സർബനിയാസ് ദ്വീപിൽനിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു


ഷീബ വിജയൻ

അബൂദബി I എമിറേറ്റിലെ സർബനിയാസ് ദ്വീപിലെ പര്യവേക്ഷണ സ്ഥലത്തുനിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ മഠത്തിന്‍റെ ഭാഗത്തുനിന്നാണ് പ്ലേറ്റിൽ കൊത്തിവെച്ച കുരിശ് രൂപം കണ്ടെടുത്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനത്തിനിടെയാണ് കുരിശ് കണ്ടെടുത്തിരിക്കുന്നത്. സർബനിയാസിൽ ഈ വർഷം ജനുവരിയിലാണ് പര്യവേക്ഷണ കാമ്പയിൻ ആരംഭിച്ചത്. ഇറാഖിലും കുവൈത്തിലും കണ്ടെടുക്കപ്പെട്ട കുരിശ് രൂപത്തിന് സമാനമായതാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പുരാതന ഇറാഖിലെ ചർച്ച് ഓഫ് ഈസ്റ്റുമായി ബന്ധപ്പെട്ടവരാണ് ഈ രൂപത്തിലെ കുരിശ് ഉപയോഗിച്ചിരുന്നത്. പുരോഹിതർ ആത്മീയ പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്നതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.എ.ഇയുടെ എക്കാലവും നിലനിന്ന സഹവർത്തിത്വത്തിന്‍റെയും സാംസ്കാരികമായ വിശാലതയുടെയും മൂല്യങ്ങളെയാണ് ക്രിസ്ത്യൻ കുരിശ് കണ്ടെടുത്ത് സാക്ഷ്യപ്പെടുത്തുന്നതെന്ന് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. 1992ൽ യു.എ.ഇ നേതൃത്വത്തിന്റെ നിർദേശപ്രകാരം അബൂദബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ (അഡിയാസ്) സർ ബാനിയാസ് ദ്വീപിൽ നടത്തിയ ഖനനത്തിലാണ് എ.ഡി ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലേതെന്ന് വിശ്വസിക്കപ്പെടുന്ന ക്രിസ്ത്യൻ ആശ്രമം ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം നടത്തിയ ഖനനങ്ങളിൽ ആശ്രമത്തോടൊപ്പംതന്നെ ഒരു പള്ളിയും ഒരു സന്യാസ സമുച്ചയവും കണ്ടെത്തി. മുതിർന്ന സന്യാസിമാർ ധ്യാനത്തിനും ഏകാന്ത വിശ്രമത്തിനും ഉപയോഗിച്ചിരുന്ന പ്രത്യേക ഇടങ്ങളായാണ് ഇത് വിലയിരുത്തപ്പെട്ടത്.

article-image

ZXXZXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed