യു.എ.ഇയിൽ ദേശീയ കുടുംബ നയം രൂപീകരിച്ചു
അബുദാബി : യു.എ.ഇ.യിൽ ദേശീയ കുടുംബനയം രൂപവൽക്കരിച്ചു. സുസ്ഥിരവും സമൃദ്ധവുമായ കുടുംബം എന്ന ലക്ഷ്യത്തോടെയാണ് പുതിയ കുടുംബനയം രൂപീകരിച്ചിരിക്കുന്നത്.യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയിൽ കുടുംബങ്ങളിലുള്ള തങ്ങളുടെ താൽപ്പര്യമാണ് ദേശീയ കുടുംബ നയം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിന് പ്രകാരമാണിത്.
യു.എ.ഇ. 2021 പദ്ധതി പ്രകാരം സ്വദേശി കുടുംബങ്ങളുമായിമാത്രം ബന്ധപ്പെട്ടുള്ളതാണ് നയം. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് നയ പ്രഖ്യാപനം നടന്നത്.
സുസ്ഥിര കുടുംബവികസനത്തിന് ആവശ്യമായതും അല്ലാത്തതുമായ കാര്യങ്ങൾ മുഴുവൻ സ്വദേശി കുടുംബങ്ങൾക്ക് നയത്തിലൂടെ വ്യക്തമാക്കും.

