യു.എ.ഇ.യിൽ ചൂട് വർദ്ധിക്കുന്നു
അബുദാബി:യു.എ.ഇ.യിലെ ചൂട് കൂടുകയാണ്. വരും ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവിൽ കാര്യമായ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയോളം ഉയരുന്നുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ട് മുൻ വർഷങ്ങളിൽ പുറത്തിറക്കിയതാണെന്ന് ആരോഗ്യ- പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള മുന്നറിയിപ്പുകളോ നിർദേശങ്ങളോ മന്ത്രാലയം ഇത്തവണ പുറത്തിറക്കിയിട്ടില്ല. ചൂടുകൂടുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട മുൻകരുതലുകൾ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുണ്ട്. വാസസ്ഥലങ്ങളിൽ തണുപ്പുള്ള അവസ്ഥ നിലനിർത്തുകയെന്നതാണ് ഏറ്റവും പ്രധാനമായത്. എ.സി. പകൽസമയം 32 ഡിഗ്രിയും രാത്രി 24 ഡിഗ്രിയുമാക്കി ചിട്ടപ്പെടുത്താം. കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ആവശ്യമായി വരുന്നത്. സൂര്യപ്രകാശം നേരിട്ട് വരുന്നഭാഗങ്ങളിൽ കർട്ടനുകൾ ഇടാം.

