സണ്ടേ ഹോളിഡെ : ഒരു നല്ല ചിത്രം

ധനേഷ് പത്മ
ഒത്തിരി പ്രമോഷൻസൊന്നുമില്ലാതെ അണിയറയിൽ ഒരുങ്ങി ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററിലെത്തിയ ചിത്രമാണ് ‘സണ്ടേ ഹോളിഡെ’. വലിയ താരനിരയും കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക രംഗങ്ങളുമൊന്നുമല്ല ഒരു യഥാർത്ഥ സിനിമയുടെ അകം എന്ന് ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ചില സിനിമകളിൽ നിന്ന് മനസ്സിലാക്കേണ്ടതായുണ്ട്. അത്തരത്തിൽ ഉണ്ടായ സിനിമകളിൽ ഒരിടത്താണ് സണ്ടേ ഹോളിഡെ എന്ന ചിത്രം നിലയുറപ്പിച്ചിരിക്കുന്നത്. സണ്ടേ ഹോളിഡെ എന്ന ചിത്രത്തിലെ ഹീറോ അതിന്റെ സ്ക്രിപ്പ്റ്റാണ്. ഡെപ്തുള്ള സ്ക്രിപ്റ്റ് വളരെ ഭംഗിയായി സംവിധായകൻ ജിസ് ജോയ് ഫ്രെയിമിലേയ്ക്കൊതുക്കി. ജിസ് ജോയ്്യുടേത് തന്നെയാണ് ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും. ഏറ്റവും മേന്മയായി പറയേണ്ടത് ചിത്രത്തിലെ സംഭാഷണമാണ്. സംഭാഷണം ഒരു സിനിമയെ എത്രകണ്ട് മനോഹരമാക്കുമെന്നതിൽ ഈ അടുത്ത കാലങ്ങളിൽ ഇറങ്ങിയ സിനിമകളിൽ സണ്ടേ ഹോളിഡെ ഒരു പടി മുന്നിൽ തന്നെയാകും. കഥാപാത്രങ്ങളല്ല കഥാ സന്ദർഭങ്ങളാണ് ചിത്രത്തിൽ എടുത്തു പറയേണ്ടതായിട്ടുള്ളത്. പോസിറ്റീവായ ഒരുപാട് മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. സമൂഹത്തിൽ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന പ്രധാന പ്രശ്നമാണല്ലോ ഈഗോ. ആസിഫ് അലിയുടെ കഥാപാത്രവും സുധീർ കരമനയുടെ കഥാപാത്രവും തമ്മിൽ ഉണ്ടാകുന്ന അടിപിടിയും ശേഷമുള്ള ഏറ്റുപറച്ചിലും വളരെ സാധാരണമായി മനുഷ്യനിൽ ഉണ്ടാകേണ്ട യഥാർത്ഥ ക്വാളിറ്റിയെ കാണിക്കുന്നതാണ്. മുന്പ് കണ്ടിട്ടില്ലാത്തതോ വ്യത്യസ്തമായതോ ആയ സീനുകളോ സീക്വൻസുകളോ സിനിമയിൽ ഇല്ലെങ്കിലും ഒരു നിമിഷം പോലും ഇമവെട്ടാതെ ചിത്രത്തിൽ മുഴുകിയിരിക്കാൻ കഴിയുന്നുണ്ടെന്നത് ജിസ് ജോയ്് ഒരുക്കിയ ഫ്രെയിമുകളുടെ മികവ് ഒന്നുകൊണ്ടു മാത്രമാണ്.
ഒരു ഞായറാഴ്ച സംവിധായകന്റെ അടുത്ത് കഥപറയാനെത്തുന്ന ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. സിനിമയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ജിസ് ജോയ് ഒരുക്കിയ ഈ ചിത്രത്തിൽ ഒരു ചെറിയ സസ്പെൻസും അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടിറങ്ങുന്പോൾ പ്രേക്ഷകനിൽ മതിപ്പുളവാകണമെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും ആ സിനിമയിൽ നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട്. ചെറിയ ചെറിയ സങ്കടങ്ങളും തമാശകളും നിറഞ്ഞ സന്ദർഭങ്ങളിൽ സഞ്ചരിച്ച് ഏറെ സന്തോഷഭരിതമായ പശ്ചാത്തലമൊരുക്കിയാണ് സംവിധായകൻ ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്. ഒന്നിരുന്ന് മന്ദഹസിക്കാതെ സണ്ടേ ഹോളിഡെ മുഴുമിപ്പിക്കാനാകില്ല. ആസിഫ് അലി, അപർണ്ണ ബാലമുരളി, ലാൽജോസ്, സുധീർ കരമന, സിദ്ധിഖ്, ധർമ്മജൻ, നിർമ്മൽ പാലാഴി, അലൻസിയർ, കെ.പി.എസി ലളിത, ഭഗത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലാൽജോസ് ഒരു പക്ഷെ ഇത്രയും ലെംഗ്ത്തുള്ള കഥാപാത്രം ചെയ്യുന്നത് ഈ ചിത്രത്തിലായിരിക്കും. എടുത്തുപറയത്തക്ക അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലെങ്കിലും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്താൻ അഭിനേതാക്കൾക്കായിട്ടുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വരികളിൽ ഇതുവരെ ഉപയോഗിക്കാത്ത ചില പ്രത്യേക വാക്കുകൾ ഉപയോഗിച്ച് ഒരുക്കിയ ഒരു ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. കുടുംബസമേതം രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് സണ്ടേ ഹോളിഡെ.