തകര്‍പ്പൻ സെഞ്ചുറിയുമായി രഹാനെ; ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്
മെല്‍ബൺ: ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മെല്‍ബണിൽ ഓസീസിന്റെ 195-നെതിരെ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുന്പോള്‍ അഞ്ചിന് 277 എന്ന നിലയിലാണ്. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രഹാനെയുടെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യയുടെ പ്രതീക്ഷള്‍ക്ക് നിറം പകര്‍ന്നത്. 40 റണ്‍സുമായി രവീന്ദ്ര ജഡേജ അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ട്.
രഹാനെയുടെ സെഞ്ചുറി തന്നെയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. 200 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ശാന്തനായി ഒരറ്റത്ത് നിന്ന രഹാനെ ടീമിനെ ലീഡിലേക്ക് നയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് രഹാനെ അവസാനമായി സെഞ്ചുറി നേടുന്നത്. ജഡേജയാവട്ടെ ക്യാപ്റ്റന് വേണ്ട പിന്തുണയും നല്‍കി. ഇരുവരും 104 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിൽ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ.
