ദുബായിലേക്കെത്താൻ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് വേണ്ടെന്ന് വിമാനക്കമ്പനികൾ
ദുബായ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത്തന്നെ താമസവിസക്കാർക്ക് ഇന്ത്യയിൽനിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിമാനക്കമ്പനികൾ. എയർഇന്ത്യ, ഫ്ളൈ ദുബായ്, എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യു.എ.ഇ.യിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. 48 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്ന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പരിശോധനാഫലം എന്നിവ നിർബന്ധമാണ്. കൂടാതെ, താമസകുടിയേറ്റ വകുപ്പിന്റെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) അനുമതി നേടിയിരിക്കണം. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവ്. നിലവിൽ ദുബായ് വിസക്കാർക്ക് മാത്രമേ ദുബായിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ അനുമതിയുള്ളൂ. അധികം താമസിയാതെ സന്ദർശകവിസക്കാർക്കും യു.എ.ഇയിലേക്കെത്താൻ അനുമതി ലഭിക്കുമെന്നാണ് വിവരം.
പ്രതിരോധ കുത്തിവെപ്പെടുത്ത കാര്യം പരിഗണിക്കാതെത്തന്നെ ഇന്ത്യയിൽനിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് ഇന്ത്യൻ വിമാനക്കമ്പനിയായ എയർവിസ്താര തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്ന് കോവിഷീൽഡ് (ആസ്ട്രാസെനക്ക) രണ്ടുഡോസ് സ്വീകരിച്ച ദുബായ് താമസവിസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാമെന്ന ഫ്ളൈ ദുബായുടെ അറിയിപ്പും പുറത്തുവന്നിരുന്നു.

