ആറന്മുളയിലെ സരിതക്കാര്യം


ആരാണ് സരിതയെ കെ.ജി.എസ് ഗ്രൂപ്പിന്റെ നന്ദകുമാറുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്? അത് എബ്രഹാം കലമണ്ണിൽ എന്ന കേരള കോൺഗ്രസ് നേതാവോ അതോ വിമാനത്താവളത്തിനായി അതിശക്തം നിലകൊള്ളുന്ന പ്രമുഖ രാഷ്ട്രീയ നേതാവോ?

ആറന്മുളയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തൊക്കെയാണ്?  യു.ഡി.എഫ് എം.എൽ.എമാരടക്കം 72 എം.എൽ.എമാർ വിമാനത്താവളപദ്ധതി നടപ്പാക്കരുതെന്ന് സർക്കാരിന് നിവേദനം നൽകുകയും വി.എം സുധീരനെപ്പോലുള്ളവർ അതിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂട്ടരും പദ്ധതിയുമായി മുന്നോട്ടു പോയത് എന്തുകൊണ്ടാണ്? കോഴയുടെ പ്രളയമാണ് അതിനു പിന്നിലുണ്ടായിരുന്നതെന്ന് പകൽ പോലെ വ്യക്തം. കോഴപ്പണത്തിന്റെ ഒഴുക്കുകൊണ്ടു മാത്രം വിമാനത്താവളത്തിന് എല്ലാ വിധ അനുമതികളും ദ്രുതഗതിയിൽ ലഭിച്ചുകൊണ്ടിരുന്ന സമയത്താണ് ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തിയ മധുരയിലെ എൻവിറോ കെയറിന് വിമാനത്താവളങ്ങളുടെ പാരിസ്ഥിതികാഘാത പഠനം നടത്താനുള്ള അംഗീകാരമോ അക്രഡിറ്റേഷനോ ഇല്ലെന്ന് ഈ ലേഖകൻ ഇന്ത്യാ ടുേഡയിലൂടെ വെളിപ്പെടുത്തുന്നതും ഹരിത ട്രൈബ്യൂണൽ ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാഘാത റിേപ്പാർട്ട് റദ്ദാക്കുന്നതും പദ്ധതി നിലയ്ക്കുന്നതും. ഇപ്പോൾ മറ്റൊരു ഏജൻസിയെക്കൊണ്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ച് വീണ്ടും വിമാനത്താവള പദ്ധതിക്ക് ജീവൻ വെപ്പിക്കാനുള്ള പുറപ്പാടിലാണ് വിമാനത്താവളത്തിന്റെ സംരംഭകരായ കെ.ജി.എസ് ഗ്രൂപ്പ്. 

ഇക്കഴിഞ്ഞയാഴ്ച സോളാർ കുംഭകോണത്തെപ്പറ്റി സോളാർ കമ്മീഷന് മൊഴി നൽകുന്നതിനിടയിൽ മുഖ്യമന്ത്രിക്കെതിരെ താൻ മൊഴി നൽകുന്നത് എബ്രഹാം കലമണ്ണിൽ എന്ന പത്തനംതിട്ടക്കാരൻ വിലക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സരിത നായർ പറഞ്ഞതോടെ എബ്രഹാം കലമണ്ണിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള ഗാഢബന്ധം കൂടുതൽ വെളിപ്പെടുകയാണ്. ആറന്മുള വിമാനത്താവളവുമായി എബ്രഹാം കലമണ്ണിലിനുള്ള ബന്ധം എന്തെന്ന് പരിേശാധിച്ചാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഒരു അന്വേഷണം നമുക്ക് നടത്താനാകും. അതിന് വിമാനത്താവള പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്ന സമയത്ത് നടന്ന ചില ഇടപാടുകളെപ്പറ്റി അറിയണം. ആറന്മുള വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പിന് ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ ഏതെങ്കിലും തരത്തിൽ സരിതയുടെ സഹായം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടണം.

