ദുബായ് ഡ്രൈവ് ആപ്പിലൂടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യാം
ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) സ്മാർട്ട് ആപ്ലിക്കേഷനായ ദുബായ് ഡ്രൈവ് ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുന്നു. ഡ്രൈവിങ് പരിശീലനകാലയളവിലെ പരാതികൾ രേഖപ്പെടുത്താനും ഡ്രൈവിങ് ടെസ്റ്റുകൾ ബുക്ക് ചെയ്യാനും ഇനിമുതൽ ആർ.ടി.എ.യുടെ പരിഷ്കരിച്ച ഡ്രൈവ് ആപ്പിലൂടെ സാധിക്കും. ആർ.ടി.എ. പതിവായി നൽകുന്ന സേവനങ്ങൾക്ക് പുറമേയാണ് ഡ്രൈവ് ആപ്പിൽ പുതിയ സവിശേഷതകൾകൂടി കൂട്ടിച്ചേർത്തിരിക്കുന്നത്. ഡ്രൈവ് ആപ്പ് വഴി ഉപയോക്താക്കൾക്ക് വളരെ ലളിതമായ നാലുഘട്ടങ്ങളിലൂടെ ഡ്രൈവിങ് തിയറി പരീക്ഷകളും ഡ്രൈവിങ് പരീക്ഷകളും ക്രമീകരിക്കാൻ കഴിയും.
പഠിതാക്കൾക്ക് അവരുടെ പെർമിറ്റ് വിശദാംശങ്ങൾ, പരീക്ഷാക്രമീകരണം സംബന്ധിച്ച വിവരങ്ങൾ, വാഹനം സഞ്ചരിക്കുന്ന ദിശ, ആപ്ലിക്കേഷനിൽ പുതിയതായി ചേർത്തിരിക്കുന്ന വിവരങ്ങൾ എന്നിവയും ആപ്പിൽ കാണാനാകും. പഠിതാവിന്റെ യാത്രയുടെ ഓരോ ഘട്ടത്തിലും പരിശോധകന് സന്ദേശം നൽകുന്നതും മൊത്തത്തിലുള്ള പഠന അനുഭവത്തെക്കുറിച്ച് സ്ഥാപനത്തിന് വിവരങ്ങൾ നൽകുന്നതിനും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്.
ദുബായിലെ ഡ്രൈവിങ് ടെസ്റ്റുകൾക്കായുള്ള അപേക്ഷകളുടെ ഓൺലൈൻ ബുക്കിങ് 2012 മുതൽ ആർ.ടിഎ.യുടെ വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ആർ.ടിഎ.യുടെ പ്രധാന ആപ്ലിക്കേഷനിലും ഈ ഈ സേവനം കിട്ടും. ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷനും യു.എ.ഇ.യിൽ ഡ്രൈവിങ് ടെസ്റ്റ് കൂടിക്കാഴ്ചകൾ ക്രമീകരിക്കാനുള്ള സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.

