അന്താരാഷ്ട്ര മോഷണ സംഘം ദുബൈയിൽ അറസ്റ്റിൽ
ദുബൈ : നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കവർച്ച നടത്തുന്ന 25 അംഗ രാജ്യാന്തര സംഘത്തെ പോലീസ് പിടികൂടി. ബാങ്ക് അക്കൗണ്ടുകൾ ചോർത്തിപണം തട്ടുന്നതിൽ വൈദഗ്ധ്യം നേടിയ 24 തായ്‌ലൻഡ് സ്വദേശികളെയും ഒരു തായ്‌വാൻ സ്വദേശിയെയും ദുബൈ പോലീസ് തന്ത്രപരമായി കീഴ്പ്പെടുത്തുകയായിരുന്നു.
ഒട്ടേറെ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വനിതകൾ ഉൾപ്പെട്ട സംഘത്തിൽനിന്ന് 150 സ്മാർട് ഫോണുകൾ, 40 ലാപ് ടോപ്പുകൾ, അക്കൗണ്ട് വിവരങ്ങൾ ചോർത്താനും മറ്റുമുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഇവർ 32 ലക്ഷം ഡോളർ കവർച്ച ചെയ്തിട്ടുണ്ടെന്ന് ദുബൈ പോലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. തായ്‌ലൻഡിലും മറ്റു ചില രാജ്യങ്ങളിലും തട്ടിപ്പു നടത്തിയിട്ടുള്ള സംഘത്തിനായി രാജ്യാന്തര തലത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു.
തായ്ലൻഡ് അധികൃതർ ഇവരെക്കുറിച്ചു ചില വിവരങ്ങൾ കൈമാറുകയുംചെയ്തു. എമിറേറ്റിലെ പ്രധാന താമസമേഖലയിൽ താമസിച്ചു പുതിയ തട്ടിപ്പുകൾആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഈ 25 അംഗ സംഘം ദുബൈ പോലീസിന്റെ പിടിയിലായത്.

