കുളത്തിലെ മീനും കരയിലെ ആമയും

ഒരു ചെറിയ കുളത്തിൽ ഒരു മീൻ വസിച്ചിരുന്നു. ജീവിതകാലം മുഴുവൻ ജലത്തിൽ താമസിച്ചിരുന്ന അതിന് ജലത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയില്ലായിരുന്നു. ഒരിക്കൽ കുളത്തിൽ നീന്തിത്തുടിക്കുകയായിരുന്ന മീൻ തന്റെ പരിചയക്കാരനായ ഒരു ആമയെ കണ്ടുമുട്ടി. കരയിൽ ചെറിയ സർക്കീട്ട് നടത്തിയശേഷം മടങ്ങിയെത്തിയതായിരുന്നു ആമ.
പരിചയം പുതുക്കിയ മീൻ, കുറച്ചുനാളായി ആമ എവിടെയായിരുന്നുവെന്ന് ചോദിച്ചു. താൻ കുറച്ചുനാളായി കരയിലായിരുന്നുവെന്ന് ആമ മറുപടി പറഞ്ഞു. കരയോ! മീനിന് അത്ഭുതമായി. കരയെന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?− മീൻ ചോദിച്ചു. ജലമില്ലാത്ത സ്ഥലമാണ് കരയെന്ന് ആമ വിശദീകരിച്ചു. ജലമില്ലാത്ത സ്ഥലമോ, അങ്ങനെയൊന്ന് എവിടെയാണുള്ളത്, ഞാനിതുവരെ അതു കണ്ടിട്ടില്ലല്ലോ? ജലമില്ലാത്ത ഒന്ന് ഈ ലോകത്തുണ്ടാവില്ല− വിശ്വസിക്കാനാവാതെ മീൻ പറഞ്ഞു. അങ്ങനെ വിശ്വസിക്കാനാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയാവാം. പക്ഷേ, ഞാനിപ്പോൾ വരുന്നത് കരയിൽനിന്നു തന്നെയാണ് ആമ പറഞ്ഞു.
മീന്‍ വിടാനുള്ള ഭാവമില്ലായിരുന്നു. സുബോധത്തോടെ സംസാരിക്കൂ സുഹൃത്തേ. നിങ്ങളുടെ ഈ കരയെങ്ങനെയാണിരിക്കുന്നതെന്ന് എനിക്കൊന്നു മനസിലാക്കിത്തരൂ, അതു നനഞ്ഞിട്ടാണോ? − മീൻ ആരാഞ്ഞു.
“അല്ല അവിടെ ഒട്ടും നനവില്ല”.
“സുഖശീതളവും നവോന്മേഷം പകരുന്നതുമാണോ?”
“അല്ല കര അങ്ങനെയൊന്നുമല്ല.”
“പ്രകാശം കടന്നുവരത്തക്ക സുതാര്യമാണോ അത്?”
“കര സുതാര്യമല്ല, പ്രകാശത്തിന് അതിൽക്കൂടി കടന്നുവരാനാകില്ല.”
“എനിക്ക് ചിറകുകൾ ചലിപ്പിച്ച് ഊളിയിട്ടുപോകാൻ തക്ക മൃദുലവും വഴക്കമുള്ളതുമാണോ അത്?”
“അത് മൃദുലമോ വഴക്കമുള്ളതോ അല്ല.”
“അത് ചലിക്കുമോ? ഒഴുകുമോ?”
“ഇല്ല, അത് ചലിക്കുകയുമില്ല, ഒഴുകുകയുമില്ല.”
“വെളുത്ത നുരകളോടുകൂടിയ അലകൾ അവിടെയുണ്ടോ?”
“ഇല്ല, അങ്ങനെയൊന്നും അവിടെയില്ല.”
