രാജ്യത്തിന്റെ സഹിഷ്ണുതാ പാരന്പര്യത്തിൽ അഭിമാനം: ദുബൈ ഭരണാധികാരി
ദുബായ് : രാജ്യത്തിന്റെ സഹിഷ്ണുതാ പാരന്പര്യത്തിൽ അഭിമാനിക്കുന്നുവെന്ന് യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ ഇന്ന് അന്താരാഷ്ട്ര സഹിഷ്ണുതാദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിൽ
നൽകിയ സന്ദേശത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പരാമർശങ്ങൾ.
അന്തരിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ദുബൈ ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് അൽ മക്തൂം എന്നിവർ പകർന്ന ഉദാത്തമാതൃകകളാണ് രാഷ്ട്രം ഇന്നും ഉയർത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ മജ്‌ലിസുകൾ ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നതായി അദ്ദേഹം പറഞ്ഞു. ‘‘എന്റെ പിതാവ് ഷെയ്ഖ് റാഷിദിന്റെ, നാൽപതുവർഷം മുന്പത്തെ മജ്‌ലിസ് ഓർമയിലെത്തുകയാണ്’’- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അവിടെ കുട്ടികളെന്നോ മുതിർന്നവരെന്നോ, ബിരുദധാരികളെന്നോ, ഇല്ലാത്തവരെന്നോ, ഗോത്രവർഗക്കാരായ ബദുക്കളെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുകൂടിയിരുന്നു. വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്ക് അവിടെ സ്ഥാനമേ ഇല്ലായിരുന്നു. ഷെയ്ഖ് റാഷിദിന്റെ കണ്ണുകളിൽ എല്ലാവരും തുല്യർ. അവരെല്ലാം ഷെയ്ഖ് റാഷിദുമായി വളരെ അടുപ്പമുള്ളവരായിരുന്നു. സ്വദേശികളോടൊപ്പം വിദേശികൾക്കും തുല്യപരിഗണന ലഭിച്ചു. യു.എ.ഇ രൂപീകരണത്തിന് ശേഷം ഷെയ്ഖ് സായിദിനെ കൂടുതൽ അടുത്തറിയാൻ അവസരം ലഭിച്ചു.
കെട്ടിടങ്ങളുടെ ഉയരമോ, റോഡുകളുടെ വീതിയോ ഷോപ്പിങ് മാളുകളുടെ വിശാലതയോ അല്ല രാഷ്ട്രത്തിന്റെ അഭിമാനം. തുറന്ന മനഃസ്ഥിതിയും സഹിഷ്ണുതയുമാണ് ഇമാറാത്തികളുടെ കൈമുതൽ എന്ന് −ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
സഹിഷ്ണുതയ്ക്കു വേണ്ടിയുള്ള ദേശീയ പരിപാടികൾക്ക് ദുബൈ ഭരണാധികാരി അംഗീകാരം നൽകി. മതം, വർഗം, വർണം എന്നീ വ്യത്യാസങ്ങളില്ലാതെ രാജ്യത്തെ ജനത ഒത്തൊരുമയോടെ ജീവിക്കുന്നു. രാജ്യത്തെ ജനങ്ങൾക്കിടയിലും സ്ഥാപനങ്ങൾക്കിടയിലും രാജ്യാന്തര തലത്തിലും സഹിഷ്ണുതാ സംസ്കാരം പ്രചരിപ്പിക്കുക എന്നത് യു.എ.ഇ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് സഹിഷ്ണുതാ മന്ത്രിയും സായിദ് യൂണിവേഴ്സിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ ലുബ്ന ബിന്ത് ഖാലിദ് അൽ ഖാസിമി പറഞ്ഞു. രാജ്യാന്തര സഹിഷ്ണുതാ ദിനാചരണം സായിദ് യൂണിവേഴ്സിറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

