ഇറ്റാലിയൻ ഫുട്‌ബോൾ ലീഗും പുനരാരംഭിക്കുന്നു

റോം: ജർമൻ ലീഗിനുപിന്നാലെ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗും പുനരാരംഭിക്കുന്നു. ജൂൺ 13ന് മത്സരങ്ങൾ തുടങ്ങിയേക്കും. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ. കോവിഡ് കാരണം മാർച്ച് ഒമ്പതിനാണ് ഇറ്റലിയിൽ ഫുട്‌ബോൾ നിർത്തിയത്. 12 റൗണ്ട് കളികളാണ് ഇനി ബാക്കിയുള്ളത്.
കഴിഞ്ഞദിവസം ചേർന്ന വീഡിയോ യോഗത്തിലാണ് ജൂൺ 13ന് ലീഗ് തുടങ്ങാൻ അധികൃതർ തീരുമാനമെടുത്തത്. ലീഗിലെ 20 ക്ലബ്ബുകളും പുനരാരംഭിക്കാനുള്ള നീക്കത്തിൽ ഉറച്ച പിന്തുണയും നൽകി. ഇതോടെ പുതിയ തീയതിയുമായി സർക്കാരിന്റെ മുന്നിലെത്തിയിരിക്കുകയാണ് ഫെഡറേഷൻ. സർക്കാർ നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ലീഗ് നടത്തുകയെന്ന് ഫെഡറേഷൻ ഉറപ്പുനൽകിയിട്ടുണ്ട്. വിഷയത്തോട് ഇറ്റാലിയൻ കായികമന്ത്രിയും അനുകൂലമായി പ്രതികരിച്ചു. ‘നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഫെഡറേഷൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്’–- കായികമന്ത്രി വിൻസെൻസോ സ്‌പദാഫോറ പറഞ്ഞു. മെയ് ആദ്യംമുതൽ കളിക്കാർക്ക് വ്യക്തിപരമായി പരിശീലനത്തിന് അനുമതി നൽകിയിട്ടുണ്ട്. 18 മുതൽ കളിക്കാർക്ക് ഒന്നിച്ച് പരിശീലിക്കാം.
കോവിഡ് ഏറ്റവുമധികം വ്യാപിച്ച ലീഗാണ് ഇറ്റലിയിലേത്. നിരവധി കളിക്കാർക്കാണ് വൈറസ് ബാധിച്ചത്. കഴിഞ്ഞയാഴ്‌ച ഫിയന്റിനയുടെയും ടോറിനോയുടെയും അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. നാലുവട്ടം നടത്തിയ പരിശോധനയിലും കോവിഡ് കണ്ടെത്തിയ യുവന്റസ് മുന്നേറ്റക്കാരൻ പൗലോ ഡിബാല രോഗം മാറി പരിശീലനത്തിന് ഇറങ്ങി. അറുപത്തിമൂന്ന് പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ യുവന്റസാണ് ലീഗിൽ ഒന്നാമത്. ലാസിയോ (62) തൊട്ടുപിന്നാലെയുണ്ട്. ഇന്റർ മിലാനാണ് (54) മൂന്നാമത്.