കുടുംബം :- ചില നിലപാടുകൾ‌


സുമ സതിഷ്

ലോകമേ തറവാട് എന്ന ഭാരതീയ തത്ത്വം ഉദ്ഘോഷിക്കുന്ന 'വസുധൈവ കുടുംബകം' എന്ന മഹാഉപനിഷത്തിലെ വാക്യം ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശനഹാളിൽ കൊത്തിവച്ചത് എന്തുകൊണ്ടെന്നാൽ എന്റേത്, നിന്റേത്, അവന്റെത് എന്ന സങ്കുചിത മനസ്സല്ല, മറിച്ച് ഏവരെയും സ്വീകരിക്കുന്ന വിശാല മനസ്സാണ് നമ്മുടേത് എന്ന് അടിവരയിട്ട് പ്രഖ്യാപിക്കാനാണ്.

അതിന്റെ ചുവടു പിടിച്ച് തന്നെയാണ് നമ്മുടെ കുടുംബ ജീവിതങ്ങളും പൊതുവേ മുമ്പോട്ട് പോകുന്നത്. ഇത് കാരണം ആധുനിക ലോകത്തും ശക്തമായ കുടുംബ വ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ ഭാരതം മുന്നിട്ടു നിൽക്കുന്നു.

എന്താണ് കുടുംബം? ലളിതമായി പറഞ്ഞാൽ കൂടുമ്പോൾ ഇമ്പം ഉള്ളത് എന്നു അതിനെ നിർവ്വചിക്കാം. ഇവിടെ ഭർത്താവ്‌, ഭാര്യ, മക്കൾ എന്നിവരാകും കുടുംബാംഗങ്ങൾ. വിവാഹം എന്നാൽ ഉടമ്പടിയോ കരാറോ ആകരുത്. മറിച്ച് രണ്ടു വ്യക്തികൾ തമ്മിലുള്ള ആത്മബന്ധമാവണം. മറ്റുള്ളവർക്ക് വേണ്ടിയോ കുടുംബത്തിന് വേണ്ടിയോ ഉള്ള സഹനത്തിൽ നിന്നു ഉടലെടുത്ത ബന്ധങ്ങൾക്ക് സ്നേഹമോ സുഖമോ കാണില്ല. മറിച്ചു സ്വയം കണ്ടെത്തുന്നതായാലും അറേഞ്ച്ഡ് ആയാലും വ്യക്തികൾ തുറന്ന് സംസാരിച്ചു ബോധിച്ചിട്ട് മാത്രമേ വിവാഹബന്ധത്തിൽ ഏർപ്പെടാവൂ. അല്ലാത്തത് ഏച്ചു കെട്ടിയപോലിരിക്കും. ഇവിടെ പരസ്പരം മനസ്സിലാക്കൽ ആണ് മുഖ്യം. അതില്ലാത്തിടത്ത് ജീവിതമേ ഇല്ല. കാലത്തിനൊപ്പം ചലിക്കുന്ന രണ്ടാത്മക്കൾ മാത്രമായി കാലാന്തരേണ് അവർ മാറും. വിവാഹം ഒരു തരത്തിൽ രണ്ടു വ്യക്തികൾ ഒന്നാവുന്നതാണ്. ഭാര്യ ശക്തിയും സുശീലയും ആകുമ്പോൾ ഭർത്താവ് ആദർശശാലിയും തെറ്റ് തിരുത്തുന്നവനും ആകണം. ഇങ്ങിനെ കടലും തിരമാലയും പോലെയാവണം ഭാര്യ ഭർതൃബന്ധം. മക്കൾക്ക് വിദ്യ നൽകുക, അവരെ ഉന്നത നിലയിൽ എത്തിക്കുക എന്നതൊക്കെ മാതാപിതാക്കളുടെ കടമയാണ്. കുടുംബമെന്ന വൃക്ഷത്തിന്റെ അച്ഛനും അമ്മയും എന്ന ശിഖരങ്ങളിലിരിക്കുന്ന ചെറുകിളികളാണ് കുഞ്ഞുങ്ങൾ. എവിടേക്ക് പറന്നാലും കൂടണയാൻ തന്റെതായൊരു ഇടം കുടുംബത്തിൽ ഉള്ളപ്പോഴാണ് അത് തേടിയണയാൻ കിളി പറന്നെത്തുക. മക്കൾ തളരുമ്പോഴും തകരുമ്പോഴും തണലായി എന്നും കുടുംബമെന്ന വൃക്ഷം ഒപ്പം ഉണ്ടാകേതുണ്ട്. അതിന്നിന്റെ കൂടി അനിവാര്യതയാണ്.

