സമനിലക്കുരുക്ക്: ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾക്ക് വീണ്ടും കനത്ത തിരിച്ചടി. സെൽറ്റാവിഗോയ്ക്കെതിരെ രണ്ടുതവണ ലീഡെടുത്തിട്ടും ബാഴ്സ സമനില (2−2) വഴങ്ങി. ഇരുപതാം മിനിറ്റിലും 67−ാം മിനിറ്റിലും ലൂയി സുവാരസാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. എന്നാൽ 50−ാം മിനിറ്റിൽ ഫ്യോദോർ സ്മോളോവിലൂടെ ആദ്യം ഒപ്പമെത്തിയ സെൽറ്റ കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ലാഗോ അസ്പാസിലൂടെ സമനില പിടിച്ചു.
സമനിലയോടെ പോയന്റ് പട്ടികയിൽ 32 കളികളിൽ 69 പോയന്റുമായി മുന്നിലെത്തിയെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച റയലിന് അടുത്ത മത്സരത്തിൽ ജയിക്കാനായാൽ ബാഴ്സയെക്കാൾ രണ്ട് പോയന്റ് ലീഡ് സ്വന്തമാക്കാം. ചൊവ്വാഴ്ച പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എസ്പാന്യോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരമെന്നത് അവർക്ക് മുൻതൂക്കം നൽകുന്നു.

