വീഡിയോ കോളിംഗിന് പുതിയ സംവിധാനവുമായി യു.എ.ഇയിലെ ടെലികോം കന്പനികൾ
ദുബൈ : വീഡിയോ ചാറ്റിംഗ് സംവിധാനമായ സ്കൈപ്പ് നിരോധിച്ചതിന് പിന്നാലെ യു.എ.ഇയിലെ ടെലികോം കന്പനികൾ വീഡിയോ കോളിംഗിന് പുതിയ സംവിധാനവുമായി രംഗത്തെത്തി. മാസം 50 ദിർഹം മുടക്കിയാൽ ലോകത്ത് എവിടേക്കും ഇന്റർനെറ്റ് വഴി വീഡിയോ കോൾ നടത്താവുന്ന സൗകര്യമാണ് ടെലികോം കന്പനിയായ ഇത്തിസലാത്ത് ഒരുക്കുന്നത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇയിൽ സ്കൈപ്പിന് വിലക്ക് ഏർപ്പെടുത്തിയത്. യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് ഇന്റർനെറ്റ് വഴി വീഡിയോ, ഓഡിയോ കോൾ ചെയ്യാൻ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. സീ മീ, അല്ലെങ്കിൽ ബോട്ടിം എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിൽ ഏതെങ്കിലുമൊന്ന് ഡൗൺലോഡ് ചെയ്യണം.
കോൾ സ്വീകരിക്കുന്നവരുടെ മൊബൈലിലും ഈ ആപ്ലിക്കേഷൻ വേണം. മൊബൈൽ ഫോണിലെ ഡാറ്റ ഉപയോഗിച്ചാണ് വീഡിയോ കോൾ ചെയ്യുന്നതെങ്കിൽ മാസം 50 ദിർഹം ഇതിനായി ഈടാക്കും.
പ്രീപെയ്ഡ് കാർക്കും, പോസ്റ്റ്പെയ്ഡുകാർക്കും ആപ് ഇന്റസ്റ്റാൾ ചെയ്താൽ 1012 എന്ന നന്പറിലേക്ക് എസ്.എം.എസ് അയച്ച് ഇന്റർനെറ്റ് കോൾ ആക്ടിവേറ്റ് ചെയ്യാം. ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് നെറ്റ് കണക്ഷനുള്ളവർക്ക് മാസം 100 ദിർഹം മുടക്കിയാൽ വൈഫൈ മുഖേനയും ഈ സംവിധാനം ഉപയോഗിക്കാം.
മൊബൈൽ ഡാറ്റയിൽ ഒരാൾക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ എങ്കിൽ രജിസ്റ്റർ ചെയ്ത വൈഫൈ സംവിധാനത്തിൽ കൂടുതൽ പേർക്ക് വീഡിയോ കോൾ നടത്താം. ഭാവിയിൽ ഇത്തരം കൂടുതൽ ആപ്ലിക്കേഷനുകൾക്ക് അനുമതി ലഭിച്ചേക്കാമെന്നും സൂചനയുണ്ട്. പുതിയ സംവിധാനത്തെ പ്രവാസികളും സ്വാഗതം ചെയ്യുകയാണ്.

