മനുഷ്യാ നീ വെറും യന്ത്രം


“സാറെ ഒരബദ്ധം പറ്റി സാറെ”, ചെവിയിൽ സഹപ്രവർത്തകന്റെ ആർത്തനാദം നീണ്ടു മുഴങ്ങിയപ്പോൾ തന്നെ ഓടിച്ചു കൊണ്ടിരിക്കുന്ന കാറിന്റെ ബ്രേക്കിലേക്ക് എന്റെ കാൽ ആഞ്ഞു ചവുട്ടി. എന്താ കാര്യം എന്ന് ചോദിച്ചപ്പോഴേക്കും തന്നെ ഗ്രൂപ്പ് മാറി ഒരു ചിത്രം പോസ്റ്റ് ചെയ്തു എന്ന മറുപടി വന്നു. കോളേജ് സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്ക് അയയ്ക്കാൻ വെച്ച ചിത്രമാണ് കന്പനിയുടെ ഗ്രൂപ്പിലേക്ക് മാറി എത്തിയത്. അഡ്മിൻ ഞാനായതുകൊണ്ടാണ് എന്നെ വിളിച്ച് പറഞ്ഞത്. എന്തായാലും സംഭവം കൂടുതൽ പേർ അറിയും മുന്പ് ആ ചിത്രം ഡിലീറ്റ് ചെയ്യാൻ പറ്റി. തന്റെ ഇമേജിന് കോട്ടം തട്ടിയ വിഷമത്തിൽ സഹപ്രവർത്തകൻ ലീവ് എടുത്ത് വീട്ടിലും പോയി.

ഈ പ്രശ്നം ഇന്ന് നമ്മളിൽ പലരും നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നു തോന്നുന്നു. സംഗതി ഒരു പൈങ്കിളി ലെവലിൽ ഉള്ള ചിന്തയാണെങ്കിലും ഉണ്ടാക്കിയെടുത്ത പ്രതിച്ഛായകൾക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രശ്നങ്ങളാണ് ഇതുണ്ടാക്കി വെക്കുന്നത്. കഴി‍‍‍‍‍‍‍‍ഞ്ഞ ദിവസം ബഹ്റിനിലെ പ്രശസ്തമായ ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലും ഇത് സംഭവിച്ചു. വിഷുക്കണിയുടെ പേരിൽ മീശമാധവൻ ൈസ്റ്റലിൽ അതിലെ അംഗം ഒരു ചിത്രം അയച്ചിരുന്നു. സാധാരണ കുട്ടികളുടെ ചിത്രമാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. ഇത് കുറച്ച് മുതിർന്നവരുടേതായി പോയി. അതും അത്യാവശ്യം അഡൽട്ട്സ് ഓൺലി ൈസ്റ്റലിൽ. അതുവരെയ്ക്കും വളരെ ഗൗരവപരമായി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചയാൾ ഒറ്റ നിമിഷം കൊണ്ട് വലിയൊരു കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടവനായും പരിഹാസ്യനുമായി മാറി. സ്വയം ആ ഗ്രൂപ്പിൽ നിന്ന് ഒഴിഞ്ഞു മാറുക എന്ന സാധ്യത മാത്രമേ അദ്ദേഹത്തിനു മുന്നിൽ ഉണ്ടായിരുന്നുള്ളൂ.

