16 വര്‍ഷത്തിനു ശേഷം പാകിസ്ഥാനില്‍ കളിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
ഇസ്ലാമാബാദ്: 16 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാക്ക് മണ്ണിലേയ്ക്ക്. രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കായാണ് ഇംഗ്ലണ്ട് ടീം പാക്കിസ്ഥാനിലെത്തുന്നത്. 2021 ഒക്‌ടോബര്‍ 14, 15 ദിവസങ്ങളിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പട പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതുസംബന്ധിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തി.
കറാച്ചിയിലാണ് മത്സരങ്ങള്‍ നടക്കുക. 2021 ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ഇംഗ്ലണ്ടിന്റെ പാക്ക് പര്യടനം. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബുധനാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഇംഗ്ലണ്ടിനെ പര്യടനത്തിനായി ജനുവരിയിലേയ്ക്കാണ് ക്ഷണിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇംഗ്ലണ്ട് പര്യടനം മുന്നോട്ട് നീട്ടിവെയ്ക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കായി 2021 ഒക്‌ടോബറില്‍ ഇംഗ്ലണ്ട് എത്തുന്നുവെന്ന് പാക്ക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വസിം ഖാന്‍ ആണ് അറിയിച്ചത്. 2005 ലാണ് അവസാനമായി ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാനിലെത്തിയത്. 2005 ലെ പര്യടനത്തില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും കളിച്ചിരുന്നു. തുടര്‍ന്ന് 2012ലും 2015ലും ഇരു ടീമുകളും തമ്മിലുള്ള ട്വിരാഷ്ട്ര മത്സരത്തിന് യുഎഇ ആണ് വേദിയായത്.

