വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് : അബുദാബിയിൽ 82 പേർക്കെതിരെ വിചാരണ
അബുദാബി : വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ പ്രവേശിച്ച കേസിൽ 82 തൊഴിലാളികൾ അബുദാബിയിൽ വിചാരണ നേരിടുന്നു. സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ഏജന്റുമാരും ബ്രോക്കർമാരും വിചാരണ നേരിടുന്നുണ്ട്. 2000 ദിർഹമാണ് ഒരു സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്നത്. വൈദ്യപരിശോധനക്ക് വിധേയരാകാതെ വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി അബുദാബിയിൽ റസിഡന്റ്സ് വിസ നടപടിക്കു ശ്രമിച്ചവരാണ് വിചാരണ നേരിടുന്നത്. 76 പുരുഷന്മാരും ആറു സ്ത്രീകളുമുൾപ്പെടെയുള്ള പ്രതികൾ വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്നാണ് അബുദാബി ക്രിമിനൽ കോടതിയുടെ കണ്ടെത്തൽ.
രോഗ ബാധിതരായ ആളുകളിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് 1200 മുതൽ 2000 ദിർഹം വരെ പണം ഈടാക്കിയ ഏജന്റുമാരും ബ്രോക്കർമാരുമാണ് വ്യാജ രേഖകളുണ്ടാക്കി ജനങ്ങളിൽ നിന്ന് പണമീടാക്കിയ കേസിൽ വിചാരണ നേരിടുന്നത്. മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളുടെ സ്റ്റാന്പടിച്ച് വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തൊഴിലാളികൾക്ക് വിറ്റഴിച്ചതാണ് ഇവർക്കെതിരെയുള്ള കേസ്.
പുതിയ എമിറേറ്റ് ഐഡി ഉണ്ടാക്കുന്നതിനും തൊഴിൽ വിസ പാസ്പോർട്ടിൽഅടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമാണ് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പ്രതികൾ സമർപ്പിച്ചതെന്ന് അധികൃതർ കണ്ടെത്തി. എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റിയിലെ ജീവനക്കാരനാണ് ഏഷ്യൻ വനിത സമർപ്പിച്ച മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയിക്കുന്നതായി കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. തുടർ അന്വേഷണത്തിലും പരിശോധനകളിലുമാണ് സമർപ്പിച്ച ഒട്ടേറെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ബോധ്യമായത്. ഫിറ്റ്നസ് ടെസ്റ്റുകളിൽ ആദ്യം പരാജയപ്പെട്ട ചില തൊഴിലാളികൾ വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ അധികാരികൾക്ക് സമർപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

