സുരക്ഷിത സ്കൂള്‍ യാത്രക്ക് റാക് പൊലീസ് കര്‍മപദ്ധതി

ഷീബ വിജയൻ
റാസല്‍ഖൈമ I പുതിയ അധ്യയന വർഷം തുടങ്ങവേ റാസല്‍ഖൈമയില്‍ പ്രത്യേക സുരക്ഷ പദ്ധതികളുമായി ആഭ്യന്തര മന്ത്രാലയം. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റാക് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉയർന്ന രീതിയിലുള്ള ഗതാഗത സുരക്ഷ ഉറപ്പുവരുത്തുമെന്ന് അഹമ്മദ് അല്‍സാ പറഞ്ഞു. എമിറേറ്റിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും സമീപം സുഗമമായ ഗതാഗതം ഉറപ്പാക്കും. ഗതാഗതം നിയന്ത്രിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്‍റുമായി സഹകരിച്ച് ഏകോപനം ഉറപ്പുവരുത്തും. പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പുമായി അഫിലിയേറ്റ് ചെയ്ത പൊലീസ് പട്രോള്‍ ടീമുകളെ പ്രധാന റോഡുകളിലും റൗണ്ടെബൗട്ടുകളിലും പ്രധാന വിദ്യാലയങ്ങളിലും വിന്യസിക്കുമെന്നും അഹമ്മദ് അല്‍സാം തുടര്‍ന്നു.
റാക് സമഗ്ര പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയനുസരിച്ച് പ്രധാന വിദ്യാഭ്യാസ മന്ദിരങ്ങളെയും സ്കൂളുകളെയും പ്രതിനിധീകരിക്കുന്ന ഹോട്ട്സ്പോട്ടുകളുടെ അവലോകനവും യോഗത്തില്‍ നടന്നു. ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ഈ ഹോട്ട്സ്പോട്ടുകളില്‍ രാവിലെയും ഉച്ചക്കും പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തും. അധ്യയന വര്‍ഷത്തിന്റെ തുടക്കദിവസം രാവിലെ 6.30 മുതല്‍ രാവിലെ 8.30 വരെയും ഉച്ചക്ക് 1.30 മുതല്‍ ഉച്ചക്ക് 2.30 വരെയും ഈ മേഖലയില്‍ പൊലീസ് പട്രോളിങ് ടീം പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
AXASAAS