ഇത് വാട്സാപ്പിൽ മാത്രമല്ല, ഫേസ്ബുക്കിലും സംഭവിക്കുന്നുണ്ട്. വൈറസ് രൂപത്തിൽ അശ്ലീല ചിത്രങ്ങൾ സ്വന്തം പേജിൽ ഷെയറായി പോകുന്നതാണ് ഭൂരിഭാഗം പേരുടെയും അനുഭവം. ഈ കഴിഞ്ഞ ഏപ്രിൽ ഒന്നിന് എന്റെയൊരു മാന്യസുഹൃത്ത് ഇതുമായി ബന്ധപ്പെട്ട് എന്നെ തന്നെ പറ്റിച്ചത് ഓർക്കട്ടെ. അന്ന് രാവിലെ 11 മണിയോടെ അദ്ദേഹത്തിന്റെ ഒരു മെസേജ് കിട്ടി. നേരത്തെ സൂചിപ്പിച്ചതുപോലെ ഏതോ ഒരു വൈറസ് അതിന്റെ വിളയാട്ടം തുടങ്ങിയിരിക്കുന്നു എന്നായിരുന്നു ആ മേസേജ്. കേട്ടത് പാതി കേൾക്കാത്തത് പാതി എന്ന മട്ടിൽ ഉടനെ തന്നെ ഞാൻ എന്റെ ഫേസ്ബുക്ക് പേജിന്റെ പാസ്്വേഡ് മാറ്റി സുരക്ഷ ഉറപ്പിച്ചു. അപ്പോൾ വരുന്നു സുഹൃത്തിന്റെ അടുത്ത മെസേജ്, ഏപ്രിൽ ഒന്നായത് ഓ‍ർമ്മയില്ലേ എന്ന്. ആദ്യം അൽപം ദേഷ്യം വന്നെങ്കിലും ഒരു സുഹൃത്തിന്റെ കുസൃതി എന്ന നിലയിൽ ആ മെസേജിനെ കണ്ട് ഞാനും ചിരിച്ചു. ഇതുപോലെ സോഷ്യൽ മീഡിയ വരുത്തി വെക്കുന്ന വിനകൾ, അപഖ്യാതികൾ, തെറ്റിദ്ധാരണകൾ ഒന്നും ഇന്നത്തെ കാലത്ത് ചെറുതല്ല. 

ഇതിനിടെ ഒരു പ്രമുഖ സിനിമാതാരത്തിനോട് സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നു. എതൊരാളും അൽപ്പം പ്രശസ്തരായി കഴിഞ്ഞാൽ ഇന്ന് അവ‍ർക്കൊപ്പം ഫോട്ടോ എടുക്കാൻ താൽപര്യം കാണിക്കുന്നവരാണ് ഭൂരിഭാഗവും. എവിടെയും പിടിച്ചു നിർത്തി ആരാധകർ ആ കർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു. ഇതിലുള്ള ഏറ്റവും വലിയ റിസ്ക് ആരാണ് കൂടെ നിൽക്കുന്നത് എന്നു പോലുമുള്ള മിനിമം അറിവ് ഈ പ്രശസ്തർക്ക് മിക്കപ്പോഴും ഉണ്ടാവാറില്ലെന്നതാണ്. പിന്നീട് ക്രിമിനലുകൾ വരെ തങ്ങൾക്കൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടെന്നു അറിയുന്നത് അവരെ പറ്റി പത്രവാർത്ത വരുന്പോൾ മാത്രമാണ്. വാ‍‍‍‍‍‍‍‍ർത്തക്കൊടുവിൽ ഇദ്ദേഹത്തിന് ഈ പ്രശസ്തരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എഴുതി വെച്ചിട്ടുണ്ടാകും. ഒന്നുമറിയാതെ സംശയത്തിന്റ നിഴലിൽ ഈ പാവങ്ങളും അങ്ങനെ പെടുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന ചോദ്യവും ബാക്കി നിൽക്കും.

ഇന്ന് പരസ്പരം ആശയവിനിമയം നടത്താൻ പലവിധ മാർഗങ്ങളും സുലഭമാണ്. പക്ഷെ പലപ്പോഴും ഇതൊന്നുമില്ലാത്ത കാലത്ത് നടന്നിരുന്നതു പോലെയുള്ള ആശയവിനിമയം പോലും ഇന്ന് നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കൂടുതൽ നേരം സംസാരിക്കാൻ സൗജന്യ സോഫ്റ്റ്്വെയറുകൾ ധാരാളം ഇന്നുണ്ടെങ്കിൽ പോലും ട്രങ്ക് കോൾ ചെയ്തു കാത്തിരുന്ന് പരസ്പരം ഫോൺ വിളിച്ചിരുന്ന സുഖം പോലും ഈ സൗജന്യ കോളുകൾ തരുന്നില്ല. എന്താണിങ്ങനെ എന്നു ചോദിച്ചാൽ ഉത്തരം ഒന്നു മാത്രം മനുഷ്യാ നീ ഇന്ന് വെറും യന്ത്രമാകുന്നു. വെറും യന്ത്രം!!

 
 
 
 

You might also like

Most Viewed