മദ്യക്കടത്ത്; 1483 മദ്യക്കുപ്പികളുമായി ഏഴു പേർ പോലീസ് പിടിയിൽ

ദുബൈ: മണലിൽ കുഴിച്ചിട്ട 1483 മദ്യക്കുപ്പികളുമായി ഏഴ് പേർ പോലീസ് പിടിയിൽ. അവധി ദിനങ്ങളിൽ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ചിരുന്ന സംഘം മദ്യം കടത്താനുപയോഗിച്ച വാഹനങ്ങൾ അടക്കമാണ് അറസ്റ്റിലായത്.
തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വ്യവസായ മേഖലകളിലും മറ്റും ഇവർ മദ്യമെത്തിച്ചിരുന്നതായി ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേ ആദിൽ മുഹമ്മദ് അൽ സുവൈദി അറിയിച്ചു. ഈദ് അവധി ദിനങ്ങളിൽ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായുള്ള പട്രോളിങ് സംഘമാണ് മണലിൽ മദ്യക്കുപ്പികൾ സൂക്ഷിച്ച ആദ്യ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്.
മരപ്പെട്ടിയിലാക്കി മരുഭൂമിയിൽ കുഴിച്ചിട്ട മദ്യക്കുപ്പികൾ വിൽപ്പനയ്ക്കായി പുറത്തെടുക്കുമ്പോഴാണ് ഇവർ പിടിയിലായത്. 24 കവറുകളിൽ 1110 മദ്യക്കുപ്പികളാണ് ഇവർ സൂക്ഷിച്ചിരുന്നത്. പ്രതികളിൽ ഒരാൾ യുഎഇ താമസകുടിയേറ്റ നിയമം ലംഘിച്ച് കഴിഞ്ഞയാളായിരുന്നു. രണ്ടു പേരെ മദ്യം വിൽപ്പനയ്ക്ക് കൊണ്ടു പോകുമ്പോഴാണ് പോലീസ് കുടുക്കിയത്.
ഒരു പരാതി ലഭിച്ചതനുസരിച്ച് എത്തിയ പോലീസ് അവിടെ സംശയാസ്പദമായ രീതിയിൽ വാഹനം നിർത്തിയതു കണ്ടു. സമീപത്തുള്ള രണ്ടു പേരോടും വിശദാംശങ്ങൾ ചോദിച്ചപ്പോൾ ഉത്തരം നൽകാതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യക്കച്ചവടക്കാരാണ് പ്രതികളെന്ന് വ്യക്തമായത്. 115 മദ്യക്കുപ്പികൾ വാഹനത്തിൽ നിന്നും പിടിച്ചെടുത്തു.
ജബൽ അലി വ്യവസായ മേഖല ഒന്നിൽ നിന്നാണ് മൂന്നാമത്തെ മദ്യവിൽപ്പന സംഘം അറസ്റ്റിലാകുന്നത്. അവിടെ ഉയർന്ന അനധികൃത സൂഖിലെ പരിശോധനയായിരുന്നു പോലീസ് ലക്ഷ്യം. എന്നാൽ ഒരു കാറിനടുത്ത് സംശയം തോന്നിക്കുന്ന വിധം പെരുമാറിയ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. ഇവരുടെ വാഹനം പാർക്ക് ചെയ്യിപ്പിച്ച് പോലീസ് പരിശോധിച്ചപ്പോൾ ഒളിപ്പിച്ചു വച്ച 258 മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ഇവിടെ നിന്നും ഗണ്യമായ തോതിൽ മദ്യം വാങ്ങി വ്യവസായ മേഖലകളിൽ വിറ്റഴിച്ചു പണമുണ്ടാക്കുകയാണെന്ന് ഇവർ സമ്മതിച്ചതായി അൽ സുവൈദി അറിയിച്ചു. വാഹനം വാടകയ്ക്ക് എടുത്തായിരുന്നു മദ്യക്കച്ചവടം. ഏഷ്യൻ രാജ്യക്കാരായ പ്രതികളെ പ്രോസിക്യൂഷനു കൈമാറി.