ദാമ്പത്യം, പൂർണത നേടുന്നത് ജീവിതം വിശ്വാസത്തോടെ സമത്വവും സുന്ദരവും ഹാർദ്രവും കെട്ടുറപ്പും സ്വതന്ത്രവും ആകുമ്പോഴാണ്. ആരും ആർക്കും ദാനം കൊടുക്കാനുള്ളതല്ല ജീവിതവും സ്വാതന്ത്ര്യവും. ഭാര്യക്ക് എല്ലാത്തിനും അനുവാദം ഞാൻ കൊടുത്തിട്ടുണ്ടെന്നു പറയുന്ന ഭർത്താവ് അധികാരിയെന്നും എനിക്കെന്റെ ഭർത്താവ് എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ടെന്നു ഒരു ഭാര്യ പറയുമ്പോൾ അത് താൻ അടിമയെന്നു വിളിച്ചു പറയുന്നതിന് തുല്യമാണ്. കൊടുക്കേണ്ട ദാനമോ വാങ്ങേണ്ട അവകാശമോ അല്ല ഒന്നും. അവനവനിൽ എല്ലാമുണ്ട്. അതുപോലെ സ്വന്തം ചുറ്റുപാട് ഉപേക്ഷിച്ചു പുതിയ ചുറ്റുപാടിലേക്ക് വരുന്ന ഏതു സ്ത്രീക്കും പിന്തുണയും സ്നേഹവും പരിഗണനയും കൊടുക്കേണ്ടത് ഭർത്താവ് തന്നെയാണ്. തിരിച്ച് പെണ്ണ്, കേറി ചെല്ലുന്നിടത്ത് ഓരോരുത്തർക്കും തന്റെ ആളിൽ നിന്നു പകർന്നുക്കൊണ്ടിരുന്ന ഒന്നിനും തടസ്സമാവാതെയിരിക്കാനും അവൾക്കു പറ്റണം. എല്ലാവരെയും ഉൾകൊള്ളാനുള്ള വലിയ മനസ്സ് ഉണ്ടാക്കാൻ പരിശീലിക്കണം. അത് തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ ആരോഗ്യവും.

