റമദാനിൽ ഷെയ്ഖ് സായിദ് മസ്ജിദ് സന്ദർശിച്ചത് 12 ലക്ഷം തീർത്ഥാടകർ

അബുദാബി : റമദാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ ഉൾപ്പെടെ അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിൽ എത്തിയത് 12 ലക്ഷം വിശ്വാസികൾ. റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ പ്രത്യേകിച്ച് 27-ാം രാവിൽ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
റമദാൻ മാസത്തിൽ മൊത്തം 8,54,090പേർ ഇഫ്താർ പാർട്ടികളിൽ പങ്കെടുത്തപ്പോൾ 2,89,921 പേർ റമദാനിലെ പ്രത്യേക പ്രാർത്ഥനകൾക്കെത്തി. 1,07,608 സന്ദർശകരെയും വിശുദ്ധ മാസത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സെന്റർ അഡ്മിനിസ്ട്രേഷൻ സ്വാഗതം ചെയ്തു. ഏറ്റവുമധികം വിശ്വാസികൾ രാത്രി നമസ്കരിക്കാനെത്തിയ ഇഷ, തറാവീഹ് പ്രാർഥനകൾക്ക് ഇമാമുമാരായ ഷെയ്ഖ് ഇദ്രീസ് അക്ബർ, ഷെയ്ഖ് യഹ്യ ഐഷാൻ എന്നിവർ നേതൃത്വം നൽകി.
സഹിഷ്ണുതയുടെ മൂല്യങ്ങൾ, സമാധാനപരമായ സഹവർത്തിത്വം, സഹാനുഭൂതി, കരുണ തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള പ്രഭാഷണങ്ങൾ നടന്നതായി ഷെയ്ക്ക് സായിദ് ഗ്രാൻഡ് മസ്ജിദ് സെന്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഉബൈദലി പറഞ്ഞു.