മീനിന് വിജയഭാവമായി. അതു പറഞ്ഞു− ഞാൻ പറഞ്ഞില്ലേ, നിങ്ങളീ പറയുന്ന കരയെന്ന ഒന്നില്ലെന്ന്. നനവുള്ളതും ശീതളവുമല്ലാത്ത, സുതാര്യമല്ലാത്ത, മൃദുലമല്ലാത്ത, ഒഴുക്കില്ലാത്ത, അലകളില്ലാത്ത ഒരു സ്ഥലം എങ്ങനെയാണ് ഉണ്ടാവുക. അത് തീർച്ചയായും ശൂന്യതയായിരിക്കും.
ആമ പറഞ്ഞു − കര എന്നൊന്നില്ലെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾക്ക് അറിയാത്ത, പരിചിതമല്ലാത്ത ഒന്ന് ശൂന്യത മാത്രമാണെന്നും നിങ്ങൾ കരുതുന്നു. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ, വെള്ളമെന്താണെന്നും കരയെന്താണെന്നും വ്യക്തമായി അറിയാവുന്ന ഒരാൾ നിങ്ങളെ വെറും ഒരു വിഡ്ഢി മീൻ ആയിട്ടു മാത്രമേ വിലയിരുത്തൂ. ഇതു പറഞ്ഞശേഷം ആമ മീനിനെ അതിന്റെ കുളത്തിൽത്തനെ വിട്ടിട്ട് കരയിലേക്കു വീണ്ടും പോയി.
ജലം മാത്രം ശീലിച്ച മീനിന് കരയെന്ന ഒന്ന് ഉണ്ടെന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതിന്റെ ലോകം ഒരു ചെറിയ കുളം മാത്രമായിരുന്നു. അതിനപ്പുറത്ത് ഒരു ലോകമുണ്ടെന്നത് അതിന് ഉൾക്കൊള്ളാൻ പറ്റാത്തത്ര വലിയ കാര്യമായിരുന്നു.
ഭൗതീകലോകത്ത് പ്രവർത്തിച്ച് മോക്ഷമാർഗം കണ്ടെത്തുന്ന ഗുരുക്കന്മാർ നമ്മോടു പറയും എന്നെ അനുഗമിക്കുക, നിങ്ങൾക്ക് മോക്ഷമാർഗം ഞാൻ കാണിച്ചുതരാമെന്ന്. പക്ഷേ, ഭൗതീകലോകം മാത്രം പരിചയിച്ച നമ്മൾ അതു വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. ആ മാർഗങ്ങൾ പ്രയോജനരഹിതമാണെന്നു കരുതുകയും ചെയ്യുന്നു. ഇതും പോരാഞ്ഞിട്ട് ചിലർ തങ്ങളുടെ കുളം മാത്രമാണ് സത്യമെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മോക്ഷം, മുക്തി, ബോധോദയം, ആത്മസാക്ഷാത്കാരം, നിർവാണം എന്നെല്ലാം പറയുന്നത് ഓരോരുത്തരും അനുഭവിച്ചറിയേണ്ട കാര്യമാണ്. എന്താണനുഭവം നിത്യജീവിതത്തിൽ തെറ്റും ശരിയും തിരിച്ചറിയുന്ന കർമ്മഫലങ്ങൾ. അല്ലെങ്കിൽ കാഴ്ചകൾ, ദർശനങ്ങൾ അഥവാ പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഉന്നത അവസ്ഥകളിൽ എത്തുന്പോൾ ഒരാൾക്കു ലഭിക്കുന്ന ഉൾക്കാഴ്ചകൾ, അശരീരികളായി ലഭിക്കുന്ന ദൈവവാക്കുകൾ. ഇതൊന്നുമില്ലെങ്കിൽ അറിവുള്ള, കാഴ്ചകളുള്ള ജ്ഞാനികളുടെ അഥവാ ഋഷിതുല്യരായവരുടെ വാക്കുകൾ പിന്‍തുടരുക. അറിവുകേടുകൾ ഉപേക്ഷിക്കാൻ തയാറായി ഗുരുക്കന്മാരെ പിൻചെല്ലാൻ ഉതകുന്ന വിനയവും ലാളിത്യവും ഭക്തിയും ആർജ്ജിച്ചാൽ നമുക്കും ആത്മസാക്ഷാത്കാരത്തിന്റെ പാതയിലെത്താം.