ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (US Navy’s 5th Fleet) സർവീസ് സെന്ററിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം. ബഹ്‌റൈൻ ഗവൺമെന്റിന് കീഴിലുള്ള നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഗൾഫ് മേഖല, ചെങ്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന വിശാലമായ സമുദ്രമേഖലയുടെ സുരക്ഷാ ചുമതലയുള്ള യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്‌റൈനിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്.
മിസൈൽ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ, ബഹ്‌റൈന് മുകളിൽ മിസൈൽ, ഡ്രോൺ ഭീഷണികൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ (Shelter-in-place) ബഹ്‌റൈനിലെ യുഎസ് എംബസി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ രാജ്യം ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്.
aa


