പൊതു ഇലക്‌ട്രോണിക് കസ്റ്റംസ് സംവിധാനം നടപ്പിലാക്കും
യു.എ.ഇ: പ്രാദേശിക കസ്റ്റംസ് സമിതികളുമായി സഹകരിച്ച് യു.എ.ഇയിലുടനീളം പൊതു ഇലക്‌ട്രോണിക്‌സ് കസ്റ്റംസ് സംവിധാനം നടപ്പാക്കുന്നു. ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയുടെ (എഫ്.സി.എ) നേതൃത്വത്തില്‍ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അവശ്യ അടിസ്ഥാന സൗകര്യങ്ങളും കഴിവുകളും കൈകാര്യം ചെയ്യുന്ന രണ്ടു പ്രാദേശിക കസ്റ്റണ്‍സ് വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടത്തില്‍. രാജ്യത്തെ എല്ലാ പ്രാദേശിക വകുപ്പുകളിലും പദ്ധതി നടപ്പാക്കാന്‍ 26 മാസം എടുക്കുമെന്നാണ് വിലയിരുത്തുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാദേശിക കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, ചരക്ക് ഏജന്‍സികള്‍ എന്നിവര്‍ക്ക് പുതുതായി നടപ്പാക്കുന്ന ഇലക്‌ട്രോണിക് കസ്റ്റംസ് സംവിധാനം ഏറെ ഗുണംചെയ്യും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സ്മാര്‍ട്ട് റിസ്‌ക് എഞ്ചിന്‍, ബ്ലോക്ക്‌ചെയിന്‍, എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തും. കസ്റ്റംസ് മേഖലകളിലെ ക്രമക്കേടുകള്‍ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ സംവിധാനങ്ങളെ ഏകീകരിക്കല്‍ അത്യാവശ്യമാണെന്ന് എഫ്.സി.എ ചെയര്‍മാന്‍ അലി സയീദ് മാത്തര്‍ അല്‍ നയാദി പറഞ്ഞു.

