്ഥാപനങ്ങളിലും ആശുപത്രി, വിദ്യാഭ്യാസ രംഗങ്ങളിലും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളെ വേണ്ട തരത്തിൽ സംഘടിതമായി പരിഹരിക്കുവാൻ വിപ്ലവ പർട്ടികൾ കൂടി കാട്ടുന്ന നിസ്സംഗത തികഞ്ഞ സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ശബരിമലയിലും ഇസ്ലാം പള്ളികളിലും സ്ത്രീകൾക്കെത്തി പ്രാർത്ഥക്കുവാൻ അവസരം നിഷേധിക്കുന്ന മത−സർക്കാർ സംവിധാനത്തെ പറ്റി കോടതികൾ അഭിപ്രായം പറഞ്ഞിട്ടും സ്ത്രീവിരുദ്ധ നിലപാടുകൾ കൈ ഒഴിയുവാൻ ഒൗദ്യോഗിക നേതൃത്വം തയ്യാറല്ല. സ്ത്രീ പീഡനത്തിൽ ആരോപിതരായവർ നിയമ പഴുതുകൾ തീർത്തു രക്ഷപ്പെടുന്പോൾ ഇരകൾ എന്നെന്നേക്കുമായി രക്തസാക്ഷികളായി ജീവിക്കേണ്ടി വരുന്നു. കോടതികൾ ഇരകളുടെ അവസ്ഥയെ പരിഗണിക്കാതെ കേവല തെളിവുകളുടെ അസാന്നിദ്ധ്യം പറഞ്ഞു ശിക്ഷകളിൽ നിന്നും ആക്രമിയെ പുറത്തുവരുവാൻ അവസരം കൊടുക്കുന്നു. നമ്മുടെ പൊതു മണ്ധലം വെച്ചു പുലർത്തുന്ന സ്ത്രീവിരുദ്ധത കോടതികളും പിന്തുടരുകയാണ്.
സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനു പിന്നിൽ സ്ത്രീകളുടെ വസ്ത്ര ധാരണം, സഞ്ചാരം, മതനിഷ്ടകുറവ് തുടങ്ങിയവയാണെന്ന വാദങ്ങൾ ഉയർത്തി സ്ത്രീ തന്നെ കുറ്റവാളിയാണെന്ന് പറയുവാൻ സ്ത്രീകൾ പോലും ഇവിടെ ഉണ്ടാകുന്നതു സ്ത്രീവിരുദ്ധ സമൂഹത്തിന്‍റെ വലിയ സ്വാധീനത്തിനു തെളിവാണ്.
ആഗോളവൽക്കരണത്തിൽ അഴിമതികൾക്ക് പുതിയ മാനങ്ങൾ ഉണ്ട്. ലോബ്ബിംഗ് അതിൽ അംഗീകരിക്കപ്പെട്ട അഴിമതിയാണ്. അതിന്‍റെ ഭാഗമായി രാഷ്ട്രീയ നേതൃത്വത്തെ, ഉദ്യോഗസ്ഥലോകത്തെ, മറ്റുള്ളവരെ തെറ്റായി സ്വാധീനിക്കുവാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്ന രീതി ഇന്നു വ്യാപകമാണ്. കൊല്ലപ്പെട്ട മുൻ കേന്ദ്രമന്ത്രിയുടെ സഹധർമ്മിണി ഇത്തരം ദല്ലാൾ പണികൾ ക്രിക്കറ്റ് ലോകത്ത് ചെയ്തു വന്നിരുന്നു. ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ബോഫോർസ് ഇടപാടിൽ ഉണ്ടായിരുന്ന പമീലയും കഴിഞ്ഞ നാളിൽ അറസ്റ്റ് ചെയ്യപ്പെട്ട നീരാ രാഡിയയും ഇത്തരം മേഖലയിൽ പണി ചെയ്തു വന്നവരാണ്. കേരളത്തിലെ സോളാർ അഴിമതിയുടെ നീണ്ട വാർത്തകളിൽ നിറഞ്ഞുനിന്ന നിരവധി പേരിൽ അറിയപ്പെട്ട സ്ത്രീ, ഇത്തരം ഒരു ലോബ്ബിംഗ് പരിപാടിയുടെ ഭാഗമായി ഭരിക്കുന്ന സർക്കാർ പ്രധിനിധികളെ സ്വാധീനിക്കുവാൻ ലൈംഗികമായി അവസരം ഉണ്ടാക്കി എന്ന വസ്തുത ഇന്നത്തെ ലോക സാഹചര്യത്തിൽ വിശ്വസനീയമാണ്. സ്വന്തം സ്ഥാപനത്തിനായി മറ്റൊരാളെ വിലക്കെടുത്ത് ഉപയോഗിക്കുവാൻ തക്ക അവസ്ഥയിലേക