എബ്രഹാം കലമണ്ണിൽ എന്നയാളിൽ നിന്നു തന്നെയാണ് ആ അന്വേഷണത്തിന് തുടക്കമിടേണ്ടത്. 2004−ലാണ് അമേരിക്കൻ തങ്കച്ചൻ എന്നറിയപ്പെടുന്ന എബ്രഹാം കലമണ്ണിൽ എന്ന പ്രവാസി നാട്ടുകാരൻ മീൻ വളർത്താനാണെന്നു പറഞ്ഞ് ആറന്മുളയിലെ വെള്ളക്കെട്ടു കൂടുതലുള്ള പാടശേഖരങ്ങൾ വാങ്ങുന്നത്. പിന്നെ ഈ വയലുകളുടെ അതിരിലുള്ള കരിമാരം മലയും അദ്ദേഹം വാങ്ങി. വെല്ലൂരിലെ ആശുപത്രിയുടെ ബ്രാഞ്ചിനായിട്ടാണ് അത് വാങ്ങുന്നതെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്. എന്നാൽ മലയിടിച്ച് മണ്ണിട്ട് പാടത്തെ നീരൊഴുക്കിനുള്ള തോടും മൂടിക്കഴിഞ്ഞപ്പോഴേക്കും പ്രതിഷേധം പ്രദേശത്ത് വളർന്നു തുടങ്ങി. പ്രതിഷേധം ശക്തമാകാൻ തുടങ്ങിയതോടെ കലമണ്ണിൽ അതുവരെ പറഞ്ഞിരുന്ന ന്യായങ്ങളൊക്കെ വിഴുങ്ങിയശേഷം എഞ്ചിനീയറിങ് കോളേജിനായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പന്പയുടെ പോഷകനദിയായ വലിയതോട് (കോഴിത്തോട് എന്നും നാൽക്കാലിക്കൽ തോടെന്നും ഇതിനു പേരുണ്ട്) ആറന്മുളയിലേയും കരിമാരത്തേയും കുറുന്താറിലേയും കിടങ്ങന്നൂരിലേയും ഇലന്തൂരിലേയും 1200 ഏക്കറോളം വരുന്ന പുഞ്ചയിലൂടെയും 1700 ഏക്കർ വിരിപ്പുമായ നെൽവയലുകളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരുന്നത്. വലിയതോടിനു മുകളിൽക്കൂടി നാൽക്കാലിക്കൽ പാലം വന്നപ്പോൾ തോടടച്ച് ബണ്ടിട്ടപ്പോൾ വെള്ളം പോകാനിട്ടത് ചെറിയൊരു കുഴലായതിനാലാണ് കരിമാരത്തെ പാടശേഖരത്ത് വെള്ളം പോകാൻ വഴിയില്ലാതെ പാടശേഖരം വെള്ളം കെട്ടി കൃഷി അവതാളത്തിലായത്. 2004−ൽ ഈ ബണ്ട് നീക്കിയെങ്കിലും ചെങ്ങന്നൂർ−കോഴഞ്ചേരി റോഡിൽ കോഴിത്തോടിനു കുറുകെയുള്ള കോഴിപ്പാലത്തിന്റെ പണിയോടെ 2005−ൽ ഇതേ അനുഭവം ആവർത്തിക്കുകയും ചെയ്തു. അപ്പോഴാണ് സെന്റിന് അഞ്ഞൂറിൽ താഴെ നിരക്കിൽ ഭൂമി ഏറ്റെടുത്തോളാമെന്ന വാഗ്ദാനവുമായി എബ്രഹാം കലമണ്ണിൽ എന്ന കുശാഗ്രബുദ്ധിക്കാരൻ മീൻ വളർത്തൽ പദ്ധതിയുമായി നാട്ടുകാരെ സമീപിച്ചത്. 

