അഡ്വ. ടി.ഒ മോഹനൻ കണ്ണൂർ കോർപറേഷൻ മേയറാകും
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് മോഹനനെ മേയറായി തെരഞ്ഞെടുത്തത്. ആകെയുള്ള 20 അംഗങ്ങളിൽ 11 പേരുടെ പിന്തുണ മോഹനന് ലഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ദിവസങ്ങൾ നീണ്ട ചർച്ചകൾ സമവായത്തിലെത്താതിരുന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.
എന്നാൽ, വോട്ടെടുപ്പ് നടന്നില്ലെന്നും സമവായത്തിലൂടെയാണ് മേയറെ കണ്ടെത്തിയത് എന്നുമാണ് കെ സുധാകരന്റെ പ്രതികരണം. വൈകീട്ട് ലീഗ് കൗൺസിലർമാരുടെ യോഗം ചേർന്ന് ഡപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കും. അതിന് ശേഷം യുഡിഎഫിന്റെ സംയുക്ത പാർലമെന്ററി പാർട്ടി യോഗവും ചേരും.
