ചി­ട്ടയും നി­ഷ്ഠയും അവ മറന്ന ജീ­വി­തങ്ങളും


ചില നിഷ്ഠകളും നിയമങ്ങളും ജീവിതത്തിൽ പുലർത്തുന്നവരാണ് നാം നിത്യേന കണ്ടുമുട്ടാറുള്ള പല വ്യക്തികളും. അത് അവരെ മാനസികമായും ശാരീരികമായും സജ്ജരാക്കാനും സഹായിക്കുന്നു.കാലത്തെണീക്കുന്പോൾ ഒരോ ദിനവും ക്രിയാത്മകമായ പ്രവൃത്തികൾ കൊണ്ട് സന്പന്നമാക്കാനുള്ളതാണ് എന്ന തോന്നൽ ഓരോ വ്യക്തിക്കും ഉണ്ടാവേണ്ടതാണ്. അതാണ് അയാളുടെ ആരോഗ്യത്തെയും വ്യക്തിത്വത്തെത്തന്നെയും നിർണ്ണയിക്കുന്നത്. അതിന് ഇത്തരം ചില ചിട്ടകൾ പുലർത്തേണ്ടത് അത്യാവശ്യം തന്നെയാണ്. നിയമദാസന്മാർ എന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം സദാ പുലർത്തുവാനല്ല, നമ്മുടെ ജീവിതത്തെ അടുക്കും ചിട്ടയും ഉള്ളതാക്കുവാനുള്ള ആത്മാർഥമായ ഒരു ശ്രമമാവണം ഈ ചിട്ടയോടുള്ള ആഭിമുഖ്യം.ഇവിടെ ചിട്ടയും നിഷ്ഠയും തമ്മിലുള്ള വ്യത്യാസത്തെയും മനസ്സിലാക്കേണ്ടതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ചിട്ടകളിൽ നിന്ന് വിട്ടു നിൽക്കുവാനുള്ള ഔചിത്യ മനോഭാവം പുലർത്താത്തവർ അവരുടെ ജീവിതത്തെ അസുന്ദരമാക്കുന്നവരാണ്, എന്നാൽ നിഷ്ഠ എന്നത് വിട്ടുവീഴ്ചയില്ലാതെ പാലിക്കപ്പെടേണ്ടതാണ്. ലൗകിക ജീവിതത്തിൽ ചിട്ടയാണ് ആവശ്യം. യോഗാത്മകമായ ജീവിതത്തിൽ ഈ ചിട്ട നിഷ്ഠയായി മാറുന്നു. അപ്പോൾ അതിന് ആശയപരവും ആദർശാത്മകവുമായ ഒരു പരിവേഷമുണ്ടാകുന്നു. ചിട്ടയുടെ ഉദാത്ത രൂപമാണ് നിഷ്ഠ. എന്നാൽ അതിന് എപ്പോഴും ചിട്ടയുമായി ബന്ധമുണ്ടാവണമെന്നില്ല. ആദർശവും  ആത്മീയതയുമൊക്കെയായി അത് മാറാവുന്നതാണ്. മനുഷ്യജീവിതത്തിൽ ലൗകികവും യോഗാത്മകവുമായ തലങ്ങൾ ഉണ്ട്. രണ്ടിന്റെയും യഥാർത്ഥ രഞ്ജകത്വമാണ് ഒരു ജീവിതത്തെ മൂല്യവത്താക്കുന്നത്. കൈക്കൂലി വാങ്ങില്ല എന്ന പ്രതിജ്ഞയിൽ ജീവിക്കുന്നത് ഒരു നിഷ്ഠയാണ്.ആരെയും ദ്രോഹിക്കാതെ ആരെയും വെറുക്കാതെ മാത്രമേ ജീവിക്കൂ എന്ന തീരുമാനമെടുക്കുന്നത് ഒരു നിഷ്ഠയാണ്. ലൗകിക ജീവിതം വെടിഞ്ഞു യോഗിയുടെ ജീവിതം തിരഞ്ഞെടുക്കുന്നത് പൂർണ്ണമായ നൈഷ്ഠികതയാണ്. ചിട്ടയുടെയും നിഷ്ഠയുടെയും മാനങ്ങൾ തിരിച്ചറിയുന്പോൾ അവ ജീവിതത്തിന് വരുത്തുന്ന മാറ്റങ്ങളും അതിന്റെ ഭംഗിയും നാം തിരിച്ചറിയേണ്ടതാണ്.