ഓരോരുത്തർക്കും അവരുടേതായ ഒരു സ്പേസ് കാണും അതിൽ ആരും കൈകടത്താതിരിക്കുക. ഒപ്പം ഉറച്ച ധാരണയോടെയും വിശ്വാസത്തോടെയും ഒരേലക്ഷ്യത്തോടെയും മുന്നോട്ടു പോകുന്നതാണ് ഏറ്റവും ഉത്തമമായ ദാമ്പത്യം. എന്നും മറ ഇല്ലാതെ സ്നേഹിക്കാൻ പറ്റുന്നിടത്ത് എല്ലാമുണ്ടാകും. കുറവുകളെ കഴിവുകളാക്കി മാറ്റാനാണ് പഠിക്കേണ്ടത്. തെറ്റുകൾ പറ്റാം മനുഷ്യന്, എന്നാൽ അത് തിരുത്തുന്നിടത്താണ് ജീവിതത്തിന്റെ സൗന്ദര്യം. അമ്മയെ കാക്കുന്നത് പുണ്യം, പെങ്ങളെ സംരക്ഷിക്കുന്നത് ബഹുമാനം, ഭാര്യയെ സ്നേഹിക്കുന്നത് പെൺ കൊന്തനായത് കൊണ്ട് എന്ന കാഴ്ചപ്പാടൊന്നും, തന്റെ പെണ്ണിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഇന്നത്തെ തലമുറക്കില്ല. ജീവിത പാച്ചലിനിടയിൽ വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ, അല്ലെങ്കിൽ ചതിക്കപ്പെടുമ്പോൾ, മക്കൾക്കും കുടുംബത്തിനും സമൂഹത്തിനും വേണ്ടി പഴയ അമ്മമാർ, മാപ്പ് കൊടുക്കാനും സഹിക്കാനും തയ്യാറാകും പക്ഷെ പുതുതലമുറ എവിടെ വിശ്വാസ്യത തകരുന്നുവോ അവിടെ ബന്ധത്തിന് തന്നെ ഫുൾ സ്റ്റോപ്പുമിടും. ഒരു തരത്തിൽ അത് കാലത്തിന്റെ അനിവാര്യത കൂടിയാണ് എന്നതും യാത്ഥാർത്ഥ്യമാണ്.

അതേസമയം പുതിയ തലമുറയെ തലങ്ങും വിലങ്ങും കീറിമുറിച്ചു കുറ്റപ്പെടുത്തുമ്പോൾ നമ്മൾ അവരുടെ അവരുടെ ജീവിത സാഹചര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. നാം ശീലിപ്പിച്ച ശീലങ്ങൾ, തുറന്ന പാതകൾ, പഠിപ്പിച്ച പാഠങ്ങൾ, ആഹാര രീതികൾ, ചുറ്റുപാടുകൾ എല്ലാത്തിനും ഉപരി സമൂഹവും മീഡിയകളുടേയും ഒക്കെ സ്വാധീനം. എന്നിട്ടും അവരുടെ നിലപാടുകളിലെ മേന്മ നമ്മളറിയണം. അവരാണ് പലപ്പോഴും ശരി എന്നും നമ്മൾ അംഗീകരണം. എന്നാൽ മാത്രമേ ജീവിതം ശാന്തമായോഴുകുന്ന പുഴയാവുകയുള്ളൂ. എല്ലാത്തിനെയും ഉൾക്കൊണ്ട്‌ വേണ്ടതിനെയൊക്കെ പരിഗണിച്ചു സ്നേഹിച്ചു തലയെടുപ്പോടെയൊഴുകുന്ന പുഴ. മറിച്ചു ഭ്രാന്തമായി ഒഴുകി എല്ലാത്തിനെയും കലക്കിമറിച്ചു വേദനിപ്പിച്ചു വിഴുങ്ങികൊണ്ട് ആർത്തു നീങ്ങരുത്. ദൂരം കുറച്ചു മാത്രേ ഉള്ളൂ.. അത് പൂർണമായും ആസ്വദിക്കുക. ക്ഷമ, സാന്ത്വനം ഒക്കെ വേണ്ടിടത്ത് കൊടുക്കാം എങ്കിലും സഹനം ഒഴിവാക്കുന്നതാകും ഒരു വ്യക്തിയുടെ നന്മക്ക് ഏറ്റവും അനുയോജ്യം. വഞ്ചനക്ക് വഞ്ചന എന്ന ചിന്ത ഒരാവേശത്തിന് വരുമെങ്കിലും അത് തന്നിലെ സ്വത്തത്തെ നശിപ്പിക്കലാകും. ജീവിതം ആസ്വദിച്ചു ജീവിക്കാൻ പറ്റട്ടെ എന്ന ആശംസകളും നേർന്ന് കൊള്ളട്ടെ...

You might also like

Most Viewed