ഗൾഫ് സുരക്ഷിതമാകുന്നു, കേരളം ആശങ്കയിലേക്കും: നാട്ടിലേക്ക് മടങ്ങി വരാൻ മടിച്ച് പ്രവാസികൾ
ദുബൈ: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറയുകയും ഇന്ത്യയിൽ പ്രതിദിന കേസുകളിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ മടിച്ച് പ്രവാസികൾ.കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചിരിക്കെ ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്ർ. ഇതോടെ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിലും തിരക്കൊഴിഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനം മാത്രമല്ല, നാട്ടിലേക്ക് പോയാൽ ഇനിയെന്ന് തിരിച്ചുവരാനാകും എന്ന ഭീതിയും ഒരു കാരണമാണ്.
പഴയ തിരക്കൊഴിഞ്ഞതോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ് ഉണ്ടായിരുന്ന വന്ദേഭാരത് ഹെൽപ്പ് ഡെസ്ക്കുകളും തൽക്കാലം നിർത്തി. കോൺസുലേറ്റ് ജീവനക്കാർ നേരിട്ടാണ് ഇപ്പോൾ വന്ദേഭാരത് യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ ചെയ്യുന്നത്. എന്നാൽ വന്ദേഭാരത് വിമാനങ്ങൾ മുഴുവൻ സീറ്റുകളും നിറഞ്ഞാണ് പറക്കുന്നതെന്ന് എയർ ഇന്ത്യ അവകാശപ്പെട്ടു.
നേരത്തെ വിമാനത്തിൽ ഒരു സീറ്റെങ്കിലും കിട്ടാൻ കഷ്ടപ്പെട്ടിരുന്ന അവസ്ഥയായിരുന്നു. പക്ഷെ ഇന്ന് പല ഗൾഫ് രാജ്യങ്ങളിലും പഴയ തിരക്കില്ല. ആളെകിട്ടാൻ വിമാനം ചാർട്ടർ ചെയ്ത സംഘടനകളും ട്രാവൽ ഏജൻസികളുമെല്ലാം ബുദ്ധിമുട്ടുകയാണ്.
യു.എ.ഇയിൽ നിന്നും മടങ്ങാൻ അഞ്ച് ലക്ഷത്തിലേറെ പേരാണ് എംബസി, കോൺസുലേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ രണ്ട് ലക്ഷം പേർ ഇതിനകം മടങ്ങി. ഖത്തറിൽ നിന്നും വന്ദേഭാരത് വിമാങ്ങൾ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാർട്ടേർഡ് വിമാനങ്ങളിൽ യാത്രക്കാരില്ലെന്നാണ് വിവരം.