ചിട്ടകളോടും നിഷ്ഠകളോടുമുള്ള ആഭിമുഖ്യം വ്യക്തിജീവിതത്തെ എത്ര മനോഹരമാക്കുന്നു എന്നത് ഇതൊന്നുമില്ലാത്തവരുടെ ജീവിതത്തെ നോക്കിക്കാണുന്പോൾ മനസ്സിലാവുന്നതാണ്.ചിട്ടയില്ലായ്മ വ്യക്തിപരമായും ആരോഗ്യപരമായും അവരെ എങ്ങിനെ ബാധിക്കുന്നു എന്നും അവരെപ്പറ്റി മറ്റുള്ളവരുടെ വിലയിരുത്തൽ എത്തരത്തിലുള്ളതാണ് എന്നും മനസ്സിലാവുന്പോൾ ഈ ചിട്ടയുടെ മൂല്യം ആർക്കും മനസ്സിലാവും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് വസിക്കുകയുള്ളൂ എന്നും തിരിച്ചും ഉള്ള സത്യം ഏവർക്കും അറിവുള്ളതാണ്. ചിട്ടയോടെ പ്രവർത്തിക്കുന്ന വ്യക്തിക്ക് മാത്രമേ തന്നിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തങ്ങളോട് നീതി പുലർത്താൻ ആവുകയുള്ളൂ. അത്തരക്കാർക്ക് ജീവിതം സംതൃപ്തമായ ഒരു അനുഭവമായിരിക്കും. ചില വ്യക്തികൾ ജീവിക്കാനുള്ള ഊർജം ഉൾക്കൊള്ളുന്നതും മറ്റു ചിലർ പല വിപരീത ചിന്തകളെയും സാഹചര്യങ്ങളെയും മറികടക്കുന്നതും ഈ ചിട്ടകളോടുള്ള ആഭിമുഖ്യം കൊണ്ടാണ്. ചിട്ടകളിൽ ഭൗതികമായവയും ആത്മീയമായവയും പ്രായോഗിക ജീവിതവും ശീലങ്ങളുമായി ബന്ധപ്പെട്ടവയും ഉണ്ട്.ഇവയിൽ ഏതെങ്കിലും ജീവിതത്തിൽ സ്വന്തമാക്കാൻ സാധിക്കാത്ത വ്യക്തിജീവിതം വളരെ അസുന്ദരമായിരിക്കും എന്നതിൽ സംശയമില്ല.

വ്യക്തിജീവിതത്തിൽ പുലർത്തുന്ന നിഷ്ഠയും ചിട്ടയും ആ വ്യക്തിയുടെ ജീവിതത്തിലെ ഓരോ തലങ്ങളെയും ഗുണപരമായി സ്വാധീനിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്നു. പ്രഭാതത്തിൽ എഴുനേറ്റ് തന്റെ ദിനചര്യകൾ ചിട്ടയോടെ സമയബന്ധിതമായി നിർവ്വഹിക്കുന്ന വ്യക്തി ആ സമീപനം തന്റെ ഔദ്യോഗികമായ കർത്തവ്യ നിർവ്വഹണത്തിലും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളിലും പുലർത്തുവാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതിലൂടെയുള്ള ശാരീരികവും ബുദ്ധിപരവുമായ ക്ഷമതകളെ നിലനിർത്തുവാനുള്ള ബോധപൂർവമായ പരിശ്രമം ഒരുപാട് ഗുണപരമായ ഊർജം വ്യക്തിക്ക് നൽകും. ജീവിതത്തെ  സൗന്ദര്യവൽക്കരിക്കുന്ന ചില ധാർമികതകൾ അത്തരം വ്യക്തിത്വങ്ങളിൽ സ്വാഭാവികമായി ഉരുത്തിരിയുന്നു. വളക്കൂറുള്ള മണ്ണിൽ സുഗന്ധപുഷ്പ്പ  സസ്യജാലങ്ങൾ പൊട്ടി മുളക്കുന്നതുപോലെ. അത് ചുറ്റും സുഗന്ധം പരത്തുകയും അരികിലൂടെ കടന്നുപോകുന്നവരെപ്പോലും ആഹ്ളാദിപ്പിക്കുകയും ചെയ്യും.

ഇതൊന്നും യാന്ത്രികമായി ഒരു മാറ്റത്തിനും ഇട നൽകാതെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടത്തേണ്ട ചിട്ടകളല്ല. ചിട്ടകൾക്കു അത്യാവശ്യമായ വിട്ടുവീഴ്ചകൾ ആവാം, എന്നാൽ നിഷ്ഠകൾ അത്തരം വിട്ടുവീഴ്ചകൾക്ക് വിധേയമല്ലതാനും. കാരണം ചിട്ടകൾ ശരീരത്തിനും നിഷ്ഠകൾ വ്യക്തിത്വത്തിനും വേണ്ടിയുള്ളവയാണ്. അങ്ങിനെ സ്ഫുടം ചെയ്യപ്പെടുന്ന വ്യക്തിത്വം സാമൂഹ്യജീവിതത്തോടുള്ള ആത്മാർഥത ആത്യന്തികമായി അവനവനോടുതന്നെയുള്ള ആത്മാർഥതയായി തിരിച്ചറിയുക  തന്നെ ചെയ്യും. എഴുത്തച്ഛൻ പറയുന്നതുപോലെ മനോദർപ്പണത്തിന്റെ മാലിന്യം കഴുകിക്കളയാൻ അത് തീർച്ചയായും വഴിയൊരുക്കും. ഈയൊരു കാഴ്ചപ്പാടോടെ ഇവയെ ജീവിതത്തിൽ ഫലപ്രദമായി കൂട്ടിയിണക്കി ധന്യത സൃഷ്ടിക്കാവുന്നതാണ് ആർക്കും.പക്ഷെ കാലത്ത് എഴുന്നേൽക്കുന്പോൾത്തന്നെ മൊബൈൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന യൗവ്വനങ്ങൾക്ക് ഈ ചിട്ടയും നിഷ്ഠയുമൊന്നും ദഹിക്കുന്നതല്ല. അവർ വിവരസാങ്കേതികതയുടെ സ്വയം തീർത്ത തടവറയിൽ നിന്ന് പുറത്തിറങ്ങുന്നത് പലപ്പോഴും അജ്ഞാതമായ ബലിക്കല്ലുകളിൽ സ്വയം ബലിയർപ്പിക്കുവാൻ വരെ തയ്യാറായാണ്. ജീവിതത്തിന്റെ സുഗന്ധമല്ല അവർ നുകരുന്നത്, ലഹരിയുടെയും തീവ്രവാദത്തിന്റെയും നിണഗന്ധമാണ്. ആ ഗതികേടിലാണിന്ന് ലോകം.

You might also like

Most Viewed