കലമണ്ണിലിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് അന്ന് നാട്ടുകാർക്ക് മനസ്സിലായില്ലെങ്കിലും മലയിടിച്ച് തോട് അടച്ചതോടെ കുടിവെള്ളം മുട്ടുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ 2005−ൽ പദ്ധതിക്കെതിരെ രംഗത്തുവന്നു. പത്തുപേരെ പ്രതിയാക്കിക്കൊണ്ട് 2005 ഫെബ്രുവരിയിൽ കലമണ്ണിൽ ഹൈക്കോടതിയിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് റിട്ട് ഫയൽ ചെയ്‌തെങ്കിലും നിയമപ്രകാരമുള്ള ക്ലിയറൻസ് ലഭിക്കാതെ നെൽപ്പാടത്ത് നിർമ്മാണപ്രവർത്തനങ്ങളുമായി പോകാൻ അനുമതി കലമണ്ണിലിനില്ലെന്ന് ഹൈക്കോടതി വിധിച്ചു. 2006−ൽ കലമണ്ണിൽ വീണ്ടും നികത്തൽ ആരംഭിച്ചു. ഫെബ്രുവരി 2006−ൽ നിലം മണ്ണിട്ടു മൂടുന്നതിനും നിർമ്മാണപ്രവർത്തനങ്ങൾക്കുമെതിരെ വില്ലേജ് ഓഫീസറുടെ ഉത്തരവു വന്നെങ്കിലും തൽക്കാലം പണി നിർത്തിെവച്ച കലമണ്ണിൽ അഞ്ചു മാസത്തിനുശേഷം വീണ്ടും നികത്തിലിനിറങ്ങി. ജനകീയസമരത്തെ തുടർന്ന് വീണ്ടും നികത്തൽ നിർത്തിവെച്ചു. 2007−ലും 2008−ലും 2009−ലുമെല്ലാം നികത്തലും നിരോധനങ്ങളും മുറ പോലെ നടന്നു. ഉത്തരവുകൾക്ക് പുല്ലുവില പോലും കൽപ്പിക്കാതെയായിരുന്നു ഈ നീക്കങ്ങൾ. സഹികെട്ട ജനം ഒടുവിൽ അക്രമാസക്തരായി ജെ.സി.ബി മണ്ണെണ്ണയൊഴിച്ചു കത്തിച്ചതോടെയാണ് കലമണ്ണിലിന്റെ നിലംനികത്തൽ അവസാനിച്ചത്. കേരളാ കോൺഗ്രസിന്റെ ട്രഷററായിരുന്ന എബ്രഹാം കലമണ്ണിലിന്റെ സ്വാധീനശേഷിയോട് യാതൊരു സർക്കാർ സംവിധാനങ്ങളുടേയും പിന്തുണയില്ലാതെ ജനത്തിന് എന്തുചെയ്യാനാകും? എന്തിനധികം പറയുന്നു രണ്ടേക്കർ പുറന്പോക്കു തോടുൾപ്പടെ നികത്തിയതിന് എൽ.സി കേസ്സെടുത്തിട്ട് എബ്രഹാം ഹാജരായില്ലെന്ന് തഹസിൽദാർ പോലും നിസ്സഹായനായി പറയുന്പോൾ പിന്നെ ഏതു നീതിപ്രകാരമാണ് നാട്ടുകാർ അയാൾക്കെതിരെ നിലകൊള്ളുക? കലമണ്ണിലിന്റെ ഏയ്‌റോനോട്ടിക്കൽ എഞ്ചിനീയറിങ് കോളേജിൽ ഏവിയേഷൻ കോഴ്‌സ് പഠിപ്പിക്കാനാവശ്യമായ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള എയർ സ്ട്രിപ്പിനു മാത്രമായാണ് നിലംനികത്തിയിരുന്നതെന്നാണ് അപ്പോഴൊക്കെയും നാട്ടുകാർ കരുതിയിരുന്നത്. സർക്കാർ തലത്തിലും രാഷ്ട്രീയക്കാരും വ്യവസായികളും തമ്മിലും അണിയറയിൽ നടന്നുവന്നിരുന്ന ഗൂഢവർത്തമാനങ്ങളെക്കുറിച്ചൊന്നും പ്രദേശത്തെ നാട്ടുകാർക്കോ മാധ്യമങ്ങളോ ഒരു വാർത്തയും ചോർന്നുകിട്ടിയില്ല. 

