പി.ആർ.ഒ പണിയും പുനരുദ്ധാരണക്കമ്മിറ്റിയും

ശരശയ്യ - നിതിൻ നാങ്ങോത്ത്
"തെറ്റുചെയ്യാത്തവരില്ല ഗോപൂ...’’ മലയാളത്തിലെ ഒരു കുപ്രശസ്ത സിനിമയിലെ ഗീർവാണമാണിത്. കൊച്ചു പയ്യനെ തെറ്റ് ചെയ്യാൻ ക്ഷണിക്കുന്നതിന് മുന്പുളള മഹത് വചനം. ചെക്കൻ തെറ്റിലേയ്ക്ക് മൂക്കും കുത്തി വീഴുന്നു. തെറ്റത്തരങ്ങൾ കൺകുളിർക്കെ കണ്ട് കാഴ്ചാ സമൂഹം നെടുവീർപ്പിടുന്നു. അല്ലേലും തെറ്റിനോളം മാർക്കറ്റ് മറ്റൊന്നിനുമില്ല. മോശം കാര്യം ചെയ്യുക എന്നത് മിനക്കെട്ട പണിയാ. അപാര ധൈര്യം വേണം. സംശയമുണ്ടേൽ നിങ്ങളൊരു തെറ്റ് ചെയ്തു നോക്കൂ. അപ്പോളറിയാം വിവരം. നിങ്ങളൊരു കുഴിയിൽ വീണാൽ, ’’രക്ഷ’’യുമായി ആയിരങ്ങളെത്തും. കൈത്താങ്ങാവും. അതാണിപ്പോഴത്തെ ട്രെൻഡ്. അഥവാ നിങ്ങൾ പുരസ്കരിക്കപ്പെട്ടതാണേലോ. കയ്യടിക്കാൻ പോലും ഒരുത്തനെയും കാണില്ല.ശംഭോ മഹാദേവാ... കലികാല വൈഭവം!!
കുറ്റവാസന മനുജന്‍റെ ഇൻബോൺ ടാലന്‍റാണ്. അത് വളർന്ന് പടർന്ന് പന്തലിക്കുന്നതിനാവശ്യമായ എല്ലാ മോട്ടിവേഷനും ഇവിടെ അവൈലബിളാണ്. അബദ്ധത്തിലാരെയും കുത്തിപ്പോയാൽ നിങ്ങളെ ഏറ്റെടുക്കാനാളുണ്ട്. കുത്തേറ്റവൻ കാഞ്ഞാൽ നിങ്ങടെ രാശി തെളിഞ്ഞു. പിന്നെ ഇസെഡ് കാറ്റഗറിയിലായി. ആസ്ഥാന കുത്തുകാരനായി അവരോധിക്കപ്പെടും. വരവ്, ചെലവ്, ഭവനം, മാംഗല്യം, പെൻഷൻ... എക്സട്രാ അനുവദിച്ചു കിട്ടും. പഠിച്ച്, നയിച്ച്, കഷ്ടപ്പെട്ട്, പി.എസ്.സി കോച്ചിംഗിനൊക്കെ പോയി ഒന്ന് കര പറ്റിയാൽ എന്തോ കിട്ടും? ജീവിതം ഉന്താനുളള സ്റ്റാമിന പോലും ബാക്കിയുണ്ടാവില്ല. കൊടും ക്രിമിനലും വെറുക്കപ്പെട്ടവളും അഴിമതിക്കാരനും പലവിധ മാഫിയയും തീവ്രവാദിയും വഞ്ചകനും ആഡംബരച്ചിരി ചിരിച്ച് നമ്മളെ കടന്നു പോകുന്പോൾ ഒരുമാതിരിപ്പെട്ട ആദർശവാദിയൊക്കെ താടിക്ക് കൈകൊടുത്തു പോവും. ഇങ്ങനെ ഗദ്ഗദപ്പെട്ടു പോവും. 'കപടതയ്്ക്കേ കഴിഞ്ഞിട്ടുളളൂ/കാഞ്ചന ജയപതാക/ഇവിടെപ്പറത്തുവാൻ.' സത്യം, ധർമ്മം, നീതി ഇവയൊക്കെ നിരോധിച്ച നോട്ടുകളായിട്ട് കാലം കുറേയായി.
കുറ്റവാളികളെ വൈറ്റ് വാഷ് ചെയ്യാൻ ഇവിടെ പ്രൊഫഷണൽസ് തന്നെ ഫോറങ്ങൾ രൂപീകരിച്ചു കഴിഞ്ഞു.അവർ പ്രതിയുടെ തെളിവെടുപ്പ് ഉത്സവപ്പറന്പിലെത്തി കീ ജയ് വിളിക്കും. കൂവുന്നവനെ ക്യാമറാഫോണിലാക്കും.എഫ്.ബിയിലും ട്വിറ്ററിലും തുരുതുരാ പോസ്റ്റുകൾ പായിക്കും. വാട്സാപ്പിൽ സഹതാപതരംഗദൈർഘ്യത്തിൽ ഡോസ് കൂട്ടിയും കുറച്ചും ട്രോൾ മഴ പെയ്യിക്കും. ചാനലിൽ വിളിച്ച് നമ്മൾക്ക് മതിയായേ എന്ന് വലിയ വായിൽ നിലവിളിക്കും. അറ്റകൈക്ക് ആർട്ടിെസ്റ്റന്ന ലേബലിൽ വീഡിയോ പോസ്റ്റും. ഭീഷണി പുരട്ടി ഏഷണിച്ചു കളയും. കെട്ട്യോൾ ഒളിച്ചോടിക്കളയുമെന്ന് പൂതി തന്നു കളയും. കേമറയ്ക്ക് പിറകിൽ കേബറയാണെന്ന് അനാച്ഛാദനം ചെയ്തു കളയും. ഞാനും കുടുംബവും നടുറോഡിൽ പായവിരിച്ച് കൊതുകടി കൊണ്ട് ഉണ്ണാവ്രതമിരിക്കുമെന്ന് പരസ്യം ചെയ്ത് കളയും. ചുരുക്കത്തിൽ "ജീർണ്ണോദ്ധാരണം" അന്തസ്സുളള വ്യവസായമായി മാറിക്കഴിഞ്ഞു നമ്മുടെ കേരളത്തിൽ.
എം.ടെക്ക്കാരൊക്കെ എൽ.ഡി.സിക്ക് കോച്ചിംഗിന് പോയി ചോദ്യപ്പേപ്പറിൽ തലചുറ്റി വീഴുന്ന പ്രബുദ്ധകേരളത്തിൽ അന്യസംസ്ഥാനത്ത് ഓ സോറി ഇതരസംസ്ഥാനത്ത് ആരാച്ചാർ ജോലിക്ക് അപേക്ഷ വന്നപ്പോൾ അപ്ലിയത് ലക്ഷങ്ങൾ എന്നറിയുന്പോൾ നമ്മുടെ തൊഴിൽക്കൾച്ചറിന്‍റെ ദുരന്തം പൂർത്തിയാവും. ഇതിപ്പോ ആർക്കും ചേതമില്ലാതെ ചില സോഷ്യൽ ഇടപെടലുകൾ നടത്തിയാൽ ഐ.എഫ്.എസ്.സി കോഡ് സക്രിയമാവുന്നെങ്കിൽ വീരോചിതം, ധീരോചിതം... പ്രമോഷൻ കൊണ്ട് എത്ര കള്ളനാണയങ്ങൾ വിരാജിച്ച, പരിലസിച്ച നാടാണ് നമ്മുടേത്. അധികാരവും, ആജ്ഞാനുവർത്തികളും ഉള്ളപ്പോൾ മാക്സിമം ഒണ്ടാക്കിയില്ലേൽ താനെവിടുത്തെ സെലിബ്രിറ്റി ആണെടോ! ഏത് പൂച്ചയ്ക്കാണ് മീൻ വേണ്ടാത്തത്? കരിമീൻ, ചെന്പല്ലീ എന്നവർ ഓർഡറിടും.
