സമ്മാനങ്ങൾ പുസ്തകങ്ങളായി കൂടെ...


പ്രദീപ് പുറവങ്കര

കഴിഞ്ഞ ദിവസം കവിയും, സാഹിത്യകാരനുമായ ശ്രീ പവിത്രൻ തീക്കുനിക്കൊപ്പം അൽ‍പ്പസമയം ചിലവഴിക്കാൻ സാധിച്ചപ്പോൾ‍ സംസാരിച്ച ഒരു കാര്യം നമ്മുടെ സമൂഹത്തിൽ‍ ഇപ്പോൾ‍ അൽ‍പ്പെങ്കിലും പേർ‍ എഴുത്തിനോടും എഴുത്തുകാരോടും നിലനിർ‍ത്തുന്ന പുച്ഛത്തെ പറ്റിയായിരുന്നു. മറ്റ് മേഖലകളിൽ‍ പ്രവർ‍ത്തിക്കുന്നവരോട് കാണിക്കുന്ന മര്യാദ പോലും പലപ്പോഴും എഴുത്തുകാരോട് കാണിക്കാൻ പലപ്പോഴും നാം മറന്നുപോകുന്നു. അക്ഷരത്തെയും അറിവിനെയും വായനയെയും ഏറെ ബഹുമാനിച്ചിരുന്ന അവസ്ഥയിൽ‍ നിന്ന് അക്ഷരവിരോധികളാകുന്നവരുടെ എണ്ണം കൂടിവരുന്നു എന്നും പൊതുവേ പറയപ്പെടുന്നു. അതേസമയം എല്ലാത്തിൽ‍ നിന്നും മടുപ്പ് ബാധിച്ചതിന് ശേഷം വായനയിലേയ്ക്ക് തിരികെ എത്തുന്നവരുടെ എണ്ണവും വർ‍ദ്ധിക്കുന്നു എന്നതാണ് ആശ്വാസകരമെന്നും ജീവിതയാത്ഥാർ‍ത്ഥ്യങ്ങളുടെ എത്രയോ കവിതകൾ‍ വായനക്കാരന്റെ ഹൃദയത്തിനുള്ളിൽ‍ വരച്ചിട്ട പവിത്രൻ അഭിപ്രായപ്പെട്ടു. 

ഇത്തരമൊരു അഭിപ്രായം നിലനിൽ‍ക്കുന്പോൾ‍ തന്നെ കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽ‍കിയിട്ടുള്ള ഒരു നിർദ്‍ദേശം എഴുത്തുകാരെയും വായന ഇഷ്ടപ്പെടുന്നവരെയും പ്രചോദിപ്പിക്കുന്ന ഒന്നായിട്ടാണ് തോന്നുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദർശന വേളയിൽ അദ്ദേഹത്തിന് സ്വാഗതമോതി നൽകുന്ന പൂക്കൾ കൊണ്ടുള്ള ബൊക്കെയ്ക്ക് പകരം ഒരു പൂവും അതോടൊപ്പം ഖാദിയുടെ തുവാലയോ പുസ്തകമോ നൽകി  സ്വാഗതം ചെയ്യാമെന്നാണ് ആ നിർദ്‍ദേശം. കർ‍ശനമായി ഇത് പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. വായനയെക്കാൾ‍ അധികം സന്തോഷവും, അറിവിനെക്കാൾ‍ അധികം ശക്തിയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെ പി.എൻ പണിക്കർ ദേശീയ വായനാ ദിനാഘോഷത്തിനെത്തിയ ദിവസം തന്റെ പ്രസംഗത്തിൽ‍ സൂചിപ്പിച്ചതും ഓർ‍ക്കാം. തീർ‍ച്ചയായും നല്ലൊരു തീരുമാനമായിട്ടാണ് ഇതിനെ കാണേണ്ടത്. 

പ്രവാസലോകത്ത് വരുന്ന അതിഥികൾ‍ പല തരത്തിലുള്ളവരാണ്. അവരെ ആദരിക്കാൻ പലപ്പോഴും നമ്മൾ‍ നൽ‍കി വരാറുള്ളത് എടുത്താൽ‍ പൊങ്ങാത്ത തരത്തിലുള്ള മൊമെന്റോകളും ശിലാഫലകങ്ങളുമാണ്. പലരും ഈ ഫലകങ്ങൾ‍ അവരുടെ ഹോട്ടൽ‍ മുറികളിൽ‍ തന്നെ ഉപേക്ഷിച്ചു പോകുന്ന സാഹചര്യങ്ങളും ഏറെ. ഇതിനിടെ ബഹ്റൈൻ സന്ദർ‍ശിച്ച ഒരു അവാർ‍ഡ് നടൻ അദ്ദേഹത്തിന് ലഭിച്ച വലിയ ശിലാഫലകം മുറിയിൽ‍ ഉപേക്ഷിച്ച് തിരികെ പോകൊനൊരുങ്ങിയ അനുഭവം ഓർ‍ക്കട്ടെ. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഫലകത്തിൽ‍ തന്റെ പേരിനേക്കാൾ‍ വലുത് ഇത് നൽ‍കിയ അസോസിയേഷന്റെയും, പിന്നെ കുറേ സ്പോൺസർ‍മാരുടെയും പേരും ലോഗോയുമാണ്. ഇതൊക്കെ തന്റെ വീട്ടിൽ‍ വെച്ചിട്ട് അവർ‍ക്ക് എന്തിന് പരസ്യം കൊടുക്കണം എന്നതായിരുന്നു. കേൾ‍ക്കുന്പോൾ‍ അഹങ്കാരമെന്ന് തോന്നുമെങ്കിലും കുറച്ചൊക്കെ ശരിയും ഇതിലുണ്ട് എന്നതാണ് യാഥാർ‍ത്ഥ്യം. ഈ മൊമെന്റോയ്ക്ക് പകരം ഒരു നല്ല പുസ്തകമാണ് അദ്ദേഹത്തിന് നൽ‍ക്കുന്നതെങ്കിൽ‍ തിരികെ പോകുന്ന യാത്രയിൽ‍ ഫ്ളൈറ്റിലെങ്കിലും വായന നടക്കുമായിരുന്നു. 

പുസ്തകങ്ങൾ‍ വായിക്കപ്പെടുന്പോഴാണ് എഴുത്തുക്കാരന്റെ അക്ഷരങ്ങൾ‍ക്ക് മൂല്യമേറുന്നത്. പൊടിപിടിച്ച് ഷെൽ‍ഫിൽ‍ ഒരു പുസ്തകം ഞെരിഞ്ഞമരുന്പോൾ‍ അമർ‍ന്ന് പോകുന്നത് അക്ഷരങ്ങളും, അറിവുമാണ്. ഈ ഒരു തിരിച്ചറിവ് ഏവർ‍ക്കുമുണ്ടാകട്ടെ എന്നാഗ്രഹത്തോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed