പോർച്ചുഗൽ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി രംഗത്ത്

മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ പരിഗണിക്കാതിരുന്ന പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.
‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചുകാണാൻ നിങ്ങൾക്ക് കഴിയില്ല. അർഹതയില്ലാത്ത ഒരാൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മൾ തോറ്റിട്ടില്ല, നമ്മൾ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു’- ജോർജിന കുറിച്ചു.
മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗീസ് നായകൻ റൊണാൾഡോ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവിൽ നിശ്ചിത സമയമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിൽ മൊറോക്കോ സെമി ഫൈനൽ ബെർത്തുറപ്പിച്ചു.
നാല് വർഷങ്ങൾക്ക് ശേഷം 2026-ൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുക എന്നത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവിൽ 37 വയസുണ്ട് താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തിൽ മുത്തമിടാനാവാതെ നീങ്ങുകയാണ് ക്രിസ്റ്റ്യാനോ.
AA