ഭരണകൂടത്തിന് എത്ര വിദഗ്ദ്ധമായി നാട്ടുകാരെ കബളിപ്പിക്കാമെന്നതിന്റെ യഥാർത്ഥ ചിത്രം വെളിവാകുന്നത് സൂര്യ ടി.വിയുടെ പത്തനംതിട്ട ജില്ലാ ലേഖകനും ആറന്മുളക്കാരനുമായ ഹരി ഇലന്തൂർ 2011 ഡിസംബർ ഒന്പതിന് ഉച്ചയ്ക്ക് ബ്രേക്കിങ് ന്യൂസായി ‘’ആറന്മുള വിമാനത്താവള പദ്ധതിക്കായി രണ്ടായിരത്തിലധികം സർവേ നന്പറുകൾ ഏറ്റെടുത്ത് പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിക്കാൻ 2011 ഫെബ്രുവരി 24−ന് ഉത്തരവായെന്ന്’’ വെളിപ്പെടുത്തുന്നതോടെയാണ്. വിമാനത്താവളത്തിന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയതും വ്യവസായമേഖലാ പ്രഖ്യാപനവുമൊന്നും ആറന്മുളക്കാർ അതുവരെ അറിഞ്ഞിരുന്നില്ല. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ വില്ലേജുകളിലെ അഞ്ഞൂറോളം ഏക്കർ സ്ഥലം ഉൾപ്പെട്ടതായിരുന്നു ഈ വ്യവസായ മേഖല. ചെന്നൈ ആസ്ഥാനമാക്കിയ കെ.ജി.എസ് ഗ്രൂപ്പ് എന്ന റിയൽ എസ്‌റ്റേറ്റ് കന്പനിക്ക് വിമാനത്താവളവുമായി ബന്ധമുണ്ടെന്ന വാർത്തയും അതിനൊപ്പമുണ്ടായിരുന്നു. അറുപതു വ്യത്യസ്ത പ്രദേശങ്ങളിലായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി കിടക്കുന്നത്. ഈരണ്ടു കിലോമീറ്റർ അകലെയായി 22 ഏക്കർ ഭൂമിയാണ് നികത്തിയിട്ടുള്ളത്. ബാക്കിയെല്ലാം പുഞ്ചപ്പാടമാണ്. അത് കൂട്ടിയോജിപ്പിക്കണമെങ്കിൽ കുറഞ്ഞത് 1864 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടതായി വരും. 232 ഏക്കർ ഭൂമിയാണ് കലമണ്ണിൽ വാങ്ങിയത്. ബാക്കി 150 ഏക്കർ കെ.ജി.എസ് വാങ്ങിയതാണ്.

ഇനി വിമാനത്താവളം സംബന്ധിച്ചുള്ള ഇടപാടുകളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാം. ഇതിൽ ഭരണ−പ്രതിപക്ഷ ഭേദമില്ലാതെ പലരും പ്രതികളാണ്. നിയമത്തേയും നിയമസംവിധാനത്തേയും നോക്കുകുത്തിയാക്കി നിർത്തി ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പിനുവേണ്ടി തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥവൃന്ദവും തങ്ങളാലാകുന്നതൊക്കെ ചെയ്തിരിക്കുന്നു. സത്യസന്ധരായ പല ഉദ്യോഗസ്ഥർക്കും നിയമവിരുദ്ധമായ ഈ ക്രയവിക്രയങ്ങൾക്ക് കൂട്ടുനിൽക്കാത്ത പേരിൽ സ്ഥലംമാറ്റമുണ്ടായി. നിലവിലുള്ള നിയമങ്ങളെ മറികടക്കാൻ ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിലേയ്ക്ക് നീളുന്നു ഇവയുടെ രസതന്ത്രം. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളൊന്നും തന്നെ വ്യവസായമേഖലയായി പ്രഖ്യാപിക്കപ്പെട്ടില്ലാത്ത സ്ഥിതിക്ക് ഏകജാലക സംവിധാനത്തിലൂടെ എന്തിനാണ് ആറന്മുളയെ മാത്രം വ്യവസായ മേഖലയിലാക്കിയത്? 1999−ലെ കേരളാ വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡ്‌സ് ആന്റ് വ്യവസായ ടൗൺഷിപ്പ് നിയമപ്രകാരം നിലവിൽ വ്യവസായങ്ങളോ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റോ ഉള്ള പ്രദേശം മാത്രമേ വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കാൻ സർക്കാരിന് അനുവാദമുള്ളുവെന്നു പറയുന്നുണ്ട്. ആറന്മുളയിൽ എന്ത് വ്യവസായമാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും എളമരം കരീമും കണ്ടെത്തിയത്? ഈ പ്രഖ്യാപനത്തിന്റെ സാധുത തന്നെ അതിനാൽ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നതാണ് അതുകൊണ്ടു തന്നെ ഏറ്റവും പ്രധാനം. രാജ്യത്തെ മറ്റെല്ലാ നിയമവ്യവസ്ഥയിൽ നിന്നും ഈ പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് കെ.ജി.എസ് ഗ്രൂപ്പിന് ഉണ്ടാകാൻ പോകുന്നത്? ആരേയും കുടിയൊഴിപ്പിക്കില്ലെന്നാണ് വിമാനക്കന്പനി നൽകിയിരിക്കുന്ന വാഗ്ദാനം. 

