അബുദാബി ബസ് സർവ്വീസ് : ഇടവേളകളുടെ ദൈർഘ്യം 15 മിനിറ്റായി കുറച്ചു

അബുദാബി : അബുദാബി ബസ് സർവ്വീസിൽ സമഗ്ര മാറ്റം കൊണ്ടുവന്നു അബുദാബി പൊതുഗതാഗത വകുപ്പ്. കഴിഞ്ഞ ദിവസം മുതൽ മാറ്റം നിലവിൽ വന്നു. നഗരത്തിലെ ബസുകളുടെ ആവർത്തനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു റൂട്ടിലെ രണ്ട് ബസ്സുകളുടെ ഇടവേളകളുടെ ദൈർഘ്യം 30 മിനുട്ടിൽ നിന്നും 15 മിനിറ്റായി കുറച്ചു.
സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളിൽ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കും. അബുദാബി, അൽ ഐൻ നഗരങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള റൂട്ടുകളിൽ ഈദുൽ ഫിത്വറിന്റെ ഒന്നാം ദിവസം മുതൽ പുതിയ പരിഷ്ക്കാരങ്ങൾ നിലവിൽ വന്നതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി) അധികൃതർ അറിയിച്ചു. പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കാൻ പൊതു ജനങ്ങൾ ശ്രദ്ധിക്കണമെന്നും പബ്ലിക്ക് ട്രാൻസ്പോർട് അതോറിറ്റി അധികൃതർ വ്യക്തമാക്കി.
വിപുലമായ പഠനങ്ങൾക്ക് ശേഷമാണ് ബസ് ലൈനുകളിലെ മാറ്റങ്ങൾ നിലവിൽ വന്നതെന്ന് ഐ.ടി.സി അധികൃതർ അറിയിച്ചു. പൊതുഗതാഗത ഉപയോക്താക്കൾക്ക് ഉയർന്ന തോതിൽ സൗകര്യങ്ങൾ പ്രധാനം ചെയ്യുന്നതിനുള്ള സമഗ്ര റോഡ് ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിന് ശേഷമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതെന്ന് പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി.
അൽ റീം ദ്വീപ്, അൽ മഖ്താ ഈസ്റ്റ്, അബുദാബി ഗേറ്റ് സിറ്റി, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അൽ റഹ ബീച്ച്, യാസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചത്.