യു.എ.ഇയിൽ പുരുഷനും സ്ത്രീക്കും തുല്യജോലിക്ക് തുല്യവേതനം
ദുബൈ : തൊഴിൽ സ്ഥലത്ത് ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് യു.എ.ഇ മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യു.എ.ഇയിൽ തുല്യവേതനം ലഭിക്കും. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലിംഗവിവേചനമില്ലാതെ തുല്യഅവകാശങ്ങൾ ഉറപ്പാക്കുന്നതാണ് യു.എ.ഇ ഭരണഘടന. ഭരണഘടനാപരമായ ഈ അവകാശം കൃത്യമായി നടപ്പാക്കുന്നെന്ന് പുതിയ നിയമം ഉറപ്പുവരുത്തുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ സപ്തംബറിൽ ലോകത്താദ്യമായി സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്ന ജെൻഡർ ബാലൻസ് ഗൈഡ് യു.എ.ഇ. പുറത്തിറക്കിയിരുന്നു. യു.എ.ഇ.യിലെ പൊതുസ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. യു.എ.ഇ.യുടെ ഭാവിപദ്ധതികൾ നടപ്പാക്കാൻ സ്ത്രീകളുടെ സംഭാവനകൾ തുല്യരീതിയിൽ ഉണ്ടാകണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് തുല്യ ജോലിക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനം.

