മജീഷ്യൻമാരെ ശ്രദ്ധിക്കുക

രാമർ എന്ന അധികമാരും അറിയാത്ത ഒരു സാധാരണക്കാരൻ പച്ചിലയും കറിയുപ്പും നാരങ്ങാനീരും മറ്റും വെള്ളത്തിൽ ഇട്ട് ചൂടാക്കി വാഹനങ്ങൾ ഓടിക്കുവാൻ ഉപയുക്തമായ ഹെർബൽ പെട്രോൾ ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ അത് കണ്ണടച്ച് വിശ്വസിച്ചവരിൽ ഒരു ഭൂരിഭാഗം മലയാളികളായിരുന്നു.
പ്രസ്തുത ദ്രാവകം ചില ശാസ്‌ത്രജ്ഞരും, മന്ത്രിമാരും കണ്ട് ബോധ്യപ്പെട്ട് ഈ ദ്രാവകം ഇന്ധനമായി ഉപയോഗിക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു!
തമിഴ്നാട് സർക്കാരാകട്ടെ രാമറിന്റെ അത്ഭുത ചെടി നട്ട് പിടിപ്പിക്കാൻ 10 ഏക്കർ ഭൂമി സൗജന്യമായി നൽകി. ദിവസം 500 ലിറ്റർ ഇന്ധനം ഉണ്ടാക്കാൻ അനുമതിയും നൽകി. ഇന്ത്യയിലെ പ്രമുഖ പത്രങ്ങൾ വെണ്ടക്ക അക്ഷരങ്ങൾ നിരത്തി രാമറിനെ പ്രകീർത്തിച്ചു.
അവസാനം വിവരമുള്ള ശാസ്ത്രജ്ഞർ വന്നപ്പോഴാണ് സത്യം പുറത്തുവന്നത്. പ്രസ്തുത പ്രക്രിയയിൽ പിണ്ട സംരക്ഷണ നിയമം ലംഘിക്കപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യമുയർന്നത്. പരീക്ഷണത്തിനായി രാമർ ഉപയോഗിച്ചിരുന്ന പച്ചിലയും, ഉപ്പും, വെള്ളവും, നാരങ്ങാനീരും കൂടി മൊത്തം ഭാരവും, പരീക്ഷണാനന്തരം ലഭ്യമാകുന്ന ഹെർബൽ പെട്രോൾ, ബാക്കി വരുന്ന പച്ചില, വെള്ളം എന്നിവ ചേർന്നുള്ള ഭാരവും ഒന്നല്ല! ഒന്നുകൂടി സൂക്ഷ്മമായി പരിശോദിച്ചപ്പോഴാണ് പുള്ളിക്കാരൻ പി.സി സർക്കാരിനെപ്പോലെ വിദഗ്ദ്ധനായ ഒരു മജീഷ്യനായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
ഞാൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് ഒരു തിരവനന്തപുരത്തുകാരൻ കഷണ്ടിക്ക് ഒരു എണ്ണ കണ്ടുപിടിച്ചത്. കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്ത് വളർന്ന് വരുന്ന കഷണ്ടിയിൽ നോക്കി വ്യാകുലപ്പെടുന്പോഴാണ് അനൂപ് എന്ന തൈലം വിപണിയിൽ ഇറങ്ങുന്നത്.
കൈയ്യിലുള്ള വാച്ചും ഒരു ആനവാൽ മോതിരവും കൂട്ട്കാർക്ക് വിറ്റ്, വീട്ടുകാരറിയാതെ സുഹൃത്ത് തിരുവനന്തപുരത്തെത്തി.
കഷണ്ടി രോഗ വിദഗ്ദ്ധന്റെ വീടിന്റെ മുന്പിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ ആയിരുന്നു. വെയിലത്ത് മണിക്കൂറുകൾ ഭക്ഷണം കഴിക്കാതെ തളർന്ന് നിന്ന് അവസാനം ലഭിച്ചത് കേവലം ഒരു കുപ്പി എണ്ണ മാത്രം.
ഒരു വലിയ ബാഗിൽ നിരവധി തുണികളുടെ ഇടയിൽ ഭദ്രമായി തിരുകിവെച്ചാണ് സുഹൃത്ത് ഒരു ചെറിയ എണ്ണക്കുപ്പിയുമായി നാട്ടിൽ വന്ന് ഇറങ്ങിയത്. പിന്നീട് ഓരോ ദിവസവും പുള്ളിക്കാരന്റെ തലയിൽ മുടി വന്നോ എന്ന് നോക്കിയിരുന്ന് ടെൻഷനടിച്ച് മറ്റുള്ളവരുടെ മുടിയും കൊഴിഞ്ഞു തുടങ്ങിയത് മാത്രം മിച്ചം.
ഗൾഫിലടക്കമുള്ള മലയാളികളെ പറ്റിച്ച് മുങ്ങിയ ഒരു വൻ പദ്ധതിയായിരുന്നു മാഞ്ചിയവും തേക്കും, ആട് കൃഷിയും! വേലി പൊളിച്ച് കടന്നു വന്ന ആട് തേക്കിന്റെയും മാഞ്ചിയത്തിന്റെയും തൈകൾ തിന്ന് തീർത്തതോടെ അതിനും ഒരു പരിഹാരമായി.
ഇനിയും ഇത്തരത്തിലുള്ള പല പദ്ധതികൾക്കും സ്കോപ്പുള്ള സ്ഥലമാണ് കേരളം. ആരെങ്കിലും ഇടി മിന്നലിൽ നിന്ന് രക്ഷപെടുവാൻ കൈയ്യിൽ കെട്ടുന്ന ഒരു ബാൻഡ് ഇറക്കിയാൽ അതും നമ്മൾ വാങ്ങും. മിന്നലേറ്റ് മരിച്ചാൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കൂടി നൽകുമെന്ന് പറഞ്ഞാൽ ഉത്പന്നം ചൂടപ്പം പോലെ വിറ്റ് പോകും.
കേരളത്തിൽ മഴക്കാലത്ത് ഇടിമിന്നലേറ്റ് മരിക്കുന്നത് ഒന്നോ രണ്ടോ പേർ മാത്രമാണ്. അത് കൊണ്ട് തന്നെ ധൈര്യത്തിൽ ഇത്തരം ഒരു ഉത്പന്നത്തിന് വിപണന സാധ്യത വളരെയേറെയാണ്.
വിദ്യാഭ്യാസവും, വിവരവും ഏറ്റവും കൂടുതലുള്ള ജനങ്ങൾ വസിക്കുന്ന കേരളത്തിലെ ഭൂരിപക്ഷം ഇത്തരം ഗിമ്മിക്കുകളിൽ അന്നും ഇന്നും എളുപ്പത്തിൽ വീണുകൊണ്ടിരിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ് സോളാർ വിവാദം.
വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം വന്നിരിക്കുന്നു. രാമർ വെള്ളത്തെ പെട്രോൾ ആക്കിയത് പോലെ, ഗോപാലകൃഷ്ണൻ കഷണ്ടിക്ക് മരുന്ന് വിറ്റത് പോലെ രാഷ്ട്രീയ നേതാക്കന്മാർ പലതരം മാജിക്കുകളുമായി നമ്മുടെ മുന്പിലെത്തി തുടങ്ങും. ഭൂരിപക്ഷം വരുന്ന ഒരു മണ്ടൻ സമൂഹം പ്രകടന പത്രിക എന്ന മാജിക് കണ്ട് അതിൽ വീഴും.
ജനാധിപത്യ സംവിധാനത്തിലൂടെ ജനങ്ങളുടെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്ന പ്രക്രിയയായി തിരഞ്ഞെടുപ്പ് സംവിധാനത്തെ മാറ്റിയിരിക്കുകയാണ്. ആർക്ക് വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഒരേ ചർച്ചയിലൂടെ തീരുമാനിക്കണം.
ഒരേ കോർപ്പറേറ്റ് സംവിധാനത്തിൽ തീരുമാനമെടുക്കുന്പോൾ നടത്തുന്ന Brain Storming വോട്ട് ചെയ്യുന്നതിന് മുൻപ് വോട്ടർമാർ നടത്തിയാൽ നാട് ഭരിക്കുവാൻ കഴിവുള്ള ഒരു നേതാവിനേക്കാൾ ഒരു നല്ല C.E.O യെ നമുക്ക് ലഭിച്ചേക്കാം.