ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്ന് ആരാധകരോട് ബ്രാവോ

ചെന്നൈ സൂപ്പർ കിംഗ്സ് ഇങ്ങനെ തകരുമെന്ന് കരുതിയില്ലെന്ന് ടീം അംഗവും വിൻഡീസ് ഓൾറൗണ്ടറുമായ ഡ്വെയിൻ ബ്രാവോ. പരുക്കേറ്റതിനെ തുടർന്ന് പാതിവഴിയിൽ ഐപിഎൽ മതിയാക്കി ബ്രാവോ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്രാവോ രംഗത്തെത്തിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.
“ഇത് വിഷമകരമായ വാർത്തയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് വിടുന്നതിൽ സങ്കടമുണ്ട്. ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. ആരാധകരോ ഞങ്ങളോ പ്രതീക്ഷിച്ച ഒരു സീസൺ ആയിരുന്നില്ല ഇത്. പക്ഷേ, ഞങ്ങൾ പരമാവധി ശ്രമിച്ചു. ചിലപ്പോൾ പരമാവധി ശ്രമിച്ചാലും ഫലം ഉണ്ടാവില്ല. ഞങ്ങളെ ഇനിയും പിന്തുണയ്ക്കണം. ചാന്പ്യന്മാരെപ്പോലെ ഞങ്ങൾ തിരികെ വരുമെന്ന് ഞാൻ ഉറപ്പ് നൽകുകയാണ്. ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിൽ പെട്ട ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ സിഎസ്കെ ആരാധകരും അംഗങ്ങളും എന്ന നിലയിൽ നമ്മൾ അഭിമാനിക്കണം”- തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബ്രാവോ പറഞ്ഞു.