കൊവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് യുഎഇ
അബുദാബി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവരുടെ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് ധരിക്കാതിരിക്കുക, കർഫ്യൂ നിയമങ്ങൾ ലംഘിക്കുക, പൊതുപരിപാടികൾ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ അത്തരം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ 2000 മുതൽ 10,000 ദിർഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് നടന്ന ഓൺലൈൻ വാർത്താസമ്മേളനത്തിൽ വെച്ച് അധികൃതർ പുറത്തുവിട്ടത്.
ആരോഗ്യ സുരക്ഷാ നടപടികൾ ലംഘിക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമലംഘകരുടെ വിവരങ്ങളടക്കം പുറത്തുവിടുന്നത്. സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിക്കാതെയും വൈറസ് ബാധ തടയുന്നതിന് അതത് എമിറേറ്റുകൾ നിർദേശിച്ച നടപടികൾ പാലിക്കാതെയും യാത്ര ചെയ്ത മൂന്ന് പ്രവാസികളുടെ വിവരങ്ങളും ഇവയിൽ ഉൾപ്പെടുന്നു.