ആളുകളെ എഴുതി നാറ്റിക്കുന്നവരുടെ റേറ്റിംഗ് സ്ലാബ് വേറെ ലെവലിലാണ്. മെറിറ്റ് പ്രൊഫൈലിൽ അവർ നന്പി നാരായണൻ സാറിന്‍റെയും മറിയം റഷീദാ മാഡത്തിന്‍റെയും പോട്ടം ഒട്ടിച്ചു വെക്കും. വാഴ്ത്തെഴുത്തിൽ വണ്ടികേറ്റിക്കൊന്ന ഏമാന്‍റെ പൂർണ്ണകായ ഫോട്ടോ പതിപ്പിക്കും. കുടുംബം കലക്കുന്നതിനും മങ്ങലം മൊടക്കുന്നതിന് വേറെ വേറെയാണ് റേറ്റ്.കട്ടസപ്പോട്ട് എക്സ്പീരിയൻസ് 'ഭയോ' ഡാറ്റയിൽ ഗോവിന്ദച്ചാമി ക്ലോസപ്പിലുണ്ടാവും. രാജീവ്ഗാന്ധിവധ ഗൂഢാലോചനയ്ക്കാരെ പരസ്യമായി സപ്പോർട്ട് ചെയ്ത ജനതതിയാണ് നാമെന്നോർക്കണം. ലാദനെയും സദ്ദാമിനെയും വീരപ്പനെയും പൂജയ്ക്കെടുക്കുന്നവർ നിരവധി. ഹിറ്റ്ലറുടെ അപദാനങ്ങൾ വാഴ്ത്താൻ പാണന്‍മാർ മുണ്ടുടുക്കപ്പെട്ട നാടായി കേരളം ഡിജിറ്റലൈസ്ഡ് ആയി. നിങ്ങൾ ധൈര്യപൂർവ്വം തോന്ന്യസിച്ചോളൂ. വാഴ്ത്തുപാട്ടും കൊട്ടും കുരവയുമായ് ഞങ്ങ കട്ടഫാൻസ് ബേക്കിലുണ്ട്. കൂവിത്തോപ്പിക്കണമെങ്കിലങ്ങനെ... ഡമ്മിദേഹം കടലിൽ നിമജ്ജനം ചെയ്യണേലങ്ങനെ. നിങ്ങളുടെ മുഖകമലം ഫിറ്റ് ചെയ്ത വൈക്കോൽ കുപ്പായം നഗര'മദ്യ'ത്തിലിട്ട് കത്തിച്ചാന്പലാക്കാം. ചാണകവെള്ളത്തിൽ ചൂൽ മുക്കി മെഴുകാം. സാനിറ്ററി പാഡിൽ തെറി (നെറി)യെഴുതി പോസ്റ്റ്ബോക്സിൽ സ്റ്റാന്പാട്ടിച്ച് നിക്ഷേപിക്കാം. സംഗതി ഇന്‍റർനെറ്റ്ബാങ്കിംഗാവണം. ആയതിനാൽ ഒരുമാതിരിപ്പെട്ട ക്രിയേറ്റീവ് ആക്ടിവിെസ്റ്റല്ലാം ജീർണ്ണത തേടിപ്പായുകയാണ്. ജീർണ്ണോദ്ധാരണത്തിനായി അടിയങ്ങളുടെ ചോരതിളയ്ക്കുകയാണ്. മാധ്യമ വിചാരണമൂരാച്ചികളേ, നിങ്ങളിലാരേലും വീണാൽ ഞങ്ങൾ സോഷ്യൽ മീഡിയേലിട്ട് അലക്കും... തേക്കും !!
ബാക്ക്ഡോറിലൂടെ കാര്യങ്ങൾ നീക്കുന്നതിലാണല്ലോ എല്ലാക്കാലത്തും മലയാളിയുടെ മിടുക്ക് വെളിവാകുന്നത്. എൽ.കെ.ജി അഡ്മിഷൻ മുതൽ ഗസറ്റഡ് പോസ്റ്റ് വരെ അതിന്‍റെ ചീഞ്ഞളിഞ്ഞ ഗന്ധമുണ്ട്. അതുകൊണ്ടെന്തായി? ചില രാഷ്ട്രീയ കള്ളനാണയങ്ങൾ ആഡംബരക്കാറിലേറി... ഫ്ളാറ്റിലായി.. കൊടുത്ത് പലതും വാങ്ങിയ ജനം അവരെ തണ്ടിലേറ്റി. അവരുടെ പബ്ലിക് റിലേഷൻസ് ആപ്പീസർമാരായി. സുവിശേഷ സ്തുതിപാഠകരായി. ഒരു ദിനം എല്ലാം വിളിച്ച് പറഞ്ഞ് തോളിൽ മാറാപ്പു കേറ്റാൻ ഒരുന്പെടുന്പോൾ, അന്നത്തെ ദിനം രണ്ടാം വിമോചനസമരം എന്ന പേരിൽ ചരിത്രത്തിന്‍റെ തങ്കലിപികളിൽ എഴുതപ്പെടും.
താരങ്ങളായ താരങ്ങളൊക്കെ കൊള്ളിമീൻ ഭീതിയിൽ വിറങ്ങലിച്ചിരിപ്പാണ്. കലിപ്പ് ജാസ്തിയായ ഏതേലും ആർട്ടിസ്റ്റ് വീഡിയോ അപ് ലോഡ് ചെയ്താലോ? യുദ്ധകാണ്ധത്തിലെ ദേവേന്ദ്രസ്തുതിയും വായിച്ച് ഇതികർത്തവ്യതാ മൂഢനായിരിക്കുന്നു...