ആറന്മുളയുടെ വ്യവസായ പ്രഖ്യാപനത്തിലേക്കു നീങ്ങിയ അനധികൃത വഴികളെപ്പറ്റി പരാമർശിക്കുന്നതിനു മുന്പ് ആറന്മുളയിലെ എബ്രഹാം കലമണ്ണിലിന്റെ പഠനത്തിനാവശ്യമായ എയർസ്ട്രിപ്പ് അന്താരാഷ്ട്ര വിമാനത്താവളമായി വളർന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. എബ്രഹാം കലമണ്ണിലും കെ.ജി. എസ് ഗ്രൂപ്പും തമ്മിൽ അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയവുമായി സന്ധിക്കുന്നതെവിടെ വെച്ചാണ്? 2008−ലാണ് അതിനു കളമൊരുങ്ങിയത്. 11,000 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെടുന്ന ചെന്നൈ ആസ്ഥാനമായ കെ.ജി.എസ് ഗ്രൂപ്പിൽ− മൂന്നു പേരാണ് സാരഥികൾ. രാജ്യസഭാംഗവും ദിനതന്തി പത്രത്തിന്റെ ഉടമയുമായ കെ.കുമരൻ, പത്തനംതിട്ട സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് ജിജി ജോർജ്, ഡി.എം.കെ ഭാരവാഹിയായ പി.വി ഷണ്മുഖം −എന്നിവരാണ് അതിന്റെ പ്രമോട്ടർമാർ. ഗ്രൂപ്പിൽ 15 ശതമാനം ഓഹരി റിലയൻസിനുണ്ട്. ഗ്രൂപ്പിന്റെ കേരള സർക്കാരുമായുള്ള എല്ലാ ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരത്തുകാരനായ മുൻ ഐ.പി.എസ് ഓഫീസറായ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പി ടി നന്ദകുമാർ ആണ്. 2000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ആദ്യഘട്ടത്തിന് 550 കോടി രൂപയും രണ്ടാം ഘട്ടത്തിന് 1450 കോടി രൂപയുമാണ് ചെലവ്. അതിൽ 40 ശതമാനം തുല്യ ഓഹരിയിലൂടേയും (700 കോടി രൂപ) 60 ശതമാനം വായ്പയിലൂടെയുമാണ് സമാഹരിക്കുകയെന്നാണ് കന്പനിയുടെ വാദം. മൊത്തം 700 ഏക്കറിലാണ് വിമാനത്താവളം വരുന്നതെന്ന് കന്പനിയുടെ പ്രോജക്ട് റിപ്പോർട്ടിൽ കാണുന്നു. പ്രവാസി വിദേശ മലയാളികളിൽ 13 ശതമാനവും വിമാനത്താവളത്തിന്റെ പരിധിയിൽപ്പെട്ട പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി പ്രദേശത്താണെന്നതും കേരളത്തിനു പുറത്തുള്ള മലയാളികളിൽ 30 ശതമാനവും ഈ പ്രദേശത്തുകാരാണെന്നും ഏണസ്റ്റ് ആന്റ് യങ് തയ്യാറാക്കിയ ഡി.പി. ആറിൽ കാണുന്നു. കലമണ്ണിലിന്റെ പദ്ധതികൾ മുന്നോട്ടു പോകാതിരിക്കുന്ന സമയത്ത് 2008−ലാണ് ആറന്മുള ഏവിയേഷൻ ലിമിറ്റഡ് എന്ന ഒരു കന്പനി ഇരുചെവിയറിയാതെ നിലവിൽ വരുന്നത്. പ്രസ്തുത കന്പനിയുടെ ചെയർമാൻ എബ്രഹാം കലമണ്ണിൽ ആയിരുന്നുവെന്നതിന്റെ തെളിവ് അദ്ദേഹം ആറന്മുള ആഭ്യന്തര വിമാനത്താവളത്തിനായി ഗതാഗത വകുപ്പിന് അയച്ച രേഖയിൽ നിന്നുമാണ്. തനിക്ക് വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് പത്തനംതിട്ടക്കാരനായ ജിജി ജോർജ് പ്രൊമോട്ടറായ കെ.ജി.എസുമായി 232 ഏക്കർ ഭൂമി 52 കോടി രൂപയ്ക്ക് നൽകുന്നതിനായി ഒരു കരാർ ഉണ്ടാക്കുന്നത്. എന്നാൽ ഇവർ തമ്മിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്‌ട്രേഷൻ നടന്നപ്പോൾ ആധാരത്തിൽ കാണിച്ച തുക കേവലം 16 കോടി രൂപയാണ്. ബാക്കി 36 കോടി രൂപ കൂടി തനിക്ക് കിട്ടാനുണ്ടെന്നും അതിനു പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞുപോയെന്നും അതിനാൽ വസ്തുകൈമാറ്റം റദ്ദു ചെയ്ത് വസ്തു തിരികെ തരണമെന്നാവശ്യപ്പെട്ട് എബ്രഹാം കലമണ്ണിൽ പത്തനംതിട്ടാ ജില്ലാ കോടതിയിൽ 2012 ഏപ്രിൽ 24−ന് ഫയൽ ചെയ്ത കേസ്സ് പ്രകാരം ഈ വസ്തുക്കളുടെ മേൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ വസ്തുവിൽ പ്രവേശിക്കുകയോ ചെയ്യുന്നതിൽ നിന്നും 2012 മേയ് 11 മുതൽ കന്പനിയെ വിലക്കിയിരുന്നുവെങ്കിലും പിന്നീടത് ഒത്തുതീരുകയായിരുന്നു.

