ഇക്കാ­ലത്ത് ജീ­വി­ച്ചി­രി­ക്കേ­ണ്ടി­യി­രു­ന്ന കമ്യൂ­ണി­സ്റ്റ്


സ്വന്തം ലേഖകൻ

മൂഹത്തിൽ താഴെക്കിടയിലുള്ള ജനങ്ങൾ എന്നും ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. കേരളത്തിൽ അതിനു തക്ക ഉയർച്ചയിൽ കമ്യൂണിസ്റ്റ് പാർട്ടി വേരൂന്നിയ കാലത്ത് ഇഎംഎസ് നന്പൂതിരിപ്പാട് എന്ന പേര് ഒരു വികാരമായിരുന്നു. ഇഎംഎസ് ഒരു യഥാർത്ഥ കമ്യൂണിസ്റ്റായിരുന്നു എന്ന് കൂടെകൂടെ പറഞ്ഞുകേൾക്കുന്പോൾ യഥാർത്ഥ കമ്യൂണിസ്റ്റല്ലാത്തവരും പാർട്ടിയിലുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. സമീപകാലത്ത് കമ്യൂണിസം വളർന്ന് വളർന്ന് വയലും ജലവും ജീവനുമെല്ലാം വില കൽപ്പിക്കാത്തൊരിടത്ത് എത്തി നിൽക്കുന്പോൾ ഒരു ഇഎംഎസ് ദിനം കടന്നു പോകുകയാണ്.

ഏലംകുളം മനക്കൽ ശങ്കരൻ നന്പൂതിരിപ്പാട്‌ അഥവാ ഇ.എം.എസ്‌ നന്പൂതിരിപ്പാട്‌. ഇഎംഎസ് ജീവിച്ചിരുന്ന കാലം നന്പൂതിരി വിഭാഗങ്ങളിൽ ഒട്ടനവധി അനാചാരങ്ങൾ നിലനിന്നിരുന്നു. അതിനെല്ലാം എതിരായി മുന്നോട്ട് നടന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പാത പിന്തുർന്ന് പിന്നീട് ഒരുപാട് നല്ല കമ്യൂണിസ്റ്റുകാർ കേരളത്തിലുണ്ടായത്. ആ നടത്തം പിന്നീട് ഇഎംഎസ്സിനെ ഇന്ത്യൻ മാർക്സിസ്റ്റ് −കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമൊക്കെയാക്കി തീർത്തു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും ഇഎംഎസ് അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്‌.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നു വന്ന ഇഎംഎസ് പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി. കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. സി.പി.ഐ(എം) ദേശീയ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ഇഎംഎസ് വളർന്നത്. അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ. അവിടെ നിത്യവും പൂജയും മറ്റു കർമ്മങ്ങളും നടന്നു. ഓർമ്മ വെയ്ക്കാറാവുന്നതിനു മുന്പേ അച്ഛൻ പരമേശ്വരൻ നന്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ഇഎംഎസ്. 

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധുവീട്ടിലാണ് കുറേകാലം ഇഎംഎസ് കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാൻ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നന്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ഇഎംഎസ് പെരിന്തൽമണ്ണ ഹൈസ്കൂളിൽ ചേർന്നു. മൂന്നാം ഫോറത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നാനാജാതി മതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി. ഇതിനകം തന്നിൽ വളർന്നുവന്നിരുന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങൾ, കളികൾ എന്നിവയിൽ പങ്കെടുക്കുക
യും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതിൽ താൽപ്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ വഴികാട്ടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എം.പി ഗോവിന്ദമേനോൻ ആയിരുന്നു. അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു ഗോവിന്ദമേനോൻ.

നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താൽപ്പര്യം ജനിക്കാൻ തുടങ്ങി. 1923−ൽ പതിന്നാലാം വയസ്സിൽ നന്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ കാൽവെപ്പ്. നന്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം. യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് താൻ പേനയും പെൻസിലും എടുത്തതെന്ന് അദ്ദേഹം തന്നെ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വെച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. സൈമൺ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങൾ ഉയർന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂർ െവച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹർലാൽ നെഹ്്റുവിന്റെ നേതൃത്വത്തിൽ നടന്നു. അതിൽ വെച്ച് മിതവാദികൾ സ്വരാജ് മതിയെന്നും തീവ്രവാദികൾ പൂർണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങൾ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് എത്തിച്ചു. സൈമൺ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെന്പാടും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചപ്പോഴും വിദ്യാർത്ഥിയായിരുന്ന ഇഎംഎസ് അതിൽ പങ്കാളിയായില്ല. ഈ ഭീരുത്വം പിൽക്കാലത്ത് മനസ്സിനെ മഥിച്ചതും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു വണ്ടികയറുന്നതിനു കാരണമായെന്നും ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അഭിപ്രായപ്പെടുന്നു. ഇതേ സമയത്ത് നന്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി അദ്ദേഹം ശ്രമിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വെച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടൻ നന്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ ആരംഭിച്ചു. എന്നാൽ ഹിന്ദിയുടെ പ്രചാരണം സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു. ഇത് അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.

1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജൂനിയർ ഇൻ്റർമീഡിയേറ്റിനു ചേർന്നു. പ്രാചീന ചരിത്രം, ഇന്ത്യാചരിത്രം, തർക്കശാസ്ത്രം എന്നിവയായിരുന്നു അദ്ദേഹം ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുത്തത്. കോളേജ്‌ പഠനകാലത്ത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.

1931−ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തൽസ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ഇഎംഎസ്സിനെയായിരുന്നു. അത് പത്രമാധ്യമങ്ങളിൽ വരികയും അന്നുവരെ അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികൾ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവർ മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. 1932 ജനുവരി 17−ന് ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരണ ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വന്പിച്ച ജനാവലിക്കു മുൻപിൽ വെച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ 1933 ഓഗസ്റ്റ് 31−ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂർ, കണ്ണൂർ ജയിലുകളിലായാണ് അദ്ദേഹത്തെ തടവിൽ പാർപ്പിക്കപ്പെട്ടത്. കണ്ണൂർ ജയിലിൽ വെച്ച് സഹ തടവുകാരനായ കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു.

കോളേജ് ജീവിതം കഴിഞ്ഞ് ഇഎംഎസ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കാൻ ആരംഭിച്ച സമയത്താണ് ഗാന്ധിജി നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചത് രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കുന്നത്. ഇക്കാലയളവിൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികളുടെ വിജയം യുവാക്കളെ ആകർഷിച്ചു. കോൺഗ്രസ്സിലെ ഇടതുപക്ഷത്തേക്ക് ചലിച്ചുകൊണ്ടിരുന്ന ഇ.എം.എസ്സിന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിനു പിന്തുണ നൽകാൻ പ്രയാസമുണ്ടായില്ല. 1934−ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടപ്പോൾ അതിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാൾ ഇ.എം.എസ്സായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌ 1934-36ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ കെ.പി.സി.സിയുടെ സെക്രട്ടറിയായിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെപ്പറ്റി ആലോചിക്കുന്പോൾ തന്നെ ഇഎംഎസ്‌ ആ ചിന്താധാരയ്ക്കൊപ്പം നിന്നു. 1936ൽ ഇ.എം.എസ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഇ.എം.എസ്, പി.കൃഷ്ണപിള്ള, കെ.ദാമോദരൻ, എൻ.കെ ശേഖർ എന്നിവരായിരുന്ന ആദ്യ അംഗങ്ങൾ. അങ്ങനെ 1937−ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി. 

സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം നിന്ന് കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് പത്ത് വർഷത്തിന് ശേഷം കേരളത്തിൽ നിലവിൽ വന്ന മന്ത്രിസഭ കമ്യൂണിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. 1957−ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു കേരളത്തിലേത്. അധികാരമേറ്റ മന്ത്രിസഭയുടെ അമരത്ത് ഇഎംഎസ് നന്പൂതിരിപ്പാട് എന്ന കമ്യൂണിസ്്റ്റുകാരനായിരുന്നു. ആദ്യത്തെകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അദ്ദേഹം ധൃതിപ്പെട്ട് നടപ്പിലാക്കിയ പല പദ്ധതികൾക്കും എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു. നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാരിനെതിരെ സമരം ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചു വിട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായി എന്ന ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഈ തീരുമാനം എടുത്തത്. 1967−ലെ പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായിരുന്ന കോൺഗ്രസ്സിനെതിരെ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ തിരഞ്ഞെടുപ്പിൽ വലിയ വിജയം കൈവരിച്ച് ഇ.എം.എസ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും 1967−ൽ അധികാരത്തിലെത്തി.

ഇന്ന് പക്ഷെ കമ്യൂണിസം സമൂഹത്തിൽ ആഴത്തിലുള്ള മുറിപ്പാടുകൾ ഉണ്ടാക്കുകയാണ്. പാർട്ടിയുടെ വളർച്ചയിൽ പണ്ട് സമരമുഖത്തെ രക്തചൊരിച്ചിലുകളായിരുന്നെങ്കിൽ ഇന്നത് മറ്റ് പല തരത്തിലും ചുവപ്പിന് കാഠിന്യം കൂട്ടുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മിക്ക രാഷ്ട്രീയ പാർട്ടികളും ഈ പ്രകൃയ പിന്തുടരുന്നുമുണ്ട്. ജാതി മത വിഭാഗീയതയിൽ നിന്നും കേരളത്തിനെയല്ല ഇന്ത്യയെ തന്നെ രക്ഷിക്കാൻ തക്ക കെൽപ്പുള്ള പാർട്ടിയായി ഇനിയും കമ്യൂണിസ്റ്റ് പാർട്ടി  വളരാത്തതിന്റെ പ്രധാന കാരണം ഇഎംഎസ്സിനെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ഇല്ലാതെ പോയതുകൊണ്ട് തന്നെയാണ്. സംവാദങ്ങളെ ഭയപ്പെടുകയും സംവദിക്കാൻ‍ ശേഷിയുള്ള നേതാക്കൾ‍ക്ക് ദാരിദ്ര്യം നേരിടുകയുമാണ് കേരളത്തിലെ സിപിഎം നേതൃത്വം. അത് തെറ്റായി പോയി, എനിക്ക് തെറ്റ് പറ്റി, എന്‍റെ പാർ‍ട്ടിക്ക് തെറ്റ് പറ്റി, ഞങ്ങൾ‍ക്ക് തെറ്റ് പറ്റി എന്നെല്ലാം പറയാൻ‍ ഇഎംഎസ് മടി കാണിച്ചിരുന്നില്ല. 

1998 മാർച്ച് 19നായിരുന്നു കേരള ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇഎംഎസ് ദേഹം വെടിഞ്ഞത്. കേരളം വിതുന്പിയ ആ നാൾ. ആധുനികകേരളത്തിന്റെ സൃഷ്ടിയിൽ ചാലകശക്തിയായ കമ്യൂണിസ്റ്റ് നേതാവിന്റെ ആകസ്മികമരണം സൃഷ്ടിച്ച ശൂന്യതയിൽ കേരളം വിലപിച്ചു. മുന്പൊരിക്കലും കേരളം ഇങ്ങനെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. ഇഎംഎസ് എന്ന മഹാമനീഷിയുടെ വേർപാട് അത്രയധികം മുറിവാണ് കേരള ജനതയ്ക്കുണ്ടാക്കിയത്. ശക്തമായൊരു കമ്യൂണിസ്റ്റ് നേതൃത്വം ഇന്നും കേരളത്തിന് ആവശ്യമെന്നിരിക്കെ ഇഎംഎസ് ഇക്കാലത്തും ജിവിച്ചിരുന്നെങ്കിലെന്ന് ആശിച്ച് പോകുന്നു...

You might also like

  • Lulu Exchange
  • Straight Forward

Most Viewed