പ്രിയസഖാവ് വാഴൂർ സോമന് അന്ത്യയാത്ര നൽകാനൊരുങ്ങി നാട് ; സംസ്കാരം വൈകുന്നേരം

ഷീബ വിജയൻ
ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന് അന്ത്യയാത്ര നല്കാനൊരുങ്ങി നാട്. തിരുവനന്തപുരത്തുനിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിലാണ് പൊതുദർശനം. വൈകുന്നേരം നാലിന് പഴയ പാമ്പനാറിലുള്ള മുതിർന്ന സിപിഐ നേതാവ് എസ്. കെ. ആനന്ദന്‍റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്കാരം. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, തന്‍റെ സംസ്കാരച്ചടങ്ങ് ഇങ്ങനെ നടത്തണമെന്നു ഭാര്യയോടു അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അതനുസരിച്ചാണ് സംസ്കാരച്ചടങ്ങ് എസ്.കെ. ആനന്ദൻ സ്മൃതി മണ്ഡപത്തിന് അടുത്തേക്കു മാറ്റിയത്.
വ്യാഴാഴ്ച റവന്യു മന്ത്രി കെ. രാജൻ തിരുവനന്തപുരം പിടിപി നഗറിലെ ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിളിച്ച ഇടുക്കി ജില്ലാ റവന്യു അസംബ്ലിയിൽ പ്രസംഗിച്ചശേഷം മടങ്ങുന്നതിനിടെ വൈകുന്നേരം നാലോടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു സർക്കാർ വാഹനത്തിൽ അടുത്തുള്ള ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം അന്ത്യം സംഭവിച്ചു. തുടർന്ന് സിപിഐ സംസ്ഥാന സമിതി ഓഫീസായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ച മൃതദേഹം രാത്രിയോടെ സ്വദേശമായ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകുകയായിരുന്നു.
acsadasdsa