ഇവിടെ 52 കോടി രൂപയുടെ ഇടപാട് 16 കോടി രൂപയ്ക്ക് രജിസ്റ്റർ ചെയ്തതു തന്നെ നിയമങ്ങളുടെ ലംഘനമാണ്. പിന്നീടങ്ങോട്ട് നിയമലംഘനങ്ങളുടെ പരന്പരയായിരുന്നു. 

ആറന്മുള വിമാനത്താവള വിഷയത്തിൽ സരിത എസ്.നായർ ഏതു തരത്തിലുള്ള ഇടപാടുകളാണ് നടത്തിയിട്ടുള്ളത്? സരിതയ്ക്കും വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഇടപാടുകളുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് പി.സി ജോർ‍ജ്ജായിരുന്നു. ആറന്മുള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോക്ടർ പി.ടി നന്ദകുമാർ എന്ന മുൻ ഐ. പി.എസ് ഉദ്യോഗസ്ഥനുമായി ഇതേപ്പറ്റി ഈ ലേഖകൻ മുന്പ് ആരാഞ്ഞിരുന്നു. സരിത നായർ ആറന്മുള വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കെ.ജി. എസ് ഗ്രൂപ്പിന് സഹായം നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിന് 2013−ൽ നന്ദകുമാർ നൽകിയ മറുപടി ഇതാണ്.− “സരിതയെ ഞാൻ കണ്ടിട്ടു പോലുമില്ല. സരിത രണ്ടു തവണ എന്നെ വിളിച്ചിരുന്നു. ആറന്മുളയിൽ ഭൂമിയുടെ കാര്യം ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. നിങ്ങൾ ഭൂമിയുടെ ഉടമയാണോയെന്ന് ഞാൻ ചോദിച്ചു. അതുമല്ലെങ്കിൽ ഭൂമിയുടെ ഉടമയെ പ്രതിനിധീകരിക്കുന്നയാളാണോ എന്നു ചോദിച്ചു. ഇതുമല്ല അവർ എന്ന സ്ഥിതിക്ക് എനിക്ക് ഇങ്ങനെയുള്ള ആളുകളെ കാണാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഞാൻ അങ്ങോട്ടു വിളിച്ചിട്ടുമില്ല,”− നന്ദകുമാർ പറയുന്നു.

അപ്പോൾ ന്യായമായും പുതിയ സംശയങ്ങൾ തലപൊക്കുന്നു. ആരാണ് സരിതയെ കെ.ജി.എസിന്റെ നന്ദകുമാറുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്? അത് എബ്രഹാം കലമണ്ണിൽ എന്ന കേരള കോൺഗ്രസ് നേതാവോ അതോ വിമാനത്താവളത്തിനായി അതിശക്തം നിലകൊള്ളുന്ന പ്രമുഖ രാഷ്ട്രീയ നേതാവോ? ഈ ഉത്തരം വരാനിരിക്കുന്ന നാളുകൾക്ക് നമുക്ക് തൽക്കാലം വിട്ടുകൊടുക്കാം.

തയ്യാറാക്കിയത് ജെ.ബിന്ദുരാജ് 

You might also like

Most Viewed